'അമ്മയ്ക്ക് വേണ്ടിയെടുത്ത തീരുമാനം, അനുയോജ്യരായവരിൽ നിന്ന് ആലോചന ക്ഷണിക്കുന്നു'; തിങ്കൾ ഭാലിന്റെ പോസ്റ്റ്!
ബിഗ് ബോസ് മലയാളം സീസൺ 3യിൽ മത്സരാർഥിയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. കാൻസറിനോട് പൊരുതി ജീവിതം തിരികെ പിടിച്ച ഡിംപൽ ആരോഗ്യവാന്മാരായ മത്സരാർഥികളെക്കാൾ മനോഹരമായാണ് ഗെയിമുകളിൽ മത്സരിച്ചത്. ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം എനർജൈസർ ഓഫ് ദി സീസൺ അവാർഡും ഡിംപല്‍ നേടിയിരുന്നു.
ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ച ചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും. മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. ഷോയിൽ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗം. ഈ സംഭവത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുമുണ്ട് ഡിംപൽ. ഡിംപലിന്റെ ഏറ്റവും വലിയ കരുത്തും അച്ഛനായിരുന്നു.

ഡിംപലിനെ പ്രേക്ഷകർ പരിചയപ്പെടും മുമ്പ് തന്നെ ചേച്ചി തിങ്കളിനെ പ്രേക്ഷകർക്ക് അടുത്തറിയാം. വർഷങ്ങൾക്ക് മുമ്പ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസിൽ മത്സരാർഥിയായിരുന്നു തിങ്കൾ ഭാൽ. അവതാരകയായും ശ്രദ്ധിക്കപ്പെട്ട താരമാണ് തിങ്കൾ ഭാൽ. ഡിംപൽ ഭാൽ ബിഗ് ബോസ് ഹൗസിലായിരുന്നപ്പോൾ ഡിംപലിന് വേണ്ടി ജനങ്ങളോട് ഇടപെട്ടിരുന്നതും സംസാരിച്ചിരുന്നതുമെല്ലാം തിങ്കളായിരുന്നു.
ഇപ്പോഴിത സോഷ്യൽമീഡിയയിൽ സജീവമായ തിങ്കൾ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചുവെന്ന വിശേഷമാണ് തിങ്കൾ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് മാട്രിമോണിയൽ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് തിങ്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രൊഫൈലിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളെ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷെ അമ്മയാണ് നോക്കാന്‍ പറഞ്ഞത്. സീരിയസായി ഞാന്‍ കല്യാണം നോക്കുന്നുണ്ട്.
മാട്രിമോണിയൽ സൈറ്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് തിങ്കൾ കുറിച്ചു. ഒരുപാട് നാളുകളായി തിങ്കൾ നേരിട്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ എന്നത്. എന്തായാലും നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തുന്നത്.

വരന് വേണ്ട ഗുണങ്ങളെന്തെല്ലാമാണെന്ന് കൂടി വിവരിക്കാൻ ചിലർ തിങ്കളിനോട് കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർ മാട്രിമോണിയുടെ പ്രമോഷനാണോയെന്നും തമാശയായി ചോദിച്ചിട്ടുണ്ട്. തിങ്കളിനും ഡിംപലിനും ഒരു സഹോദരി കൂടിയുണ്ട്. സൗന്ദര്യ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു കാലത്ത് തിങ്കളും ഡിംപലും.
ഇരുവരുടേയും ഇടതൂർന്ന നീളൻ മുടിക്കും നിരവധി ആരാധകരുണ്ട്. പ്രത്യേക കൂട്ടുകൾ ചേർത്ത അമ്മയുടെ കാച്ചിയ എണ്ണയാണ് തങ്ങളുടെ കരുത്തുറ്റ മുടിക്ക് കാരണമെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഡിംപൽ ഭാൽ ഒരു സൈക്കോളജിസ്റ്റ് കൂടിയാണ്. യാത്രകളെ ഇഷ്ടപ്പെടുന്നവർ കൂടിയാണ് ഡിംപലു തിങ്കൾ ഭാലും. ഇരുവരുടേയും ഫാഷൻ സെൻസിനും ആരാധകർ നിരവധിയാണ്.
എന്റെ ജീവിതം കൊണ്ട് ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു. തീർച്ചയായും കൊവിഡ് സമയത്ത് എന്റെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഈ ഷോ എന്നെത്തന്നെ സഹായിക്കാനുള്ള ഒരു വേദിയായിരുന്നു എന്നാണ് ബിഗ് ബോസിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഡിംപൽ ഒരിക്കൽ പറഞ്ഞത്.
ഹൗസിലായിരുന്നപ്പോൾ ഡിംപൽ ഏറ്റവും കൂടുതൽ സൗഹൃദം വെച്ചിരുന്നത് നടൻ മണിക്കുട്ടനുമായിട്ടായിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം ഇവരുടെ സൗഹൃദം ഇല്ലാതെയായി. സീസൺ ത്രീയ്ക്ക് ശേഷം വന്ന സീസണുകളിലെ മത്സരാർഥികളെ എല്ലാം ഡിംപൽ പിന്തുണച്ച് എത്താറുണ്ടായിരുന്നു. സീസൺ ഫൈവ് ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോൾ ഹൗസിൽ ഇപ്പോൾ പതിനഞ്ച് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്.


Click it and Unblock the Notifications











