'ഇനി ശബ്ദം തിരിച്ചുകിട്ടില്ലേ..?'; 'വീഡിയോ എടുക്കുന്നത് എഐ വഴി, ജീവന് ഭീഷണിയുള്ള അസുഖമല്ല, പെയിന്‍ഫുള്ളാണ്'
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി താര കല്യാണിന്റേത്. സിനിമാ സീരിയൽ രംഗത്ത് സജീവമായി നിന്നാണ് താര കല്യാൺ മലയാളികൾക്ക് സുപരിചിതയായി മാറിയത്. നർത്തകിയായ താര കല്യാണാണ് ഈ കുടുംബത്തിൽ നിന്നും ആദ്യം അഭിനയത്തിലേക്ക് എത്തിയത്. അമ്മേ ഭഗവതി എന്ന ചിത്രത്തിൽ ചോറ്റാനിക്കര ദേവിയായി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
പിന്നീട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി താര മാറി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം ചെറുപ്പത്തിൽ തന്നെ പ്രാവീണ്യം നേടിയ താര കല്യാൺ അഭിനയത്തിനൊപ്പം തന്നെ ഒരു നൃത്ത അക്കാദമിയും നടത്തുന്നുണ്ട്. ഇപ്പോൾ താരയുടെ ഡാൻസ് അക്കാദമിയുടെ നടത്തിപ്പ് മകൾ സൗഭാഗ്യയ്ക്കും ഭർത്താവ് അർജുനുമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് താര കല്യാൺ. ശബ്ദം തന്നെ താരയ്ക്ക് പൂർണമായും നഷ്ടപ്പെട്ടു. മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്.
എന്നാല്‍ പിന്നീട് പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലായി താര. അതോടെ വീണ്ടും നടി വിദഗ്ദ പരിശോധനകൾക്കുശേഷം സർജറിക്ക് വിധേയയായി. സര്‍ജറിയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഇതുവരെയും താരം. ഇപ്പോഴിതാ പെട്ടന്നുള്ള സർജറിക്ക് പിന്നിലെ കാരവും തന്റെ അനുഭവവും രോഗത്തെ കുറിച്ചുള്ള ഡോക്ടറുടെ വിശദീകരണവും പങ്കിട്ട് എത്തിയിരിക്കുകയാണ് താര കല്യാൺ.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങളെല്ലാം താര വിശദീകരിച്ചത്. ശബ്ദമില്ലാത്തതിനാൽ താര വീഡിയോ ചെയ്തതും സംസാരിച്ചതും എഐയുടെ സഹായത്തിലൂടെയാണ്. സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി. ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എഐ വഴിയാണ്.
എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിൽ വീഡിയോ എടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് താര വീഡിയോ ആരംഭിച്ചത്. ശേഷം നടിയെ ചികിത്സിക്കുന്ന ഡോക്ടറാണ് കാര്യങ്ങൾ പ്രേക്ഷകർക്ക് കൂടി മനസിലാകാൻ വിശദീകരിച്ചത്. 'ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം വരും. സ്പാസ്മോഡിക് ഡിസ്ഫോനിയ എന്ന പേര് ഭീകരമാണെങ്കിലും രോഗം അത്ര ഭീകരം അല്ല. വ്യക്തമായ കാരണം അറിയില്ല.'

'പക്ഷെ ഇത് ഉണ്ടാകുന്നത് ഒരു പക്ഷെ ശബ്ദം ഒരുപാട് സമയം ഉപയോഗിക്കുന്നതുകൊണ്ടാകാം. സാധാരണ ഇതിന്റെ മെഡിസിനെന്ന് പറയുന്നത് ബോട്ടോക്സാണ്. അത് വോക്കൽ കോഡിലേക്ക് ഇൻജെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാൽ ആറുമാസത്തിൽ കൂടുതൽ അതിന്റെ എഫെക്ട് കിട്ടാൻ പ്രയാസമാണ്. എങ്കിലും കൂടുതലും ആളുകൾ ഇതാണ് എടുക്കുന്നത്. കേരളത്തിലെ ജനസംഖ്യയിൽ ആയിരം പേരോളം ആളുകൾ ഈ രോഗം സഹിക്കുന്നവരാണ്. സർജറി ചെയ്യാൻ ചിലർക്ക് ഭയമാണ്.'
'ഇൻജെക്ഷൻ ഭയമില്ല. വോക്കൽ കോഡിൽ ഇൻജെക്ഷൻ ചെയ്യുന്നത് ഇന്ത്യയിൽ തന്നെ വളരെ കുറച്ച് സെന്ററുകളിലാണ്. രണ്ട്മൂന്നുതരം സർജറികളുണ്ട്. അകത്തൂടെയും പുറത്തൂടെയും ചെയ്യാറുണ്ട്. പാടുകൾ വരാൻ താത്പര്യം ഇല്ലാത്തവർക്ക് ഉള്ളിലൂടെ സർജറി ചെയ്യുന്നതാണ് നല്ലത്. ബോട്ടോക്സ് കൊടുക്കുന്നതിനെക്കാൾ എഫക്ടാണ് സർജറിക്ക് ലഭിക്കുന്നത്.'
'എൻഡോസ്കോപ്പിക് തൈറോ അരിറ്റിനോയിഡാണ് നമ്മൾ ചെയ്തത്. രണ്ടാഴ്ച കൊണ്ട് ശബ്ദം തിരികെ വരണം എന്നാണ്. ഉറപ്പായും താരക്ക് ശബ്ദം വരും', നടിയുടെ അവസ്ഥ വിശദീകരിച്ച് ഡോക്ടർ പറഞ്ഞു. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്. വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല.
ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്ളാണ്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവുമുണ്ട് അത്രമാത്രം രോഗവസ്ഥയിലെ അനുഭവം വിശദീകരിച്ച് താരയും പറഞ്ഞു. സീരിയലിൽ സജീവമായി വരവെയാണ് താര സർജറിക്ക് വിധേയയായത്.


Click it and Unblock the Notifications











