റിമ കല്ലിങ്കൽ എന്റെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല; പറഞ്ഞതിൽ വിശദീകരണവുമായി സുരഭി ലക്ഷ്മി
മലയാള സിനിമയിൽ നായികാ വേഷവും സഹനടി വേഷവും ഒരുപോലെ ചെയ്യുന്ന നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന സിനിമയിലൂടെ 2017 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിക്ക് ലഭിച്ചിരുന്നു. അടുത്തിടെ പത്മ എന്ന സിനിമയിൽ ടൈറ്റിൽ ക്യാരക്ടർ ചെയ്തതും സുരഭി ആണ്.
എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിൽ ചെറിയ വേഷത്തിൽ നടി അതിന് മുമ്പ് അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ഈ കഥാപാത്രത്തിലൂടെ ആണ്.

ചെറുതും വലുതുമായി നിരവധി വേഷങ്ങൾ സിനിമകളിൽ അവതരിപ്പിച്ച് വരികയാണ് സുരഭി. പുറത്തിറങ്ങാനിരിക്കുന്ന കുമാരി എന്ന സിനിമയിലും നടി ഒരു വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരഭി. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത തന്റെ പേരിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു. അമൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരഭി.

'ഞാനും എന്റെ സഹോദരനും കൂടി മൂകാംബികയിൽ പോയിരുന്നു. അവിടെ അധികം ആൾ അന്നില്ലായിരുന്നു. ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്നിട്ടു. താഴെ എത്തിയ സമയത്ത് വന്ന ന്യൂസ് ജഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരൻ എന്നാണ്. ജഗതംബികേ എന്നുള്ളത് അവർ പിരിച്ചെഴുതിയിരിക്കുന്നു,' സുരഭി ലക്ഷ്മി പറഞ്ഞു.

'നമ്മളാണെങ്കിലും ക്യാപ്ഷൻ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കുക. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷൻ പലരെയും വേദനിപ്പിക്കുന്നതായിരിക്കും. റിമ കല്ലിങ്കൽ എന്റെ വേഷങ്ങൾ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓൺലൈൻ ന്യൂസ് ഉണ്ടായിരുന്നു. ദേശീയ അവാർഡ് കിട്ടിയ സമയത്ത് എന്റെ നാട്ടിൽ ഒരു സ്വീകരണം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാം വന്നിരുന്നു'
'നല്ല ഉദ്ദേശ്യത്തിലാണ് അവർ പറഞ്ഞത്. സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണം എന്ന്. ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന് ആളുകൾക്ക് ഒരു കൺഫ്യൂഷൻ വരുമല്ലോ. അങ്ങനെ വന്നപ്പോൾ ഏത് വേഷവും ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഏതോ ഒരു അഭിമുഖത്തിൽ ഇത് പറഞ്ഞപ്പോൾ വന്ന ന്യൂസ് ആണ് സുരഭി ലക്ഷ്മിയുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം റിമ കല്ലിങ്കൽ എന്ന്'

റെഡ് കാർപറ്റ് പരിപാടിയിൽ തന്റെ പിതാവിനെക്കുറിച്ചും സുരഭി സംസാരിച്ചിരുന്നു. പ്ലസ് വണിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതിനെക്കുറിച്ചും അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കലോത്സവത്തിൽ പങ്കെടുത്തതിനെക്കുറിച്ചും സുരഭി സംസാരിച്ചു. താൻ സിനിമാ നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛൻ ആയിരുന്നു. എവിടെ ഡാൻസ് ചെയ്യുകയോ അഭിനയിക്കുകയോ ചെയ്താലും അച്ഛൻ വന്ന് കാണുമായിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications