'ഭരതൻ അങ്കിളും ലോഹി ചേട്ടനും റൂമിലേക്ക് വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി, കള്ളമെല്ലാം അന്ന് പൊളിഞ്ഞു'; ഉർവശി!
മലയാളത്തിൽ ഉർവശിയോളം അഭിനയശേഷി ഉള്ള നടി വേറെ ഇല്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയാറുള്ളത്. താരറാണി ആയിരുന്നിട്ടും അതൊന്നും തലക്ക് പിടിക്കാത്ത വ്യക്തിത്വമാണ് ഉർവശിയുടേത്. പല ഭാഷകളിലായി എഴുന്നൂറോളം സിനിമകൾ, വൈവിധ്യമായ കഥാപാത്രങ്ങൾ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ ഉർവശിയെ കുറിച്ചുള്ള വിശേഷണങ്ങൾ ഏറെയാണ്.
അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സംസ്ഥാന അവാർഡുകൾ, ദേശീയ അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ എന്നിവയൊക്കെ ലഭിച്ചിട്ടും സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഉർവശി.
കുറുമ്പ്, പ്രണയം, കുശുമ്പ്, അസൂയ, കൊഞ്ചൽ, സീരിയസ് അങ്ങിനെ ഏത് റോളും ഉർവശി നിഷ്പ്രയാസം ചെയ്യും. സാക്ഷാൻ കമൽഹാസൻ പോലും പലപ്പോഴും ഉർവശിയുടെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്നിട്ടുണ്ട്.

ഇഷ്ടപ്പെട്ട അഭിനേത്രി ആരാണെന്ന് ചോദിച്ചാൽ ഉലകനായകൻ ആദ്യം പറയുന്ന പേരും ഉർവശിയുടേത് തന്നെയാണ്. സൂര്യ അടക്കമുള്ള താരങ്ങളുടെ അമ്മ വേഷം ചെയ്തിട്ടുള്ള ഉർവശിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 ആണ്. ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പമാണ് ഉർവശിയുടെ പ്രകടനം.
അടുത്തിടെ സിനിമയിലേതായി പുറത്തിറങ്ങിയ ടീസർ സോഷ്യൽമീഡിയയിൽ വൈറലാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇപ്പോഴിതാ താൻ പറ്റിച്ചിട്ടുള്ള ആളുകളെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പുലർച്ചയുള്ള ഷൂട്ടിങിന് പോകാൻ മടിയുള്ളതിനാൽ കള്ളം പറഞ്ഞ് സംവിധായകനെ പറ്റിച്ച് റൂമിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നാണ് ഉർവശി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 'ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട് ഞാൻ. അങ്ങനെ ഒരിക്കൽ ഭരതൻ അങ്കിളിന്റെ സിനിമയുടെ ഷൂട്ടിങിന് പോയതായിരുന്നു.'
'അദ്ദേഹത്തിന് രാവിലെയുള്ള ലൈറ്റിൽ സീൻ ഷൂട്ട് ചെയ്യണം. അതുകൊണ്ട് തന്നെ എന്നോട് നേരത്തെ വരണമെന്ന് പറയും. വരാമെന്ന് സമ്മതിച്ച് പോയ ഞാൻ വൈകിയാണ് എന്നും എത്തിയിരുന്നത്. ഒരിക്കൽ അദ്ദേഹം കാരണം ചോദിച്ചു. യോഗ ചെയ്യാതെ രാവിലെ മറ്റൊന്നും ചെയ്യാൻ പറ്റില്ലെന്നും തലകറങ്ങുമെന്നും ഞാൻ കള്ളം പറഞ്ഞു.'

'അതുകൊണ്ടാണ് ഷൂട്ടിന് എത്താൻ വൈകുന്നതെന്നും പറഞ്ഞതോടെ അദ്ദേഹം വൈകി വരാൻ സമ്മതം നൽകി. ഒരു ദിവസം എന്റെ ഈ കാര്യങ്ങളെല്ലാം ഭരതൻ അങ്കിൾ ലളിത ചേച്ചിയോട് പറഞ്ഞു. കഥ കേട്ടതും ഞാൻ പറഞ്ഞത് നുണയാണെന്ന് ചേച്ചി പറഞ്ഞ് കൊടുത്തു.'
'അവൾ അങ്ങനെയുള്ള അഭ്യാസങ്ങൾ ചെയ്യാറില്ലെന്നും സൂര്യൻ ആസനത്തിൽ അടിക്കുന്നത് വരെ ഉറങ്ങുന്ന അവളെ തങ്ങളാണ് ഉണർത്തി കൊണ്ടുവരുന്നതെന്നും ലളിത ചേച്ചി പറഞ്ഞു. അടുത്ത ദിവസം ഭരതൻ അങ്കിളും ലോഹി ചേട്ടനും സത്യം അറിയാൻ പുലർച്ചെ റൂമിൽ വന്നു. കണ്ണുകൾ പകുതി മാത്രം തുറന്ന് പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറക്കാൻ ചെന്നത്.'
'ഞാൻ കരുതി പ്രൊഡക്ഷൻ ഫുഡ് കൊണ്ടുവന്നതായിരിക്കുമെന്ന്. എന്നാൽ ഇവരെ കണ്ടതും ഞാൻ ഞെട്ടി. എന്നെ കണ്ടതും കൊള്ളാല്ലോ പൊടി... നിന്റെ യോഗ അഭ്യാസം നന്നായിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. അത് കേട്ടതും ഞാൻ ആകെ ഞെട്ടിപ്പോയി', ചമ്മിപ്പോയ അനുഭവം പങ്കുവെച്ച് ഉർവശി പറഞ്ഞു.
സംവിധായകൻ ഭരതനൊപ്പം വെങ്കലം, മാളൂട്ടി അടക്കം നിരവധി സിനിമകൾ ഉർവശി ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അവരുടെ കഥാപാത്രങ്ങളെ മറികടക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഒരേയൊരു നടി ചിലപ്പോൾ ഉർവശി മാത്രമായിരിക്കും.


Click it and Unblock the Notifications











