'സിഗരറ്റ് വലിക്കുന്നത് പുറത്തുവിടില്ലെന്ന് വാഗ്ദാനം, എനിക്കെതിരെ 113 കേസുകൾ, വലി നിർത്തിയോയെന്ന് ചോദ്യം'
പന്ത്രണ്ട് വർഷം മുമ്പ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് തിങ്കൾ ഭാൽ ശ്രദ്ധനേടുന്നത്. പിന്നീട് സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ച്യൂയിങ്ങ് ഗം എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലും തിങ്കൾ അരങ്ങേറ്റം കുറിച്ചു. തിങ്കളിന്റെ സഹോദരി ഡിംപൽ ഭാൽ ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഫൈനലിസ്റ്റായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഗ്രാന്റ് ഫിനാലെയോട് അടുക്കുമ്പോൾ മലയാളി ഹൗസിൽ ഭാഗമായപ്പോഴുള്ള അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയാണ് തിങ്കൾ ഭാൽ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ. കുറച്ച് കാശ് കിട്ടും എന്നതുകൊണ്ടാണ് ഞാൻ മലയാളി ഹൗസിൽ പങ്കെടുത്തത്.

ഞങ്ങൾ മലയാളി ഹൗസിലായിരുന്നപ്പോൾ പിആറോ ഇൻസ്റ്റഗ്രാമോ ആർമികളോ ഇല്ലായിരുന്നു. പക്ഷെ എനിക്ക് എതിരെ ഹേറ്റ് പേജുകൾ ഉണ്ടായിരുന്നു. ഫേസ്ബുക്കിലായിരുന്നു അത്. ഞങ്ങളുടേതിൽ കപ്പ് വാങ്ങിയത് രാഹുൽ ഈശ്വർ ആയിരുന്നു. മലയാളി ഹൗസിൽ പോയി തിരിച്ച് വന്നശേഷമാണ് അതിന്റെ ആഫ്റ്റർ എഫക്ട്സ് എനിക്ക് മനസിലായത്.
എനിക്ക് എതിരെ 113 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഞാൻ ഇതൊക്കെ എങ്ങനെ താങ്ങിയെന്ന് ചോദിച്ചാൽ മുങ്ങിയെന്ന് പറയേണ്ടി വരും. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഡാലു കൃഷ്ണദാസ് പറഞ്ഞിട്ടാണ് ഞാൻ മലയാളി ഹൗസ് ഓഡീഷനിൽ പങ്കെടുത്തത്. അദ്ദേഹവും ഷോയിൽ ഉണ്ടായിരുന്നത്. എന്റെ ബേബിയാണ് ഡാലു. ഡാലുവിന്റെ മടിയിൽ കയറി ഞാൻ ഇരുന്നുവെന്നത് അന്ന് ഷോ നടക്കുമ്പോൾ വലിയ പ്രശ്നമാവുകയും സദാചാരമായി മാറുകയും ചെയ്തിരുന്നു.
ഫ്രണ്ട്സിന് ഇടയിൽ കൾച്ചറല്ല ബോണ്ടിങ്ങാണ് ഉണ്ടാവുക. അതിനും ഒരു മര്യാദയുണ്ടെന്നതും ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ഒന്ന്, രണ്ട്, മൂന്ന് ദിവസം വരെ ഞാൻ ക്യാമറ നോക്കി ജീവിച്ചു. മൂന്നാം ദിവസം മുതൽ മലയാളി ഹൗസിൽ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്. ഞാൻ ഡൽഹിയിൽ വളർന്ന കുട്ടിയാണ്. എന്റെ ലൈഫ് സ്റ്റൈലും വ്യത്യസ്തമാണ്.
മാത്രമല്ല ഇരുത്തിയേഴ് വയസ് മാത്രം പ്രായമുള്ള സിംഗിൾ പെൺകുട്ടിയായിരുന്നു ഞാൻ. വിവാഹം കഴിക്കാൻ ആഗ്രഹിച്ച് നിൽക്കുന്ന പ്രായവും. അന്ന് ഒരു പെൺകുട്ടി സിഗരറ്റ് വലിക്കുക അതും ക്യാമറയിൽ നോക്കി എന്നതൊന്നും ആരും അംഗീകരിക്കുന്ന സമയമായിരുന്നില്ല. ഇന്ന് പക്ഷെ ബിഗ് ബോസ് സീസണുകളിൽ ഒട്ടുമിക്ക ആളുകളും വന്ന് സിഗരറ്റ് വലിക്കുന്നുണ്ട്.

ലെസ്ബിയൻസിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഞാനും ഇതെല്ലാം മലയാളി ഹൗസിൽ വർഷങ്ങൾക്ക് മുമ്പ് ചെയ്തിട്ടുണ്ട്. ഇന്ന് ഒരുപാട് പെൺകുട്ടികൾ ബിഗ് ബോസിൽ ഷോട്ട് ഡ്രസ്സിടുന്നുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് മലയാളി ഹൗസിൽ ഷോർട്ട് ഡ്രസ്സ് ഇട്ടതിന് പതിമൂന്നോളം കേസുകൾ എന്റെ പേരിലുണ്ടായി. കൾച്ചറിന് എതിരെ പ്രവർത്തിച്ചുവെന്നതായിരുന്നു കാരണം. ഇന്നും കമന്റ് ബോക്സിൽ വലി നിർത്തിയോയെന്ന ചോദ്യം വരും എനിക്ക് എതിരെ.
എൺപത്തിയഞ്ച് ദിവസം ആയപ്പോഴേക്കും ഞങ്ങളുടെ ഫിനാലെ വരെ കഴിഞ്ഞിരുന്നു. ഞങ്ങൾ ആരും അഭിനയിച്ചല്ല ഹൗസിൽ നിന്നത്. കാരണം ഈ സെക്ഷൻ കാണിക്കില്ല, ആ സെക്ഷൻ കാണിക്കില്ല. അതെല്ലാം കട്ട് ചെയ്യുമെന്ന് പറഞ്ഞാണ് ഞങ്ങളെ അണിയറപ്രവർത്തകർ ഷോയിലേക്ക് കയറ്റി വിട്ടത്. അതുകൊണ്ട് ഞങ്ങൾ എല്ലാം ആഘോഷിച്ചു.
സ്മോക്ക് ചെയ്യുന്നത് കാണിക്കില്ലെന്നാണ് അവർ എന്നോട് പറഞ്ഞത്. പക്ഷെ അത് അവർ കണ്ടന്റായി പുറത്തുവിട്ടു. അതോടെ ഞാൻ മോശം പെണ്ണായി. കേസായി എന്നും തിങ്കൾ പറയുന്നു.


Click it and Unblock the Notifications











