എവിടെ പോയാലും ജാഗ്രത, എവിടേക്കെങ്കിലും വിളിച്ചാൽ മുൻകരുതലെടുക്കും; സമൂഹം പെട്ടെന്ന് മാറില്ല: സ്വാസിക
സിനിമാ രംഗത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് നടി സ്വാസിക. സ്വയം ജാഗ്രത കാണിക്കുന്നതാണ് നല്ലതെന്ന് സ്വാസിക പറയുന്നു. സിനിമാ രംഗത്തേക്ക് വരാനുള്ള പേടിയൊക്കെ ഇന്ന് പോയി. എല്ലാവരും പുറത്ത് വന്ന് ജോലി ചെയ്യുന്നു. സിനിമാ രംഗം സുരക്ഷയേ ഇല്ലാത്ത സ്ഥലമല്ല. ഒരാൾ മനസിൽ തെറ്റായ കാര്യം പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിലൊന്നും ചെയ്യാൻ പറ്റില്ല. നമ്മൾ ജാഗ്രത കാണിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. സമൂഹം മുഴുവൻ ശരിയാകണം, സുരക്ഷിതമാകണം എന്ന് ആഗ്രഹിക്കാം. അങ്ങനെ വരട്ടെ. ഇപ്പോൾ അതല്ല യാഥാർത്ഥ്യം എന്ന് നമുക്കറിയാമല്ലോ. അതിനാൽ നമ്മൾ കുറച്ച് അലേർട്ട് ആയിരിക്കണം. ആരുമില്ലെങ്കിലും നമ്മളെ നമ്മൾ സംരക്ഷിക്കണം. പെട്ടെന്ന് പ്രതികരിക്കണം. നോ പറയാൻ കുട്ടികളെ പഠിപ്പിക്കണം.

എവിടെ പോയാലും ഞാൻ സുരക്ഷ നോക്കും. ജാഗ്രത കാണിക്കും. ആദ്യമേ എല്ലാവരെയും വിശ്വസിച്ച് സംസാരിക്കില്ല. എവിടെക്കെങ്കിലും വിളിച്ചാൽ മുൻകരുതൽ എടുക്കും. ആരെയെങ്കിലും ഒപ്പം കൂട്ടും. ഒറ്റയ്ക്കാണെങ്കിലും ജാഗ്രത കാണിക്കും. എന്റെ രീതി അങ്ങനെയാണ്. സമൂഹം ഒരു രാത്രി കൊണ്ട് മാറില്ലല്ലോ. ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ കുറവാണ്. അതിനാൽ സ്വയം ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും സ്വാസിക പറയുന്നു.മലയാള സിനിമാ രംഗത്ത് നടന്ന സ്ത്രീ സുരക്ഷാ ചർച്ചകളിൽ സ്വാസിക പങ്കുവെച്ച അഭിപ്രായം നേരത്തെ ചർച്ചയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കും സൗഹൃദത്തിനും ചില ഉത്തരവാദിത്വങ്ങൾ നായിക നടിമാരും കാണിക്കേണ്ടതുണ്ടെന്ന് സ്വാസിക പറഞ്ഞു. ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ജൂനിയർ ആർട്ടിസ്റ്റിന് അവർക്ക് ചെയ്ത് കൊടുക്കാം. പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന നിർബന്ധം ഇല്ല. ഞാൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും എനിക്ക് കിട്ടുക. എനിക്ക് വേണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്റൂമിൽ പോകാനും സൗകര്യം ചെയ്ത് കൊടുക്കാം. അത് തെറ്റല്ല. പക്ഷെ ഈ പറയുന്ന ആർട്ടിസ്റ്റുകൾ അത് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല.
ഞാൻ ക്യാരക്‌ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോഗിച്ചോളൂ എന്ന് പറയുന്നത് ഞാനിത് വരെയും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇവരുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും സ്വാസിക തുറന്ന് പറഞ്ഞു.
പണമിറക്കുന്ന പ്രൊഡ്യൂസർമാർക്ക് തിരിച്ച് ഇത്ര കിട്ടുമെന്ന് ഒട്ടും പ്രവചിക്കാൻ പറ്റാത്ത മേഖലയാണ്. അവരെക്കൊണ്ട് അത്രയും ചൂഷണം ചെയ്യിക്കേണ്ട ആവശ്യമില്ലെന്നും സ്വാസിക അഭിപ്രായപ്പെട്ടു. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് കൊടുക്കുക. നമ്മുടെ കാരവാനിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരാൻ പേടി. നായികയുടെ കാരവാനാണ് അവിടെ ആരും പോകരുതെന്ന സംസാരമാണ് പുറത്ത് നടക്കുന്നതെന്നും സ്വാസിക പറഞ്ഞു.


Click it and Unblock the Notifications