'നൈറ്റ് ഡ്രെസ്സിലുള്ള ഭാര്യയുടെ ബ്യൂട്ടി ഫ്രെയിമായിരുന്നു മനസിൽ... പക്ഷെ കണ്ടത് നൈറ്റ് ഡ്രെസിൽ ഒരു അമ്മച്ചിയെ'
അടുത്തിടെ വിവാഹിതരായ താരദമ്പതികളിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതും നടി ശ്രീവിദ്യയുടെയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റേയും വിവാഹമാണ്. ഇരുവരുടെയും വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിലാണ് നടന്നത്. ഹൽദി, സംഗീത്, വിരുന്ന് എല്ലാമായി ഒരാഴ്ചയോളം നീണ്ട് നിന്ന ആഘോഷമായിരുന്നു. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയും രാഹുൽ തിരുവനന്തപുരംകാരനുമാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഇരുവരുടെയും സേവ് ദി ഡേറ്റ് വൈറലായിരുന്നു.
ഗ്ലാമറസ് വേഷം ധരിച്ചുവെന്നതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണവും ശ്രീവിദ്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല വിവാഹ ദിവസം ഓൺലൈൻ മാധ്യമങ്ങളുമായുണ്ടായ പ്രശ്നവും ശ്രീവിദ്യയേയും രാഹുലിനേയും ബാധിച്ചിരുന്നു. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇരുവരുടെയും ഹണിമൂൺ മലേഷ്യക്കായിരുന്നു. ഹണിമൂൺ യാത്രയിലുണ്ടായ വിശേഷങ്ങൾ വ്ലോഗായി സ്വന്തം യുട്യൂബ് ചാനലിലൂടെ ഇരുവരും പങ്കിട്ടിരുന്നു. സിനിമയിൽ മാത്രമല്ല ടിവി ഷോകളിലും സജീവമാണ് ശ്രീവിദ്യ. ഇപ്പോൾ താരം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയുടെ ഭാഗമാണ്. പുതിയ എപ്പിസോഡിൽ ശ്രീവിദ്യയ്ക്കൊപ്പം അതിഥിയായി രാഹുലും കോമഡി മാസ്റ്റേഴ്സ് ഷോയുടെ വേദിയിൽ എത്തിയിരുന്നു.
ഹണിമൂണിനുശേഷം ഇരുവരും പങ്കെടുത്തെ ആദ്യത്തെ ടെലിവിഷൻ ഷോയായതുകൊണ്ട് തന്നെ ഹണിമൂൺ ട്രിപ്പിനെ കുറിച്ചും മറ്റ് വിശേഷങ്ങളും ഇരുവരും പങ്കിട്ടു. എങ്ങനെയുണ്ടായിരുന്നു ഹണിമൂണെന്ന് അവതാരക എലീന പടിക്കൽ ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് രാഹുൽ പറഞ്ഞത്.
നൈറ്റ് ഡ്രെസ്സിൽ നിൽക്കുന്ന ഭാര്യയുടെ ബ്യൂട്ടി ഫ്രെയിം പ്രതീക്ഷിച്ച തനിക്ക് കിട്ടിയത് നൈറ്റ് ഡ്രെസിൽ ഒരു അമ്മച്ചിയുടെ ഫ്രെയിമാണെന്നാണ് രാഹുൽ പറഞ്ഞത്. കാരണം ഹണിമൂൺ ദിവസങ്ങളിൽ എല്ലാം ശ്രീവിദ്യയ്ക്ക് ജലദോഷമായിരുന്നത്രെ. മലേഷ്യക്കാണ് ഞങ്ങൾ ഹണിമൂൺ പോയത്. കല്യാണം കഴിഞ്ഞ് കഴിയുമ്പോൾ ചെക്കന് ഒരു തോട്ടുണ്ടാകുമല്ലോ... രാവിലെ എഴുന്നേൽക്കുമ്പോൾ നൈറ്റ് ഡ്രെസ്സിൽ നിൽക്കുന്ന ഭാര്യയുടെ ഒരു ബ്യൂട്ടി ഫ്രെയിമാകുമല്ലോ നമ്മുടെ മനസിലുണ്ടാവുക.
അങ്ങനൊരു ഫ്രെയിം കാണാൻ വേണ്ടിയാണ് രാവിലെ എഴുന്നേൽക്കുന്നത് തന്നെ. ഫൈവ് സ്റ്റാർ ഹോട്ടൽ കൂടിയായിരുന്നു. പക്ഷെ ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് നൈറ്റ് ഡ്രെസിൽ ഒരു അമ്മച്ചി അവിടെയുണ്ടായിരുന്ന കെറ്റിലിൽ വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതാണ്. കാരണം ചിന്നുവിന് ജലദോഷമായിരുന്നു.

ഞങ്ങളുടെ ഹണിമൂണിൽ ഒരു അഞ്ച് ദിവസം ഇതായിരുന്നു കാഴ്ച എന്നാണ് രാഹുൽ പറഞ്ഞത്. നിനക്ക് അഞ്ച് നൈറ്റി ഞങ്ങൾ തന്നിരുന്നില്ലേ... നീ അതൊന്നും ഇട്ടില്ലേ... എന്നാണ് രാഹുലിന്റെ പരാതി കേട്ടപ്പോൾ ശ്രീവിദ്യയോട് നടി ശ്വേത മേനോൻ ചോദിച്ചത്. ആ നൈറ്റികളെല്ലാം ലൂസായിരുന്നു... എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.
ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകൾ. സ്റ്റാർ മാജിക്ക് എന്ന ഷോയുടെ ഭാഗമായ ശേഷമാണ് ശ്രീവിദ്യയ്ക്ക് കുടുംബപ്രേക്ഷകരെ ലഭിച്ചത്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ.
2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി രാഹുൽ സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.


Click it and Unblock the Notifications