14ാം വയസിൽ നായിക; തടി വെക്കാതാരിക്കാൻ; വീട്ടിൽ നിന്ന് ചോറ് തന്നില്ല; അമ്മ ദിവസവും ഭാരം നോക്കി; സുലക്ഷണ
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമായിരുന്ന നടിയാണ് സുലക്ഷണ. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന സുലക്ഷണ 14ാം വയസിൽ നായികയായി അരങ്ങേറി. 16 വയസാകുമ്പോഴേക്കും തിരക്കുള്ള നായിക നടിയായി സുലക്ഷണ മാറി. 18ാം വയസിലാണ് സുലക്ഷണ വിവാഹിതയാകുന്നത്. പ്രഗൽഭ സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്റെ മകൻ ഗോപികൃഷ്ണനെയാണ് സുലക്ഷണ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു. ചെറുപ്പകാലം മുതൽ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് സുലക്ഷണയിപ്പോൾ.
ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് സുലക്ഷണ മനസ് തുറന്നത്. ചെറുപ്പത്തിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. ആദ്യ സിനിമ കാവ്യതലൈവിയിൽ ബാലതാരമായി യാദൃശ്ചികമായാണ് എത്തിയത്. ബാലതാരമായി അഭിനയിച്ച ശേഷം പിന്നീട് എന്റെ കരിയർ ഇത് തന്നെയാണെന്ന് കുടുംബം നേരത്തെ തീരുമാനിച്ചിരുന്നു. പഠനത്തിന്റെ സമ്മർദ്ദം തനിക്കൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും സുലക്ഷണ വ്യക്തമാക്കി.

ചെറിയ പ്രായത്തിലേ സിനിമാ താരമായ ശേഷമുണ്ടായ ബുദ്ധിമുട്ട് നമ്മുടെ സ്വാതന്ത്ര്യം പോകുന്നതാണ്. ഇഷ്ടമുള്ള സമയത്ത് റോഡിലൂടെ പോകാൻ പറ്റില്ല. അന്നൊന്നും ഫോൺ ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കില്ല. ആളുകൾ വേണ്ടതും വേണ്ടാത്തതുമെല്ലാം ചോദിക്കും. ഒരു പെൺകുട്ടിയോട് എന്ത് ചോദിക്കാൻ പാടില്ലയോ അതൊക്കെ ചോദിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പറ്റില്ല. കുറേക്കാലം ഞാൻ ചോറ് കഴിച്ചിട്ടില്ല.
അമ്മ വളരെ കർക്കശിയായിരുന്നു. ചെറിയ തോതിൽ വണ്ണം കൂടിയാൽ പോലും അന്ന് ഭക്ഷണം ഉണ്ടാകില്ല. ഭയങ്കരമായി ദേഷ്യം വരും. ആ പ്രായത്തിൽ ആസ്വദിക്കാൻ പറ്റുന്ന ഐസ്ക്രീമോ മറ്റ് ഭക്ഷണങ്ങളോ ഒന്നും കഴിക്കാൻ പറ്റിയില്ല. ദിവസേന അമ്മ ശരീരം ഭാരം നോക്കും. 18ാം വയസിലെ വിവാഹത്തെക്കുറിച്ചും സുലക്ഷണ സംസാരിച്ചു.

ഏഴ് മണിക്ക് കല്യാണം കഴിച്ച് പത്ത് മണിക്ക് സെറ്റിലെത്തിയപ്പോൾ എല്ലാവരും എന്തോ ജീവിയെ പോലെയാണ് എന്നെ നോക്കിയത്. കല്യാണം കഴിഞ്ഞ ശേഷം വീട്ടിലുണ്ടായിരുന്നതിനേക്കാൾ ഷൂട്ടിംഗ് സ്ഥലത്തായിരുന്നു. വീട്ടിൽ വളരെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഷൂട്ടിംഗിന് പോകും. അന്ന് ഫോൺ ഇല്ലാത്തതിനാൽ ഇടയ്ക്കിടെ കോൾ ചെയ്യാൻ പറ്റില്ല. ആറ് മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞാൽ ഓടി വീട്ടിൽ വരുമായിരുന്നെന്നും സുലക്ഷണ ഓർത്തു.
കരിയർ ഗ്രാഫിനെക്കുറിച്ചും സുലക്ഷണ സംസാരിച്ചു. പഴയ കാലത്തെ മിക്ക താരങ്ങൾക്കൊപ്പവും അഭിനയിച്ചു. എന്നാൽ എംജിആറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞില്ല. ഒരു അവസരം വന്നിരുന്നെങ്കിലും ആ സിനിമ തുടങ്ങുന്നതിന് മുമ്പേ അദ്ദേഹം മുഖ്യമന്ത്രിയായി. സിനിമ നടന്നില്ലെന്നും സുലക്ഷണ വ്യക്തമാക്കി. നായിക സ്ഥാനത്ത് നിന്ന് മാറിയ ശേഷ അമ്മ വേഷങ്ങൾ ചെയ്തതിനെക്കുറിച്ചും സുലക്ഷണ സംസാരിച്ചു.
ഈ സീസൺ കഴിയുമ്പോൾ നായികയെന്ന ഗ്ലാമർ പോകും. അതിന് ശേഷം നിങ്ങൾ എന്തുചെയ്യുമെന്ന് ആച്ചിയമ്മ (നടി മനോരമ) ചോദിക്കുമായിരുന്നു. ആറേഴ് കുട്ടികളെ പ്രസവിച്ച് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമെന്ന് ഞാൻ പറയും. അങ്ങനെ പറയരുത്, നീയൊരു നല്ല ആർട്ടിസ്റ്റാണ്. നായികാസ്ഥാനം പോയാൽ ക്യാരക്ടർ റോളുകൾ ചെയ്യ്. പാട്ടിയുടെ വേഷം ലഭിച്ചാൽ പോലും വേണ്ടെന്ന് പറയരുത്. നല്ല ആർട്ടിസ്റ്റായി ഏറെക്കാലം തുടരണമെങ്കിൽ ഏത് വേഷവും ചെയ്യണമെന്ന് ആച്ചിയമ്മ ഉപദേശിച്ചെന്നും സുലക്ഷണ ഓർത്തു.


Click it and Unblock the Notifications