'ഡെയ്റ്റ് ചോദിച്ച് വിളിക്കുമ്പോഴെല്ലാം ഞാൻ ദേഷ്യപ്പെടും, ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ് ഈ പുരസ്കാരം'; ഉർവശി
മഹാ നടി എന്ന വിശേഷണത്തിന് മലയാള സിനിമാ ചരിത്രത്തിൽ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ഉർവശിക്കാണ് എന്നാണ് സിനിമയെ സ്നേഹിക്കുന്നവർ പറയാറുള്ളത്. സിനിമയിൽ അരങ്ങേറിയ കാലം മുതൽ ഇതുവരെയും ചെയ്ത സിനിമകളിലൂടെയെല്ലാം ഉർവശി വിസ്മയിപ്പിച്ചിട്ടുണ്ട്. ഉള്ളൊഴുക്ക് കണ്ടവരെല്ലാം ഇത്തവണത്തെ മികച്ച നടി ഉർവശിയാണെന്ന് പ്രവചിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. സിനിമാ കരിയറിലെ ആറാമത്തെ സ്റ്റേറ്റ് അവാർഡാണ് ഉള്ളൊഴുക്കിലൂടെ ഉർവശിയെ തേടി എത്തിയിരിക്കുന്നത്.
പാർവതി തിരുവോത്തും ഉർവശിയുമായിരുന്നു ഉള്ളൊഴുക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സംവിധായകൻ ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ് തന്റെ മികച്ച നടിക്കുള്ള പുരസ്കാരം എന്നാണ് ഉർവശി അവാർഡ് നേടിയ സന്തോഷത്തിൽ മീഡിയ വണ്ണിനോട് സംസാരിക്കവെ പറഞ്ഞത്. അഭിനയിക്കുമ്പോൾ അവാർഡ് നമ്മുടെ മുമ്പിൽ വരാറില്ല.

ഡയറക്ടറാണ് ആദ്യത്തെ അവാര്‍ഡ് തരുന്നയാള്‍. അദ്ദേഹം ഓകെ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പിന്നെ പടം റിലീസ് ചെയ്തശേഷം എല്ലാവരും അഭിനന്ദിച്ചു. ഓരോ അഭിനന്ദനങ്ങളും ഓരോ പുരസ്കാരങ്ങളാണ്. പ്രേക്ഷകർ സിനിമ നന്നായിരിക്കുന്നുവെന്ന് പറയുമ്പോഴും ഹൃദയപൂർവം അതൊരു പുരസ്കാരമായാണ് സ്വീകരിക്കുന്നത്. തീര്‍ച്ചയായും സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്.
ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ് അവാര്‍ഡ് എനിക്ക്. ആറാമത്തെ പുരസ്‌കാരമാണ് എന്നത് ഞാന്‍ എണ്ണിയിട്ടില്ല. പാര്‍വതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കില്‍ നടന്നത്. പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാന്‍ പറ്റിയത്. പാര്‍വതിയുടേതും വളരെ മികച്ച പ്രകടനമായിരുന്നു.
പാർവതിയും അർഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ഉള്ളൊഴുക്കിനെ സംബന്ധിച്ചിത്തോളം ഞാന്‍ മാനസീകമായും ശാരീരികമായും ഒരുപാട് വിഷമതകള്‍ നേരിട്ട് ചെയ്ത സിനിമ കൂടിയായിരുന്നു. അരക്കൊപ്പം വെള്ളത്തിൽ നിന്നാണ് അഭിനയിച്ചത്. രാവിലെ മുതൽ വൈകീട്ട് ഷൂട്ട് തീരുന്നത് വരെ ആ വെള്ളത്തിലാണ് നിൽക്കുന്നത്. പിന്നെയാണ് റൂമിൽ എത്തുന്നത്.
കാലുകൾ കറുത്ത് പോയിരുന്നു. അതുപോലെ കരയുന്ന കഥാപാത്രം ചെയ്യില്ലെന്ന് ഞാനാണ് സംവിധായകനോട് പറഞ്ഞത്. എനിക്ക് വേണ്ടി ഉള്ളൊഴുക്കിന്റെ സംവിധായകൻ കുറേ വെയിറ്റ് ചെയ്തു. നാൽപ്പത്തിനാല് ദിവസവും ഷൂട്ടിങിൽ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കാൻ പറ്റില്ലെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ ചേച്ചി എങ്ങനെ ചെയ്യുന്നുവോ അങ്ങനെ ചെയ്തോളാൻ അദ്ദേഹം പറഞ്ഞു.

കരയാതെ കരയുന്നതാണ് ഏറ്റവും പ്രയാസമെന്ന് അപ്പോൾ ഞാൻ ചിന്തിച്ചില്ല. കരയാതെ അഭിനയിച്ച് അവസാനം ഞരമ്പിനൊക്കെ വേദന എടുത്ത് തുടങ്ങി. നാൽപ്പത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ശാരീരികമായും ക്ഷീണിച്ചു. പിന്നെ സ്മാർട്ടാവാൻ ഞാനായിട്ട് തന്നെ ഒരു ശ്രമം നടത്തി. കാരണം മരിച്ച വീട് പോലുതന്നെ എല്ലാവരും ഡള്ളായി ഇരിക്കുകയാണ് സെറ്റിൽ. അതുകൊണ്ട് ഞാൻ തന്നെ ഒച്ചയെടുത്ത് തമാശ ഉണ്ടാക്കി പറയും.
ക്രിസ്റ്റോ ഡെയ്റ്റ് ചോദിച്ച് വിളിക്കുമ്പോഴെല്ലാം ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സംവിധായകൻ ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ് ഈ പുരസ്കാരമെന്ന് പറഞ്ഞാണ് ഉർവശി അവസാനിപ്പിച്ചത്. അർഹതപ്പെട്ട കരങ്ങളിൽ തന്നെയാണ് മികച്ച നടിക്കുള്ള പുരസ്കാരം എത്തിച്ചേർന്നതെന്നാണ് പ്രേക്ഷകരും കുറിക്കുന്നത്.


Click it and Unblock the Notifications











