'എനിക്ക് ഇഷ്ടമില്ലാത്തവരൊക്കെ സൗന്ദര്യമില്ലാത്തവർ, കറുത്തിരിക്കുന്നു വെളുത്തുവെന്ന് പറയുന്നത് ഇഷ്ടമല്ല'
ഒരു കാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ജോഡിയാണ് ഉർവശിയും ശ്രീനിവാസനും. ഇന്നും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്ന ഏറെയും മലയാള സിനിമകളിൽ ജോഡികൾ ഇരുവരും തന്നെയാണ്. ഏറ്റവും സൗന്ദര്യമുള്ള നടനാരാണെന്ന് ചോദിച്ചാൽ ആദ്യം ഉർവശി പറയുക ശ്രീനിവാസന്റെ പേരാണ്. അുപോലെ ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട നടിയും ഉർവശിയാണ്. ഒരിക്കൽ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ റിമി ടോമി ഉർവശിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഏറ്റവും സുന്ദരനായ നായകൻ ആരാണ് എന്നതായിരുന്നു ചോദ്യം.
ഉത്തരം പറയാൻ ഒരുപാട് ഓപ്ഷനുകളും റിമി ഉർവശിക്ക് നൽകിയിരുന്നു. എന്നാൽ കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു ഉർവശി പറഞ്ഞത്. എന്തുകൊണ്ടാണ് ലിസ്റ്റിൽ ശ്രീനിവാസനെ ഉൾപ്പെടുത്താതിരുന്നതെന്നാണ് ആദ്യം ഉർവശി ചോദിച്ചത്. കൂടാതെ ഏറ്റവും സുന്ദരനായ നടൻ ശ്രീനിവാസനാണെന്ന് ഊന്നി പറയുകയും ചെയ്തു. അന്ന് ഉർവശിയുടെ പക്വതയുള്ള മറുപടിയെ ആരാധകരെല്ലാം അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ബോഡി ഷെയിമിങ് കമന്റുകൾ പറഞ്ഞുകൊണ്ട് കോമഡിയുണ്ടാക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് പറയുകയാണ് ഉർവശി. ഉള്ളൊഴുക്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ ഇവർ മൂന്നുപേരുടെയും സിനിമ ഒരുമിച്ച് വന്നാൽ നിങ്ങൾ ആരുടെ സിനിമ ചെയ്യുമെന്ന ചോദ്യം വന്നപ്പോൾ അതിനിടയ്ക്ക് ശ്രീനിവാസന്റെ ഒരു പടം വന്നിട്ടുണ്ട് അത് ഞാൻ ചെയ്യുമെന്ന് മറുപടി പറഞ്ഞു.
അവരുടെ ചോദ്യം അങ്ങനെയായിരുന്നു. പക്ഷെ മാറ്റി മറിച്ചാണ് പലയിടത്തും വന്നത്. പിന്നെ സൗന്ദര്യത്തിന്റെ കാര്യം എവിടെയും ഉദിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളവരൊക്കെ സൗന്ദര്യമുള്ളവരാണ്. സുന്ദരന്മാരും സുന്ദരികളുമാണ്.
എനിക്ക് ഇഷ്ടമില്ലാത്തവരൊക്കെ സൗന്ദര്യമില്ലാത്തവരാണ്. തീർന്നല്ലോ... എന്റെ അടുത്ത് ഇരിക്കുന്നവർ പോലും വേറൊരാളെ കുറിച്ച് കറുത്തിരിക്കുന്നു വെളുത്തിരിക്കുന്നുവെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. നമ്മൾ എന്താണ് അപ്പോയ്ന്റ്മെന്റ് എഴുതി കൊടുത്തിട്ടാണോ വെളുത്ത് ഇങ്ങോട്ട് വന്നിരിക്കുന്നത്. നമ്മുടെ വല്ല കഴിവുമുണ്ടോ ഇതിനകത്ത്. ജനിച്ച സമയത്ത് ഈശ്വരന്റെ ഒരു അനുഗ്രഹം. വലിയ കുഴപ്പമില്ലാതെ അങ്ങനെ പോവുന്നു.
കണ്ണിരിക്കുന്നിടത്ത് കണ്ണിരിക്കുന്നു അതെല്ലാം എന്റെ ക്രെഡിറ്റ് ആയിട്ട് എങ്ങനെ പറയും. എനിക്കിഷ്ടമല്ല. സിനിമയിലും പറയുന്നത് ഇഷ്ടമല്ല. നായകനെ പൊക്കി പറയാൻ വേണ്ടി കൊമേഡിയനെ വെറും മോശക്കാരനാക്കുന്ന പ്രവണതയുണ്ടല്ലോ അത് കാലകാലങ്ങളായി ഇങ്ങനെ കണ്ടുവരുന്നുണ്ട്. അതുപോലും ഒരു പരിധിക്കപ്പുറം പോയാൽ ആസ്വദിക്കാൻ എനിക്ക് കഴിയാറില്ല.

അയാളുടെ ഏരിയയിൽ അയാൾ ഒരു ഹീറോ അല്ലേ. അയാളുടെ വീട്ടിൽ അയാളുടെ കുട്ടികൾക്കിടയിൽ കുടുംബത്തിലെല്ലാം അയാൾ ഹീറോയാണ്. കുറേനേരം അത് തന്നെ കാണിച്ചാൽ എങ്ങനെ ഉണ്ടാവും. അച്ഛനെ കളിയാക്കുന്നത് എത്ര മക്കൾക്കാണ് ഇഷ്ടപ്പെടുക.
പിന്നെ ഇതൊക്കെ ഒരു ശീലമായത് കൊണ്ട് പിള്ളേർ കണ്ട് പോവുന്നു. പക്ഷെ വ്യക്തിപരമായി എനിക്കത് ഇഷ്ടമല്ലെന്നാണ് ഉർവശി പറഞ്ഞത്. നവാഗതനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഉർവ്വശി, പാർവതി എന്നിവരുടെ മികച്ച അഭിനയമുഹൂർത്തങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications