'വീഴാനായി ഓടി വരുമ്പോൾ കുഞ്ഞ് അറിയാതെ കുഴിയിലേക്ക് നോക്കും, തലയ്ക്കകത്ത് വിവരമുണ്ടോയെന്ന് ജയറാം ചോദിച്ചു'
ഇന്നും മലയാളി സിനിമാപ്രേമികൾ അത്ഭുതത്തോടെ റിപ്പീറ്റ് അടിച്ച് കാണാറുള്ള ക്ലാസിക്ക് സിനിമകളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത് ജയറാം, ഉർവശി, കെപിഎസി ലളിത, നെടുമുടി വേണു, ബേബി ശ്യാമിലി എന്നിവർ അഭിനയിച്ച മാളൂട്ടി. മഞ്ഞുമ്മൽ ബോയ്സ് അടുത്തിടെ വലിയ രീതിയിൽ വൈറലായപ്പോഴും ആളുകൾക്കിടയിൽ ചർച്ചയായപ്പോഴും പ്രേക്ഷകർ അത്ഭുതപ്പെട്ടത് വലിയ ടെക്നോളജികളൊന്നും ഇല്ലാതിരുന്ന കാലത്ത് ഭരതൻ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കഥ സിനിമയാക്കിയത് ഓർത്താണ്.
വലിയൊരു കഠിനാധ്വാനം മാളൂട്ടിയുടെ മേക്കിങിന് പിന്നിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ നായികയായിരുന്ന ഉർവശി. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പഴയ ഷൂട്ടിങ് ഓർമകൾ ലേഡി സൂപ്പർസ്റ്റാർ പങ്കിട്ടത്.

ഒപ്പം ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന ചില രസകരമായ സംഭവങ്ങളും ഉർവശി പങ്കുവെച്ചു. മാളൂട്ടിയുടെ ഷൂട്ടിങ്ങിൽ കുട്ടിയെ കുഴിയില്‍ ചാടിക്കുന്നതിൽ വലിയ റിസ്കുണ്ടായിരുന്നുവെന്നാണ് ഉർവശി പറയുന്നത്. മാളൂട്ടി സിനിമയിലേതുപോലെ കുഴൽക്കിണറിൽ കുഞ്ഞുങ്ങൾ വീഴുന്ന കേസുകൾ ഇന്നും നമ്മൾ എത്രയോ കേൾക്കുന്നു. അതിന് ഒരു പരിഹാരം ഉണ്ടാക്കാൻ പറ്റിയിട്ടില്ലല്ലോ. ആ സിനിമ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ഒരു ബുദ്ധിമുട്ട്... ആ സിനിമയിലെ മാളൂട്ടിക്ക് ഒരു പട്ടിക്കുട്ടിയുണ്ട്.
അതുപോലെ കുഴിയിൽ വീഴാനായി കുഞ്ഞ് ഓടി വരുമ്പോൾ കുഴിയിലേക്ക് നോക്കരുത്. അവിടെ ഒരു കുഴി നേരത്തെ തന്നെ എടുത്ത് വെച്ചിട്ടുള്ളതുകൊണ്ട് ഷോട്ട് വരുമ്പോൾ കുട്ടി അറിയാതെ കുഴിയിലേക്ക് നോക്കും. അതുപോലെ കുട്ടി കുഴിയിൽ വീണ് കഴിയുമ്പോൾ ഒപ്പമുള്ള പട്ടി കുഴിയിലേക്ക് നോക്കി കുരയ്ക്കണം.
അതെങ്ങനെ കുരപ്പിക്കും. മദ്രാസിൽ നിന്നും വന്ന പട്ടിക്കുട്ടിയും ട്രെയിനറുമായിരുന്നു. മെയിൻ ട്രെയിനറിനൊപ്പം ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു. അവനാണ് അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത്. അവസാനം ഈ പയ്യന്റെ ശബ്ദം ടേപ്പ് റിക്കോർഡറിൽ സേവ് ചെയ്തിട്ട് ഈ കുഴിയിൽ വെച്ചു. അങ്ങനെയാണ് പട്ടി ഓടി വന്ന് കുഴിയിൽ നോക്കി കുരയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തത്.
മാളൂട്ടിയുടേത് ഭയങ്കര പ്രയാസമുള്ള വർക്ക് തന്നെയായിരുന്നു. പിന്നീട് മദ്രാസിൽ വന്നിട്ടാണ് കുട്ടി കുഴിയിൽ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങൾ ഷൂട്ട് ചെയ്ത്. ടണൽ രണ്ടായി ചെയ്തിട്ടാണ് വേരിൽ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങൾ അടക്കം ചിത്രീകരിച്ചതെന്നും ഉർവശി പറഞ്ഞു. ശേഷം മാളൂട്ടി ഷൂട്ടിങിലെ ബ്രേക്കിനിടയിൽ നടന്ന രസകരമായ സംഭവവും നടി പങ്കിട്ടു.

സംവിധായകൻ അടുത്തിരിക്കുന്നത് അറിയാതെ സീരിയലിനെ താൻ കളിയാക്കി എന്നാണ് ഉർവശി പറഞ്ഞത്. അതുപോലെ മറ്റൊരു സംഭവം കൂടി ആ സെറ്റിൽ വെച്ചുണ്ടായി. മാളൂട്ടി ഷൂട്ട് ബ്രേക്കിന്റെ സമയത്ത് ഞങ്ങൾ എല്ലാവരും ടിവി കാണാൻ ഇരിക്കുകയാണ്. ജയറാം അടക്കം എല്ലാവരുമുണ്ട്. അതിനിടയിൽ ഒരു സീരിയൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ഞാൻ അത് കണ്ട് സീരിയലിനെ ഓരോന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങി.
പഴയ നാടകം പോലെയുണ്ടല്ലോ എന്നെല്ലാം ഞാൻ പറയുന്നുണ്ട്. വേറെയും എന്തൊക്കയോ ആ സീരിയലിന്റെ കുഴപ്പങ്ങൾ ഞാൻ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ജയറാം എന്നെ കണ്ണ് കാണിക്കുന്നുണ്ട്. മിണ്ടാതിരിക്കാൻ പറഞ്ഞുകൊണ്ട്. പക്ഷെ എനിക്ക് അതൊന്നും മനസിലായില്ല. ജയറാം എന്നെ വഴക്ക് പറയാൻ കാരണം ഞാൻ കുറ്റം പറയുന്ന സീരിയലിന്റെ സംവിധായകനും നമുക്കൊപ്പം അവിടിരുന്ന് സീരിയൽ കാണുന്നുണ്ടായിരുന്നു എന്നതുകൊണ്ടാണ്.
അവസാനം ഞാൻ സംസാരം നിർത്തുന്നില്ലെന്ന് കണ്ട് എന്നേയും കൂട്ടി ജയറാം പുറത്തേക്ക് പോയി. എന്നിട്ട് എന്നോട് പറഞ്ഞു... തലയ്ക്കകത്ത് വിവരം വല്ലതുമുണ്ടോ..? നമ്മുടെ തൊട്ട് അടുത്ത് ഇരുന്ന് മനുഷ്യനാണ് നീ കുറ്റം പറയുന്ന സീരിയലിന്റെ സംവിധായകനെന്ന്.
എത്ര നേരമായി മിണ്ടാതിരിക്കാൻ ഞാൻ പറയുന്നു. ഒന്നോ രണ്ടോ പറഞ്ഞശേഷം നിർത്തിക്കൂടെ..? എന്നൊക്കെ ജയറാം എന്നോട് പറഞ്ഞു. ആ പ്രായത്തിൽ ഇങ്ങനെയുള്ള അബദ്ധങ്ങൾ എനിക്ക് പറ്റിയിട്ടുണ്ടെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications