മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
അമ്മ ഉർവശിക്കൊപ്പം സമയം കണ്ടെത്താൻ മകൾ തേജാലക്ഷ്മി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് തേജാലക്ഷ്മി. ഉർവശിയെ പോലെ മികച്ച നടിയായി തേജാലക്ഷ്മിയും പേരെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. അമ്മയുടെ ഹ്യൂമർ സെൻസ് മകൾക്കും അത് പോലെ തന്നെ ലഭിച്ചിട്ടുണ്ട്. ഇതിനുദാഹരണമാണ് തേജാലക്ഷ്മിയുടെ പുതിയ അഭിമുഖം. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രസകരമായാണ് തേജാലക്ഷ്മി സംസാരിക്കുന്നത്.
ഉർവശിക്കൊപ്പമാണ് തേജാലക്ഷ്മി അഭിമുഖത്തിൽ പങ്കെടുത്തത്. കുടുംബത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. മകൻ വികൃതിയാണെന്ന് ഉർവശി പറയുന്നു. ഭർത്താവ് മകനെ തല്ലും. പക്ഷെ എനിക്ക് അടിക്കാൻ പറ്റില്ല. ചുമ്മാ ഒന്ന് തല്ലിയാൽ പോലും നാല് ദിവസം ഞാൻ അത് തന്നെ ആലോചിച്ചിരിക്കും. അതിനാൽ കഴിയുന്നത്രയും എക്സ്പ്രഷനിട്ട് ഭയപ്പെടുത്താൻ നോക്കിയിരുന്നെന്നും ഉർവശി പറയുന്നു.

അനിയനെ പല ഭാവങ്ങൾ കാണിച്ച് താനും ഭയപ്പെടുത്താൻ നോക്കിയിട്ടുണ്ടെന്ന് തേജാലക്ഷ്മി പറഞ്ഞു. മകൾക്ക് സെൻസ് ഓഫ് ഹ്യൂമറുണ്ട്. തന്റെ അമ്മയിൽ നിന്നാണ് അത് ലഭിച്ചതെന്നും ഉർവശി വ്യക്തമാക്കി. തേജാലക്ഷ്മിയുടെ കുട്ടിക്കാലത്തെക്കുറിച്ചും ഉർവശി സംസാരിച്ചു.
മകൾ ചെറിയ പ്രായത്തിൽ എല്ലാവരെയും കടിക്കുമായിരുന്നു. അച്ഛന്റെ സഹോദരിയാണ് വളർത്തിയത്. അവർക്ക് മൂന്ന് ആൺ മക്കളാണ്. ഒരു പെൺകുട്ടിയുണ്ട്. അവളെ കല്യാണം കഴിച്ചയച്ചു. അവരെയും മകൾ കടിക്കും. പൊതുവെ അടിക്കുന്ന ആളല്ല അത്ത. വളരെ സോഫ്റ്റാണ്. അവരുടെ തോളിൽ കടിക്കും. കീരിയുടെ പല്ല് പോലുള്ള ചെറിയ പല്ലാണ് ഇവൾക്ക്. എന്താണ് അത്ത, കുറേ നേരമായല്ലോ അവിടെ നിൽക്കുന്നതെന്ന് ഞാൻ ചോദിച്ചു. പിന്നിൽ വന്ന് നോക്കിയപ്പോൾ ഇവൾ അവരെ കടിക്കുകയാണ്.

വേദനിക്കും. പാവം, പക്ഷെ ഒന്നും പറയില്ല. അത്രയും ക്ഷമയാണ്. അന്നത്തെ ആളുകൾക്ക് നല്ല ക്ഷമയാണ്. പെട്ടെന്ന് ദേഷ്യം വന്ന് അവരാരും തല്ലില്ലായിരുന്നു. ഞങ്ങൾ ആദ്യം താമസിച്ച അപാർട്മെന്റിന് താഴെ ഒരു ലേഡി ഡോക്ടർ ഉണ്ട്. മകൾ അവിടെ പോയി കളിക്കും. ഫ്ലാറ്റിലെ എല്ലാ കുട്ടികളുണ്ട്. എന്നോട് ഒരു പുതിയ സംവിധായകൻ കഥ ആവേശത്തിൽ പറഞ്ഞ് കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന് ആ ഡോക്ടർ അങ്ങോട്ട് വന്നു. മനുഷ്യൻ കടിച്ചാൽ എന്താണ് മരുന്നെന്ന് എന്നോട് ചോദിച്ചു. നിങ്ങളുടെ മകൾ എന്റെ മകനെ എല്ലായിടത്തും കടിച്ചു. നായ്ക്കുട്ടിയെ പോലെയാണോ മകളെ വളർത്തിയതെന്ന് ചോദിച്ചു. ഡയറക്ടർ പയ്യനും ചിരി വന്നു. എനിക്കും ചിരി വന്നു. അവർ മകനെ കൂട്ടി വന്ന് കടിച്ചത് കാണിച്ചു.
എനിക്ക് പാവം തോന്നി. ഞാൻ ഐസെല്ലാം വെച്ച് കൊടുത്തു. കുഞ്ഞ് കടിച്ചാൽ എന്താണ് മരുന്നെന്ന് ഡോക്ടറോട് ചോദിച്ചു. അതിന് മരുന്നില്ല, ഞാൻ ഡോക്ടർ അല്ലേയെന്ന് അവർ. അതിന് ശേഷം ഞാനും മകളും താഴോട്ട് പോയാൽ അവർ മകനെ ഉള്ളിലേക്ക് ഒളിപ്പിക്കും. ഇന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു. പക്ഷെ അന്ന് അവർക്കാെക്കെ എങ്ങനെ മറുപടി നൽകുമെന്നും ഉർവശി ചിരിച്ച് കൊണ്ട് ചോദിച്ചു. അമ്മയുടെ ചേച്ചിമാർ തനിക്ക് സുഹൃത്തുക്കളെ പോലെയായിരുന്നെന്ന് തേജാലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications