മകളാണെന്നല്ല സഹോദരിയാണെന്നാണ് പറയാറുള്ളതെന്ന് ദിലീപ്, ഇരുവരെയും കണ്ടാലും അങ്ങനെയെ പറയൂവെന്ന് തമന്ന!
പയ്യ എന്ന സിനിമയിലൂടെ ആരാധക മനം കവർന്ന തെന്നിന്ത്യൻ സുന്ദരി ദിലീപിന്റെ നായികയായി ബാന്ദ്രയിലൂടെ മലയാളത്തിൽ അരങ്ങേറുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏത് നായികയ്ക്കൊപ്പവും അസാധ്യ കെമിസ്ട്രി വർക്കൗട്ടാക്കുന്ന നടൻ കൂടിയാണ് ദിലീപ്.
അതുകൊണ്ട് തന്നെ തമന്ന ബാന്ദ്ര സിനിമ കമ്മിറ്റ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വർധിച്ചു. എന്തെങ്കിലും ചെയ്യാൻ ഇല്ലെങ്കിൽ തമന്ന മലയാളത്തിൽ സിനിമ ചെയ്യില്ലെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. തമന്നയെ അല്ലാതെ മറ്റൊരു നായികയെ താര ജാനകി എന്ന റോളിലേക്ക് ചിന്തിച്ചിരുന്നില്ലെന്നാണ് അണിയറപ്രവർത്തകരും പറഞ്ഞത്.
ദിലീപിനൊപ്പം തന്നെ തമന്നയും ബാന്ദ്രയുടെ പ്രമോഷനായി കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുണ്ട്. നവംബർ പത്തിനാണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. തമന്നയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ ദിലീപും അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.

നല്ലൊരു ഡാൻസറായ തമന്നയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ പേടിയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ഇപ്പോഴിതാ ബാന്ദ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെയും മകൾ മീനാക്ഷിയേയും കുറിച്ച് തമന്ന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ദിലീപിനെ ഏറ്റവും സുന്ദരനായ നടനായി ഷൂട്ടിനിടയിൽ എപ്പോഴാണ് തോന്നിയതെന്ന് ചോദിച്ചപ്പോൾ വളരെ കൃത്യമായ മറുപടിയാണ് തമന്ന നൽകിയത്. 'സൂപ്പർസ്റ്റാറായി ഏറെനാളായി തിളങ്ങുന്ന നടനല്ലേ. ദിലീപ് സൂപ്പർ കരിസ്മാറ്റിക്കാണ്. ബാന്ദ്രയിലെ ആദ്യത്തെ സീൻ കുറച്ച് വലുതായിരുന്നു.'
'ആ സീൻ ഷൂട്ട് ചെയ്ത സമയത്ത് ആ കഥാപാത്രത്തിന് ഒരു ഓറയുണ്ട്. അത് അദ്ദേഹത്തിൽ ആ സമയം കാണാൻ സാധിക്കുന്നുണ്ടായിരുന്നു', എന്നാണ് തമന്ന പറഞ്ഞത്. തമന്നയുടെ കോംപ്ലിമെന്റിന് ദിലീപ് നന്ദി പറയുകയും ചെയ്തു. കോളജ് സമയത്തുള്ള മനസ് തന്നെയാണ് തനിക്ക് ഇപ്പോഴുമെന്നും പ്രായം മനസിലാണ് തോന്നേണ്ടത് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും കോളജ് കാലത്തെ മനസുമായാണ് നടക്കുന്നതെന്നും ദിലീപ് പറയുന്നു.
ഞാൻ എന്റെ മൂത്തമോളെ സഹോദരിയാക്കിയിരിക്കുകയാണ്. ഇളയ ആൾ ഇപ്പോൾ മകളാണ്. വളർന്ന് വരുമ്പോൾ അവളെയും ഞാൻ സഹോദരിയാക്കും. മക്കളെ ഞാൻ തമന്നയ്ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

മകളാണ് പക്ഷെ സഹോദരിയാണ് എന്ന് പറഞ്ഞാണ് മീനാക്ഷിയെ തനിക്ക് ദിലീപ് പരിചയപ്പെടുത്തിയതെന്നും തമന്ന പറഞ്ഞു. അദ്ദേഹത്തിന് പ്രായമാകുന്നില്ല. മാത്രമല്ല ചില സമയങ്ങളിൽ മകൾക്കൊപ്പം ദിലീപിനെ കാണുമ്പോൾ സഹോദരങ്ങളെപോലെ തോന്നിയിട്ടുണ്ടെന്നും തമന്ന പറഞ്ഞു. ദിലീപിനും ബാന്ദ്ര ടീമിനുമൊപ്പം പ്രവർത്തിക്കുമ്പോൾ അപരിചിതത്വം തോന്നിയിട്ടില്ലെന്നും മുൻകാല പരിചയം ഉള്ളപോലൊരു തോന്നലാണ് ഉണ്ടായിരുന്നതെന്നും തമന്ന കൂട്ടിച്ചേർത്തു.
ബിഗ് ബജറ്റ് ചിത്രമായ ബാന്ദ്ര രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമയാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications











