'ബേബി നമ്പർ 2 ലോഡിങ്...., ഞാൻ വീണ്ടും അമ്മയാകുന്നു'; പുതിയ സന്തോഷം പങ്കുവെച്ച് നടി ശ്രീലക്ഷ്മി ശ്രീകുമാർ!
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയുമായ വ്യക്തിയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ജഗതി ശ്രീകുമാറിന്റെ അപകടത്തിന് ശേഷം നിരന്തരമായി വാർത്തകളിൽ നിറഞ്ഞിരുന്നു ശ്രീലക്ഷ്മി.
തനിക്ക് മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് അപകടത്തില്‍പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ അഭിമുഖം പുറത്തുവന്നത് ജഗതി അപകടത്തില്‍പ്പെട്ടതിന് ശേഷമാണ്.
പിന്നീട് ചികിത്സയ്ക്കെല്ലാം ശേഷം സുഖം പ്രാപിച്ച ജഗതി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി വേദിയിലേക്ക് വന്നതും നടനൊപ്പം ഇരുന്ന് സംസാരിച്ചതും വാർത്തയായിരുന്നു. വളരെ നാളുകൾക്ക് ശേഷം അന്നാണ് ശ്രീലക്ഷ്മി തന്റെ അച്ഛനെ കണ്ടത്.
അപകടത്തിന് ശേഷം ശാരീരികമായ അസ്വസ്ഥതകൾ അലട്ടുന്നതിനാൽ ജഗതി ശ്രീകുമാർ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഒന്നുരണ്ട് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഇപ്പോൾ ദുബായിൽ കുടുംബസമേതം സെറ്റിൽഡാണ്.

റേഡിയോ കേരളത്തിലെ ആർജെയുമാണ് ശ്രീലക്ഷ്മി. സോഷ്യൽമീഡിയയിൽ സജീവമായ നടി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ വീണ്ടും ഒരു അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. 'ബേബി ഓൺ ദി വേ, ന്യൂ എഡിഷൻ, പ്രഗ്നൻസി, ബേബി നമ്പർ 2, പ്രഗ്നൻസി അനൗൺസ്മെന്റ്, പ്രെയേർസ്, ബ്ലെസ്ലിങ്സ്', എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
മൂത്തമകനും ഭർത്താവിനുമൊപ്പം നിറവയറിൽ കളിചിരികളുമായി ഇരിക്കുന്ന ശ്രീലക്ഷ്മിയാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികളും ആരാധകരും അടക്കം നിരവധി പേർ ആശംസകളുമായി എത്തി.
അടുത്തിടെയാണ് മൂത്തമകൻ അര്‍ഹാമിന്റെ ഒന്നാം പിറന്നാൾ ശ്രീലക്ഷ്മിയും കുടുംബവും ആഘോഷിച്ചത്. മകന് ഒരു വയസ് തികയും വരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ശ്രീലക്ഷ്മി പുറത്തുവിട്ടിരുന്നില്ല. ഒന്നാം പിറന്നാൾ ആഘോഷിച്ചശേഷമാണ് കുടുംബചിത്രം പുറത്തുവിട്ടപ്പോൾ മകന്റെ മുഖവും വെളിപ്പെടുത്തിയത്.
'എന്റെ ഏറ്റവും വലിയ അനുഗ്രഹം... അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്. ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം.... ഞങ്ങളുടെ പൊന്നോമന... അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ആവശ്യമാണ്', എന്ന കുറിപ്പോട് കൂടിയാണ് മകന്റെ ചിത്രങ്ങൾ ശ്രീലക്ഷ്മി പങ്കുവെച്ചത്.

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് ശ്രീലക്ഷ്മിയും ജിജിൻ ജഹാംഗീറും വിവാഹിതരായത്. താരനിബിഢമായിരുന്നു വിവാഹവും റിസപ്ഷനുമെല്ലാം. വിവാഹത്തിൽ പങ്കെടുക്കാൻ പക്ഷെ ജഗതി എത്തിയിരുന്നില്ല. അമ്മ മാത്രമാണ് ശ്രീലക്ഷ്മിക്ക് ഉള്ളത്. എറണാകുളത്ത് സേക്രട്ട് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്ലാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നുമാണ് ഭർത്താവിനെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ശ്രീലക്ഷ്മി പറഞ്ഞത്.
കൊല്ലം സ്വദേശിയാണ് പൈലറ്റായ ജിജിൻ. 'ഫുഡും ഡ്രൈവിങുമാണ് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും അത് തന്നെയാണ്. പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം. ജിജിന്റെ വീട്ടിലാണെങ്കിൽ എന്നെ ഒരു മകളെ പോലെയാണ് കാണുന്നത്.'
'എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്', എന്നാണ് ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് സംസാരിച്ച് നടി മുമ്പ് പറഞ്ഞത്. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ശ്രീലക്ഷ്മി. പക്ഷെ അധികനാൾ ഹൗസിൽ തുടരാൻ താരത്തിന് സാധിച്ചില്ല.


Click it and Unblock the Notifications











