നടി സുനൈനയെ വിവാഹം ചെയ്യാൻ ഖാലിദ് അൽ അമേരി; മാറ്റവുമായി പൊരുത്തപ്പെടുന്നെന്ന് ആദ്യ ഭാര്യ സലാമ
വിവാഹവും വിവാഹമോചന വാർത്തകളും വിനോദ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വൻ ജനപ്രീതി നേടിയ ദുബായിലെ പ്രശസ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയുടെ വ്യക്തി ജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യൂട്യുബ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഖാലിദ് അൽ അമീരി അടുത്തിടെ നടൻ മമ്മൂട്ടിയെ അഭിമുഖം ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിൽ വലിയ ജനപ്രീതിയുള്ള ഇൻഫ്ലുവൻസർ കപ്പിളായിരുന്നു ഖാലിദും ഭാര്യയായിരുന്നു സലാമ മുഹമ്മദും. എന്നാൽ അടുത്തിടെ ഇരുവരും വേർപിരിയുകയാണുണ്ടായത്.
ഇരുവരുടെയും സംയുക്ത സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. രണ്ട് പേരും പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തു. ജൂലൈ ഒന്നിന് നൽകിയ അഭിമുഖത്തിൽ സലാമ മുഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു. താനും ഖാലിദും വിവാഹ മോചിതരായെന്ന് സലാമ തുറന്ന് പറഞ്ഞു. ഇപ്പോഴിതാ 40 കാരനായ ഖാലിദ് അൽ അമേരി രണ്ടാമത് വിവാഹത്തിനൊരുങ്ങുകയാണ്.

തമിഴ് നടി സുനൈനെയാണ് ഖാലിദ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സുനൈന ഒരാളുമായി കൈകോർത്തിരിക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ലോക്ക് ഇമോജിയുമുണ്ടായിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞതിന്റെ സൂചനയാണ് നടി നൽകിയത്. എന്നാൽ ആരാണ് വരനെന്ന് നടി വ്യക്തമാക്കിയിരുന്നില്ല.
സമാനമായ ഫോട്ടോ ഖാലിദ് അൽ അമേരിയും പങ്കുവെച്ചു. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. വരും ദിവസങ്ങളിൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഖാലിദിന്റെ ആദ്യ ഭാര്യ സലാമ മുഹമ്മദ് വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 14 നാണ് ഖാലിദുമായി പിരിഞ്ഞതെന്ന് സലാമ അന്ന് വ്യക്തമാക്കി.

ജീവിതത്തിൽ വന്ന വലിയ മാറ്റവുമായി പൊരുത്തപ്പെടുകയാണ്. ആദ്യമായാണ് ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത്. വിവാഹത്തിന് മുമ്പ് എന്റെ കുടുംബത്തെ ആശ്രയിച്ചു. വിവാഹ ശേഷം ഭർത്താവിനെയും. പക്ഷെ ഇപ്പോൾ താൻ സ്വതന്ത്രയാണെന്നും സലാമ അന്ന് വ്യക്തമാക്കി. മക്കൾ രണ്ട് പേരും സലാമയ്ക്കൊപ്പമാണുള്ളത്.
തമിഴകത്തെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് നടി സുനൈന. 2005 ൽ പുറത്തിറങ്ങിയ കുമാർ വെർസസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 2008 ൽ കാതലിൽ വിഴുന്തെൻ എന്ന തമിഴ് സിനിമ കരിയറിൽ വഴിത്തിരിവായി. ഇൻസ്പെക്ടർ റിഷി എന്ന സിനിമയിലാണ് സുനൈനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
പുറത്ത് വരുന്ന വാർത്തകളെക്കുറിച്ച് സുനൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ലൈം ലൈറ്റിൽ അധികം ചർച്ചയാകാത്ത നടിയാണ് സുനൈന. സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി സംസാരിക്കാറില്ല. സിനിമാ രംഗത്തും ഒരു ഘട്ടത്തിൽ സുനൈനയ്ക്ക് ഇടവേള വന്നിട്ടുണ്ട്. സുനൈനയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഖാലിദ് അൽ അമേരിയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











