'മുഖത്ത് കുരു മൂക്കിന് ഭംഗിയില്ല, ഹീറോയിൻ മെറ്റീരിയലല്ല, സീനിയർ ആർട്ടിസ്റ്റ് പരിഹസിച്ചു, അന്ന് ചെയ്ത ശപഥം'
ചതുരം ചെയ്തശേഷം നടി സ്വാസികയ്ക്ക് നല്ല കാലമാണ് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം നിരവധി അവസരങ്ങൾ നടിക്ക് ലഭിക്കുന്നുണ്ട്. മിക്ക സിനിമകളിലും നായികയോ നായികയോടൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളോ ആണ് ഏറെയും സ്വാസിക ചെയ്യുന്നത്. എല്ലാത്തിലും വേഴ്സറ്റാലിറ്റിയുമുണ്ട്. സീരിയലിൽ നായിക വേഷം ചെയ്തിരുന്ന നടിക്ക് സിനിമയിൽ ശോഭിക്കാൻ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
സീരിയലുകളിൽ അഭിനയിച്ചുവെന്നതിന്റെ പേരിൽ ചെറിയ വേഷങ്ങളിലേക്ക് പോലും ആളുകളെ പരിഗണിക്കാത്ത കാലത്താണ് സ്വാസികയുടെ നേട്ടം. ഇരുപതുകളിലേക്ക് എത്തും മുമ്പ് സ്വാസിക അഭിനയിച്ച് തുടങ്ങിയതാണ്. അഭിനയ അരങ്ങേറ്റം സിനിമയിലൂടെയാണ്. പക്ഷെ നായിക വേഷങ്ങളോ നല്ല സിനിമകളോ ലഭിക്കാതെയായതോടെ സീരിയലിലേക്ക് ചുവടുമാറ്റി.

ആ തീരുമാനം മികച്ചതായിരുന്നുവെന്ന് കാലം തെളിയിച്ചു. ഒട്ടനവധി ഹിറ്റ് സീരിയലുകളിൽ ടൈറ്റിൽ റോളിൽ നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ ചാൻസ് അന്വേഷിച്ച് നടന്ന കാലത്ത് ലുക്കിന്റെ പേരിൽ സീനിയർ ആർട്ടിസ്റ്റ് തന്നെ പരിഹസിച്ചിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ സ്വാസിക. നീ ഒരു ഹീറോയിൻ മെറ്റീരിയലല്ലെന്നായിരുന്നു പരിഹാസമെന്നും തന്റെ നഖത്തിനെ വരെ വിമർശിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു.
നേരത്തെ എനിക്ക് എല്ലാം പ്രശ്നമായിരുന്നു. സംസാരിക്കാൻ അറിയില്ല, ഡ്രസ്സിങ് സെൻസില്ല, അതില്ല മറ്റതില്ല... മുഖക്കുരുവാണ്. മുടിയില്ല, നഖമില്ല തുടങ്ങി എല്ലാം പ്രശ്നമായിരുന്നു. ഒരു ഹീറോയിന് വേണ്ട ഒന്നുമില്ല. മൂക്കിന് ഭംഗിയില്ലെന്ന് വരെ പലരും പറഞ്ഞിട്ടുണ്ട്. ഒരു ആർട്ടിസ്റ്റും എന്നെ വിമർശിച്ച് പറഞ്ഞിരുന്നു. ആദ്യ സിനിമ ചെയ്ത് നിൽക്കുന്ന സമയത്താണ് ഒരു സീനിയർ ആർട്ടിസ്റ്റ് പറഞ്ഞത് നിങ്ങൾ ഹീറോയിൻ ഫെയ്സല്ല.
ഹീറോയിൻ മെറ്റീരിയലല്ല. ലൈക്കബിലിറ്റിയില്ലെന്ന് പറഞ്ഞത്. അന്ന് ഈ വിമർശനം എല്ലാം കേട്ട സമയത്ത് ഞാൻ മനസിൽ വിചാരിക്കുമായിരുന്നു ഈ മുഖക്കുരുവെച്ചിട്ട് തന്നെ ഞാൻ അഭിനയിച്ച് അവരുടെ മുന്നിൽ ചെന്ന് നിൽക്കുമെന്ന്. അവരുടെ മുന്നിൽ ഞാൻ പോയില്ലെങ്കിലും എന്റെ ലബ്ബർ പന്ത് സിനിമ അവർ കണ്ടിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പാണെന്ന് സ്വാസിക പറയുന്നു.
സീത അടക്കമുള്ള സീരിയൽ ചെയ്തശേഷം കുടുംബപ്രേക്ഷകരെല്ലാം സ്വാസികയുടെ ആരാധകരാണ്. നടിയുടെ ഈ തുറന്ന് പറച്ചിൽ വൈറലായതോടെ നിരവധി പേരാണ് താരത്തിന്റെ കഴിവിനെ പ്രശംസിച്ച് എത്തിയത്. സ്വാസിക നല്ലൊരു അഭിനേത്രിയാണെന്നും സീതയിലെ പ്രകടനം മാത്രം കണ്ടാൽ റേഞ്ച് മനസിലാകുമെന്നും ആളുകൾ പിന്തുണച്ച് കുറിച്ചു. ആ പറഞ്ഞ ആളോട് സീത സീരിയൽ ഒന്ന് കാണാൻ പറ.

എന്താ അഭിനയം ഒരു രക്ഷയും ഇല്ല. സ്വാസിക എന്ന നടിയുടെ കാലിബർ മലയാള സിനിമ ഉപയോഗിച്ചിട്ടില്ലെന്ന് മാമൻ എന്ന തമിഴ് സിനിമ കണ്ടപ്പോ മനസിലായി. എജ്ജാതി അഭിനയം, സീത സീരിയൽ കണ്ടിരുന്നത് തന്നെ സ്വാസികയെ കാണാനാണ് എന്തൊരു അഭിനയമായിരുന്നു. എന്തൊരു സുന്ദരിയായിരുന്നു. ഒരാളുടെ മുഖത്ത് നോക്കി ഇത്രയും പരുഷമായ വാക്കുകൾ പറയാൻ എങ്ങനെ ആളുകൾക്ക് കഴിയുന്നു.
ഇക്കാലത്ത് ആളുകൾ വളരെ പരുഷമായാണ് പെരുമാറുന്നത്, നായികയായി തന്നെ അഭിനയിക്കണം എന്നില്ല. കെപിഎസി ലളിതയും ബിന്ദു പണിക്കരുമൊക്കെ നല്ല അഭിനേത്രികളാണ് എന്നിങ്ങനെയാണ് സ്വാസികയുടെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. മുപ്പത്തിമൂന്നുകാരിയായ സ്വാസിക നടി എന്നതിലുപരി അവതാരകയും നർത്തകിയുമെല്ലാമാണ്.
തമിഴ് സിനിമ വൈഗയിലൂടെയായിരുന്നു അരങ്ങേറ്റം. ഫിഡിലിലൂടെ മലയാളത്തിലേക്ക് എത്തി. പിന്നീട് പ്രഭുവിന്റെ മക്കൾ, വെള്ളിമൂങ്ങ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ, പൊറിഞ്ചു മറിയം ജോസ് അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications











