വിവാഹം കഴിഞ്ഞിട്ടാണ് റിയല്‍ ലവ് എന്ന് മോനിഷ പറഞ്ഞിരുന്നു! വിവാഹത്തെ കുറിച്ച് ജോത്സ്യന്‍ പറഞ്ഞതിനെ പറ്റി നടി
നടി മോനിഷയെ ഇന്നും മലയാളികള്‍ മറക്കില്ല. ചെറിയ പ്രായത്തില്‍ സിനിമയിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ നടി ഒരു വാഹനാപകടത്തിലാണ് മരണപ്പെടുന്നത്. ജീവിച്ചിരുന്ന കാലത്ത് എല്ലാ കാര്യങ്ങളും വളരെ പക്വതയോടെ ചെയ്തിരുന്ന ആളായിരുന്നു മോനിഷയെന്ന് അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അവളുടെ വിവാഹക്കാര്യം മാതാപിതാക്കളായ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മോനിഷ പറയുമായിരുന്നു. പ്രേമ വിവാഹത്തെ കുറിച്ച് തന്റെ ചോദ്യത്തിന് മകള്‍ പറഞ്ഞ മറുപടിയെ കുറിച്ച് പറയുകയാണ് ശ്രീദേവിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ജ്യോതിഷത്തിലൊക്കെ എനിക്ക് വിശ്വാസമുണ്ട്. എല്ലാവരും എഴുതുന്നത് ശരിയാവണമെന്നില്ല. എന്റെ മകന്റെ ജാതകം എഴുതിയത് കണ്ണ് പോലും കാണാത്ത ഒരാളായിരുന്നു. പിന്നെ മോനിഷയുടെ ജാതകം നോക്കി ഒരു ജോത്സ്യന്‍ പറഞ്ഞത് അടുത്ത ചിങ്ങമാസം കഴിഞ്ഞിട്ടേ ഈ കുട്ടിയ്ക്ക് കല്യാണം നോക്കാവൂ എന്ന് മാത്രമാണ്. ആ സമയത്ത് അവള്‍ക്ക് ഇരുപത്തിയൊന്ന് വയസേ ഉള്ളു. അപ്പോള്‍ കല്യാണത്തിന് തിരക്ക് കൂട്ടേണ്ട കാര്യമില്ലല്ലോ എന്ന് മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളു.
എന്റെ അമ്മയ്‌ക്കൊക്കെ അവളെ വേഗം കല്യാണം കഴിപ്പിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പെണ്‍കുട്ടി അവളായിരുന്നു. അവളെ അങ്ങനെ ചെയ്യിപ്പിക്കണം, ഇങ്ങനെയാക്കണം എന്നൊക്കെ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്റെ കല്യാണത്തിനെ പറ്റി അമ്മ ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്താണെന്ന് ചോദിച്ച് അവളെന്നെ കളിയാക്കാറുണ്ട്.

നിനക്ക് പ്രേമം ഒന്നുമില്ലല്ലോ എന്ന് ഞാന്‍ അങ്ങോട്ട് ചോദിക്കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അത്രയും നല്ല സൗഹൃദം ഉണ്ടായിരുന്നു. പ്രേമമൊക്കെ കല്യാണം കഴിഞ്ഞതിന് ശേഷമേയുള്ളു. അങ്ങനെ വിശ്വസിച്ചിരുന്ന ആളാണ്. റിയല്‍ സ്‌നേഹമെന്ന് പറയുന്നത് കല്യാണത്തിന് ശേഷമാണെന്ന് ആ പ്രായത്തിലൊക്കെ അവള്‍ പറയുമായിരുന്നു.
ഞാന്‍ വളരെ റൊമാന്റിക്കാണെന്ന് പറയുമ്പോള്‍ അമ്മ അങ്ങനെയായിരിക്കും. പക്ഷേ ഞാന്‍ അങ്ങനെയല്ലെന്ന് അവള്‍ പറയും. എന്റെ കല്യാണക്കാര്യം അച്ഛന്റെയും അമ്മയുടെയും ചുമതലയാണ്. അതില്‍ നിന്നും ഓടി ഒളിക്കാനോ എന്നോട് അതിനെ പറ്റിയൊന്നും പറയുകയോ ചെയ്യരുത് എന്നൊക്കെ അവള്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
മോനിഷയ്‌ക്കൊപ്പം സിനിമയിലേക്ക് എത്തിയ ശ്രീദേവി മകളുടെ നിഴലായി എപ്പോഴും കൂടെ ഉണ്ടായിരുന്നു. അപകട സമയത്തും മകളുടെ കൂടെ കാറില്‍ ശ്രീദേവി ഉണ്ടായിരുന്നു. എന്നാല്‍ പരിക്കുകളോടെ നടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പലപ്പോഴും മകളെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്.


Click it and Unblock the Notifications











