'ഇതോടെ എന്റെ ഭാവിക്ക് തീരുമാനമാകുമെന്ന് വിനോദ് കോവൂരിനോട് പറഞ്ഞു, അന്ന് ടൊവിനോയെ റാഗ് ചെയ്തിട്ടുണ്ട്'
ഈ ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയ സിനിമകളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമകളിൽ ഒന്നാണ് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. കാരിരുമ്പിന്റെ കരുത്തും കാറ്റിൻ്റ വേഗതയുമുള്ളൻ, ആയോധനകലയുടെ അടവുകൾ സകലതുമരച്ചുകലക്കിയവൻ... ഏത് കൽതുറുങ്കും ഭേദിക്കുന്ന വീരനായകൻ മണിയനായിരുന്നു സിനിമ കണ്ടിറങ്ങിയവരുടെ എല്ലാം മനസ് കീഴടക്കിയത്. വളരെ കുറച്ച് സീനുകളിൽ മാത്രമെയുള്ളുവെങ്കിലും മണിയന് ലഭിച്ച അതേ സ്വീകാര്യക മണിയന്റെ ഭാര്യ വേഷം ചെയ്ത മാണിക്യത്തിനും ലഭിച്ചു.
വേഷങ്ങളുടെ വലിപ്പച്ചെറുപ്പമല്ല നടീ നടന്മാരുടെ കരുത്ത് അറിയിക്കുന്നതിനുള്ള മാനദണ്ഡമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് മാണിക്യമായി സുരഭി ലക്ഷ്മി കാഴ്ചവെച്ചത്. സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് മാണിക്യം. ഇപ്പോഴിതാ മാണിക്യമായി അഭിനയിച്ചപ്പോഴുള്ള അനുഭവം സുരഭി ലക്ഷ്മി പങ്കുവെക്കുകയാണ്.

ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ മാണിക്യമാകാനായി കളരി വരെ അഭ്യസിച്ച കഥയും സുരഭി വെളിപ്പെടുത്തി. ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരിക്കലും ആളുകൾ ചിന്തിക്കാത്ത ഒരു കോമ്പിനേഷൻ വേണമെന്നുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആഗ്രഹമാണ് തനിക്ക് മാണിക്യം ലഭിക്കാൻ കാരണമായതെന്നും സുരഭി പറയുന്നു. സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തികൊണ്ടാണ് താരം സംസാരിച്ച് തുടങ്ങിയത്.
യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നാണ് എന്നെ ജയരാജ് സാർ ബൈ ദി പീപ്പിൾ സിനിമയിലേക്ക് വിളിച്ചത്. ആ സിനിമ ചെയ്തശേഷം വേറെ സിനിമയൊന്നും കിട്ടിയില്ല. വീണ്ടും പഠനത്തിലേക്ക് തന്നെ തിരികെ പോയി. ശേഷം അമൃത ടിവി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറായി. ശേഷം ചെറിയ ചെറിയ സീനുകൾ അഭിനയിക്കാൻ സിനിമയിൽ അവസരം വന്നു.
പേരുള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. എം.എ തിയേറ്റർ കഴിഞ്ഞശേഷം സീരിയലിലേക്ക് വന്നു. കഥയിലെ രാജകുമാരിയായിരുന്നു ആദ്യ സീരിയൽ. അതൊരു സീരിയസ് കഥാപാത്രമായിരുന്നു. ശേഷം എം80മൂസയിൽ എത്തി. അതുവരെ കോമഡി അധികം ചെയ്തിരുന്നില്ല. ഞാൻ എംഫില്ലിന് ചേർന്ന സമയമായിരുന്നു. പാത്തു രണ്ട് വലിയ കുട്ടികളുടെ അമ്മയാണ്. അതുകൊണ്ട് തന്നെ വിനോദ് കോവൂരിനോട് ഞാൻ പറയാറുണ്ടായിരുന്നു ഇതോടെ എന്റെ ഭാവിക്ക് ഒരു തീരുമാനമാകുമെന്ന്.
ഇനിയിപ്പോൾ അമ്മ വേഷങ്ങളാകും കിട്ടുക എന്നൊക്കെ. പക്ഷെ എം80 മൂസ വന്നതോടെ സുരഭി എന്നൊരു നടിയുണ്ടെന്ന് കേരളം മുഴുവൻ അറിഞ്ഞുവെന്ന് സുരഭി പറയുന്നു. ഞാൻ നായിക പദവിയിൽ നിൽക്കുന്നൊരാളല്ല. ടൊവിയുടെ നായിക എന്ന് പറയുമ്പോൾ അവർക്ക് പല ഓപ്ഷനുകളും ഉണ്ടായിരുന്നിരിക്കണം. രണ്ട്, മൂന്ന് ഓപ്ഷൻസുണ്ടായിരുന്നു. ഇതിന്റെ തിരക്കഥാകൃത്ത് അത് പറഞ്ഞിരുന്നു.

ഗായകൻ ഹരിശങ്കർ പറഞ്ഞു സുരഭി ചേച്ചി ചെയ്താൽ നന്നാകുമെന്ന്. അതോടെയാണ് അവർ എന്റെ കാര്യം ഊട്ടി ഉറപ്പിച്ചത്. ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരിക്കലും ആളുകൾ ചിന്തിക്കാത്ത ഒരു കോമ്പിനേഷൻ വേണമെന്ന് സുജിത്തേട്ടനും ജിതിനും നിർബന്ധമുണ്ടായിരുന്നു. അവരുടെ ആ വിശ്വാസം പാളിപ്പോകരുതെന്ന് എനിക്കുമുണ്ടായിരുന്നുവെന്നും നടി പറയുന്നു. ടൊവി ആക്ടർ ട്രെയിനിങിനുശേഷമാണ് എആർഎമ്മിൽ അഭിനയിച്ചത്.
അതുകൊണ്ട് തന്നെ ഞങ്ങളുടെ സീൻ ചെയ്യുന്ന സമയത്ത് ടൊവിനോ തോമസ് എന്നൊരു ആൾ ഉണ്ടായിരുന്നില്ല. മണിയൻ മാത്രമെ ഉണ്ടായിരുന്നുള്ളു. എബിസിഡിയുടെ സമയത്ത് ഞാൻ ടൊവിനോയെ റാഗ് ചെയ്തിട്ടുണ്ട്. ഞാൻ അപ്പോൾ സീനിയറാണല്ലോ. മൊയ്തീന്റെ സമയം ആയപ്പോൾ ഞങ്ങൾ യുനോ കാർഡ് ഗെയിമൊക്കെ കളിക്കുമായിരുന്നു.
കാരണം ഞങ്ങൾക്ക് അന്ന് കാരവാനൊന്നും ഉണ്ടായിരുന്നില്ല. മണിയന്റെ മാണിക്യം ചില്ലറക്കാരിയല്ലെന്ന് എനിക്ക് മനസിലായിരുന്നു. മാണിക്യത്തിന് വേണ്ടി കളരിവരെ പഠിച്ചിരുന്നു. പക്ഷെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും അജയന്റെ രണ്ടാം മോഷണം ഷൂട്ടിങ് അനുഭവം പങ്കിട്ട് സുരഭി പറഞ്ഞു.


Click it and Unblock the Notifications