'ഭർത്താവിനോട് ദേഷ്യപ്പെട്ടാൽ ചിലപ്പോൾ അടികിട്ടും, സ്റ്റാഫിനോടാകുമ്പോൾ കുഴപ്പമില്ല, അവർ പണം ചോദിച്ചു'
അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി സുമ ജയറാം. കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് അടക്കം നിരവധി സിനിമകളിൽ നല്ല നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള സുമ ഇന്ന് ഒരു ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. നല്ല വേഷങ്ങൾ കിട്ടിയാൽ ഈ വർഷം തന്നെ സിനിമ ചെയ്ത് തുടങ്ങാനുള്ള പ്ലാനിലാണ് സുമ. മലയാള സിനിമയിൽ സംവിധായകന്റെ അസോസിയേറ്റായി വരെ പ്രവർത്തിച്ചിട്ടുള്ള നടി ഷോർട്ട് ഫിലിം അടക്കമുള്ളവ നിർമിച്ചിട്ടുമുണ്ട്. നാൽപ്പതുകളോട് അടുത്തപ്പോഴായിരുന്നു സുമയുടേയും ബാല്യകാല സുഹൃത്ത് ലല്ലുഷിന്റെയും വിവാഹം.
അമ്പതിനോട് അടുത്തപ്പോഴാണ് സുമയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സുമ സജീവമാണ്. ഇപ്പോഴിതാ ഓൺലുക്കേഴ്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുമ പങ്കിട്ട വിശേഷങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സിനിമാ അനുഭവങ്ങളും വിവാഹം വൈകിയതിനെ കുറിച്ചും യുട്യൂബ് ചാനലിനെ കുറിച്ചുമെല്ലാം നടി വാചാലയായി.

പൊതുവെ എല്ലാവരുടെയും മുന്നിൽ കരയാൻ ഇഷ്ടപ്പെടാത്തയാളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് സുമ സംസാരിച്ച് തുടങ്ങുന്നത്. ഞാൻ കരയാറുണ്ട്. പക്ഷെ മനസിലാണെന്ന് മാത്രം. എന്നുവെച്ച് ഞാൻ കരയാറില്ലെന്ന് അർത്ഥമില്ല. കണ്ണീര് വരുന്നത് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാത്രമാണ്. സഹിക്കാൻ പറ്റാത്ത സാഹചര്യം വരണം. എന്റെ വീട്ടിൽ ഇപ്പോൾ നിൽക്കുന്ന സ്റ്റാഫുകൾക്ക് എന്റെ ശരിക്കുമുള്ള മുഖം അറിയം. എപ്പോഴും കൂടെയുള്ളതുകൊണ്ട് അവർ പറയും... ദേഷ്യപ്പെട്ടിരിക്കുകയാണെങ്കിൽ മാഡം ഒന്നും മിണ്ടാറില്ല.
അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ ചിലപ്പോൾ ഒന്ന് ദേഷ്യപ്പെടും. ജോലിക്ക് എടുത്തപ്പോൾ തന്നെ സ്റ്റാഫിനോട് ഞാൻ പറഞ്ഞിരുന്നു... ഞാൻ ചിലപ്പോൾ ദേഷ്യപ്പെടും ഒന്നും റിയാക്ട് ചെയ്യരുതെന്ന്. കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് ആ സമയത്ത് കൺട്രോൾ ചെയ്യാൻ പറ്റില്ല. ചിലപ്പോൾ ചെറിയ കാര്യത്തിനാകും ഞാൻ ദേഷ്യപ്പെടുന്നത്. അപ്പോൾ അവർ പറയും മനസിലായി മാഡത്തിന് വേറെ എന്തോ പ്രഷർ ഉണ്ടെന്ന്.
യഥാർത്ഥത്തിൽ ദേഷ്യപ്പെടേണ്ട വ്യക്തിയോട് ദേഷ്യപ്പെടാൻ പറ്റുമോ?. ഭർത്താവിനോട് ദേഷ്യപ്പെടാൻ പറ്റുമോ?. അവിടെ പോയി ഒച്ചയെടുത്താൽ ചിലപ്പോൾ രണ്ട് അടികിട്ടും. അതേസമയം സ്റ്റാഫിനോട് ദേഷ്യപ്പെട്ടാൽ കുഴപ്പമില്ലല്ലോ. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും അമ്മയോടാണ് ഞാൻ പറഞ്ഞിരുന്നത്. ആരെങ്കിലും പ്രണയം പറഞ്ഞാൽ പോലും അമ്മയോട് ചോദിക്കും സുമ പറഞ്ഞു. പണ്ടൊക്കെ അച്ഛന്റെ അമ്മ വന്ന് അനാവശ്യങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ വഴക്കും തല്ല് പിടിത്തവും കേൾക്കേണ്ടി വന്നിട്ടുള്ളയാളാണ് എന്റെ അമ്മ.
അതൊക്കെ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് വിവാഹത്തിനോട് എനിക്ക് ഭയങ്കര വെറുപ്പായിരുന്നു. ഫാമിലി സെറ്റപ്പിനോടും. ഞാൻ വിവാഹം കഴിച്ചാലും ഇങ്ങനെ സംഭവിക്കുമോ എന്നൊക്കെയുള്ള തോന്നലായിരുന്നു. അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ട് അമ്മയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് ദേഷ്യം വരുംമെന്നും സുമ പറയുന്നു.

സിനിമയേയും സീരിയലുകളേയും കുറിച്ച് സംസാരിക്കവെ സീരിയലുകാരോടുള്ള അമർഷം അന്നും ഇന്നും സിനിമാക്കാർക്കുണ്ടെന്നും സുമ പറഞ്ഞു. എനിക്ക് ഇപ്പോൾ സീരിയലുകളിലേക്ക് ഒരുപാട് ക്ഷണം വരുന്നുണ്ട്. പക്ഷെ സീരിയലിൽ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണ്. അത്രയും ദിവസം മാറി നിൽക്കാൻ കഴിയില്ലെന്നും നടി വ്യക്തമാക്കി. യുട്യൂബ് വ്ലോഗുകൾ കാരണം ഉണ്ടായിട്ടുള്ള വിചിത്രമായ ഒരു സംഭവവും സുമ വെളിപ്പെടുത്തി.
അടുത്തിടെ തന്റെ ആഭരണ കലക്ഷന്റെ വീഡിയോ സുമ പങ്കിട്ടിരുന്നു. അത് കണ്ട് പണം സഹായം ചോദിച്ച് ചിലർ തന്നെ സമീപിച്ചുവെന്നും നടി പറഞ്ഞു. എന്റെ ആഭരണങ്ങളുടെ വീഡിയോ യുട്യൂബ് ചാനലിൽ വ്ലോഗായി ഇട്ടശേഷം പൈസ സഹായം ചോദിച്ച് വിളി വന്നിരുന്നു. അവർ വേഗം വിളിച്ച് ചോദിക്കുന്നത് പൈസക്കാണ്. അല്ലാതെ ആ പൈസയ്ക്ക് പിന്നിൽ എത്ര പരിശ്രമം ഉണ്ടെന്നത് അവർ മനസിലാക്കുന്നില്ല. ചിന്തിക്കുന്നില്ല. ഇത്രയും സ്വർണ്ണം കൈവശമുണ്ടെങ്കിൽ എന്നാൽ പിന്നെ ഞങ്ങൾക്ക് കുറച്ച് പൈസ തന്നൂടെ എന്ന മട്ടിലാണ് ചോദ്യം.
വേറൊരാളുടെ സ്വർണ്ണം കണ്ട് ഞാൻ ചോദിക്കാൻ പാടില്ല. കാരണം അതിന് പുറകിൽ അവരുടെ എഫേർട്ടുണ്ടാകും. ഞാനും ഒന്നും മിണ്ടിയില്ല. മുമ്പൊക്കെ അവരെ ഞാൻ സഹായിച്ചിരുന്നതാണ്. ഇനി അവരെ സഹായിക്കാൻ മനസില്ലെന്നുമാണ് നടി പറഞ്ഞത്.


Click it and Unblock the Notifications