അവർ എന്നേയും ചുമന്ന് ഒരുപാട് ദൂരം നടന്നു, ലോട്ടറി അടിച്ചത് പോലെ കിട്ടിയതല്ലേ മഹാസംഭവമായി തോന്നാറില്ല; ഉർവശി
ലോകത്ത് ഇന്നുവരെ ആരും കാണിച്ചിട്ടില്ലാത്ത ഒരു തറ വേല ഞാൻ കാണിക്കാൻ പോകുവാണ് മൊതലാളി കൂടെ നിന്നോണം... ഈ ഡയലോഗ് മലയാളികൾക്ക് ഹൃദിസ്തമാണ്. അതുപോലെ തന്നെ പ്രിയദർശന്റെ മിഥുനം സിനിമയും. എല്ലാ കാലത്തും റിപ്പീറ്റ് വാല്യുവുള്ള മിഥുനത്തിലെ ഏറ്റവും പോപ്പുലർ സീനാണ് ശ്രീനിവാസനും മോഹൻലാലും ചേർന്ന് ഉർവശിയെ പായിൽ തട്ടികൊണ്ട് പോകുന്ന രംഗം. ഇത്രത്തോളം ചിരിപ്പിച്ച മറ്റൊരു ഒളിച്ചോട്ടം മലയാള സിനിമയിൽ ഉണ്ടോയെന്ന് സംശയമാണ്.
ശ്രീനിവാസനും മോഹൻലാലും ഉർവശിയെ തോളിൽ ചുമക്കുന്ന രംഗങ്ങൾ സിനിമയിൽ കുറച്ചെ കാണിച്ചിട്ടുള്ളുവെങ്കിലും ആ സീനിന് വേണ്ടി തന്നേയും ചുമന്ന് ഇരുവരും ഒരുപാട് ദൂരം നടന്നിട്ടുണ്ടെന്ന് പറയുകയാണ് ഉർവശി. മിഥുനത്തിലെ പായിൽ ചുരുട്ടി കൊണ്ട് പോകുന്ന സീൻ ഒറ്റ ടേക്കിൽ എടുത്തതാണ്.

പിന്നെ ശ്രീനിയേട്ടന്റേയും ലാലേട്ടന്റെയും ഉയരവും വ്യത്യസ്തമാണല്ലോ. അതുകൊണ്ട് തന്നെ പായ്ക്കുള്ളിലും ചരിഞ്ഞ് കിടക്കുന്നത് പോലെയായിരുന്നു. അതൊരു ഉഗ്രൻ സീനാണ്. പതിമൂന്ന് വയസുള്ള ഈ കൊച്ചിനെയാണോ മൊതലാളി പതിനാറ് വർഷമായി പ്രേമിക്കുന്നത് എന്ന ഡയലോഗൊക്കെ സൂപ്പറാണ്. ആ ഡയലോഗുകളൊക്കെ ബൈ ഹാർട്ടാണ്.
മൊതലാളി ഭാരം സഹിക്കാൻ വയ്യ. ഞാൻ ഇപ്പോൾ താഴെയിടുമെന്ന് ശ്രീനിയേട്ടൻ പറയുമ്പോൾ ഞാൻ നിലവിളിക്കുന്നുണ്ട്. ഒരുപാട് ചിരിച്ച് ആസ്വദിച്ചാണ് ആ സീനിലൊക്കെ ഞങ്ങൾ അഭിനയിച്ചത്. മലയാളത്തിലെ മഹാന്മാരായ രണ്ട് നടന്മാർ എന്നെ ചുമന്ന് നടന്നുവെന്ന് പറയാം. സിനിമയിൽ ആ സീനിന്റെ കുറച്ച് ഭാഗമെ ഇട്ടിട്ടുള്ളു. പക്ഷെ അവർ എന്നേയും ചുമന്ന് ഒരുപാട് ദൂരം നടന്നു.
പറമ്പിൽ കൂടി നടന്ന് വരമ്പത്തൂടെ നടന്ന് റോഡിൽ വരെ വന്നശേഷമാണ് വാനിലേക്ക് എന്നെ എടുത്ത് ഇടുന്നത്. അത്രയും ദൂരം അവർ നടന്നു. അതൊക്കെ ഒരു യോഗം. ഇപ്പോഴും ആ സീനിനെ കുറിച്ച് ആലോചിക്കുമ്പോൾ രസമാണ് ഉർവശി പറയുന്നു. സിനിമയിൽ എത്തിയിട്ട് 40 വർഷമായിയെങ്കിലും അത് വിപുലമായി ആഘോഷിക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും നടി പറയുന്നു. അഭിനയത്തിന്റെ നാൽപ്പതാം വർഷത്തിലാണ് ഞാൻ.
വേണ്ടത്ര അംഗീകാരം കിട്ടിയോയെന്ന് ചോദിച്ചാൽ ഈ അടുത്ത സമയത്തായി എന്നെ സ്നേഹിക്കുന്നവർ പറഞ്ഞ് പറഞ്ഞ് പറഞ്ഞാണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. ഇതുവരെ കിട്ടിയതെല്ലാം ബോണസെന്ന് പറഞ്ഞ് ജീവിക്കുന്നയാളാണ് ഞാൻ. പക്ഷെ ഇപ്പോൾ പലരും അതെന്താ ഉർവശി അങ്ങനെയെന്ന് എന്നോട് ചോദിക്കുന്നുണ്ട്.

ആ ചോദ്യങ്ങളൊക്കെയാണ് ഞാനും ചോദിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ തോന്നാറുണ്ട് തീർച്ചയായും. ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും. നാൽപ്പത് വർഷത്തെ അഭിനയ ജീവിതം എന്നത് ആഘോഷിക്കപ്പെടേണ്ടതല്ലേയെന്നും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. വലിയ പരിപാടിയായി നടത്താനാണ് പലരും പറയാറ്. പക്ഷെ എനിക്ക് അതിനോട് പേഴ്സണലി താൽപര്യമില്ല. അതുകൊണ്ട് ഞാൻ ഒഴിവാക്കികൊണ്ട് ഇരിക്കുകയാണ്.
കാരണം നാൽപ്പത് വർഷമായി എന്നത് ഒരു ഫുൾസ്റ്റോപ്പല്ലല്ലോ. നമ്മൾ ഇപ്പോഴും ജോലി ചെയ്യുകയാണ്. ചൈൽഡ് ആർട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങി. ഇന്ന് ഇവിടെ വരെ എത്തി. ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക് പോയി നോക്കാനൊന്നും ഞാൻ താൽപര്യപ്പെടുന്നില്ല. കാരണം അഭിനയം പാഷാനായി ഈ മേഖലയിലേക്ക് വന്നയാളല്ല ഞാൻ.
ലോട്ടറി അടിച്ചത് പോലെ കിട്ടിയതാണ് എനിക്ക്. അത് ഗുരുത്വം കൊണ്ട് മുന്നോട്ട് തുടർന്ന് പോയി എന്നേയുള്ളു. അതുകൊണ്ട് ഞാൻ ചെയ്ത മഹാസംഭവമായി തോന്നാറില്ലെന്നും ഉർവശി പറയുന്നു. അടുത്തിടെയാണ് താരം ഉള്ളൊഴുക്ക് സിനിമയിലൂടെ ദേശീയ തലത്തിൽ പുരസ്കാരം നേടിയത്.


Click it and Unblock the Notifications











