പുരുഷൻമാരാണ് എഴുന്നേറ്റ് കൊടുക്കുക, സ്ത്രീകൾ മാറില്ല; സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്; ഉർവശി
അഭിനയത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭയായ ഉർവശിക്ക് ഇന്നും കൈ നിറയെ അവസരങ്ങളാണ്. സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന ഉർവശിയുടെ സിനിമകൾ ഒന്നിന് പിറെ ഒന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന മിക്ക നായികമാർക്കും സിനിമകൾ കുറഞ്ഞെങ്കിലും ഉർവശിക്ക് അന്നും ഇന്നും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നു. ഉർവശിയുടെ അഭിനയ മികവിനെക്കുറിച്ച് സഹപ്രവർത്തകർ വാചാലരാകാറുണ്ട്.
സിനിമയ്ക്കപ്പുറം മറ്റ് വിഷയങ്ങളിൽ ഉർവശി പൊതുവെ സംസാരിക്കാറില്ല. അനാവശ്യ പ്രസ്താവനകളോ വിവാദങ്ങളോ ഉർവശിയുടെ ഭാഗത്ത് നിന്നും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അതേസമയം ചില വിഷയങ്ങളിൽ ഉർവശി തന്റെ അഭിപ്രായം തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉർവശി നടത്തിയ പരാമർശം ശ്രദ്ധ നേടുകയാണ്. ആങ്കറുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഉർവശി തന്റെ അഭിപ്രായം പങ്കുവെച്ചത്.

തമിഴ്നാട്ടിൽ ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യ യാത്ര ബസിൽ ലഭിക്കുന്നുണ്ട്. എന്നാൽ സൗജന്യമായി യാത്ര ചെയ്യുകയല്ലേയെന്ന് പറഞ്ഞ് പലരും സ്ത്രീകൾക്ക് സീറ്റ് നൽകുന്നില്ലെന്ന് അവതാരക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ സ്ത്രീ പുരുഷ സമത്വത്തിന്റെ മറ്റൊരു വശമാണ് ഉർവശി ചൂണ്ടിക്കാട്ടിയത്.
എയർപോർട്ടിൽ നിന്നും റൺവേയിലേക്ക് പോകാൻ ഒരു ബസ് അയക്കും. എയർപോർട്ടിൽ നിന്നും റൺവേയിലെത്താൻ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസിൽ മുതിർന്നവർ നിന്നാലും സ്ത്രീകൾ എഴുന്നേറ്റ് കൊടുക്കില്ല. പുരുഷൻമാരാണ് എഴുന്നേറ്റ് സീറ്റ് നൽകുക. ഞാനിത് ഒരുപാട് കണ്ടിട്ടുണ്ട്. ആരും ഒന്നും വിചാരിക്കരുത്. സത്യമായ കാര്യമാണ് പറയുന്നത്. ഫോൺ വിളിച്ച് കൊണ്ട് റോഡിലൂടെ അലക്ഷ്യമായി നടക്കുന്നവരിൽ തൊണ്ണൂറ് ശതമാനവും പെൺകുട്ടികളാണ്.

പിറകിൽ ആര് വരുന്നുണ്ട്, വണ്ടി പോകുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കില്ല. നമുക്ക് തന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. സ്ത്രീകളെന്ന നിലയിലുള്ള ആനുകൂല്യങ്ങൾ വാങ്ങും. ക്യൂവിൽ നിൽക്കുമ്പോൾ അവളെ മുന്നിൽ നിർത്ത് എന്ന് പുരുഷൻമാർ പറഞ്ഞാൽ ഓക്കെ. എന്നാൽ ഈ സ്ത്രീ മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കുമോ എന്ന് ചോദിച്ചാൽ കൊടുക്കില്ല. ഞാനും ഇവിടെ തന്നെയാണ് നിൽക്കുന്നത്, പിന്നിലോട്ട് പോകൂയെന്ന് പറയും. ഞാനുൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഈ പറയുന്നതെന്നും ഉർവശി വ്യക്തമാക്കി.
ജെ ബേബിയാണ് ഉർവശിയുടെ പുതിയ തമിഴ് ചിത്രം. ഉർവശി പ്രധാന വേഷം അവതരിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് മാരനാണ് സിനിമ സംവിധാനം ചെയ്തത്. റാണി, ജലധാര പമ്പ്സെറ്റ്, അയ്യർ ഇൻ അറേബ്യ എന്നിവയാണ് മലയാളത്തിൽ ഉർവശിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.
നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭർത്താവിനൊപ്പം ചെന്നെെയിലാണ് ഉർവശി കഴിയുന്നത്. ശിവപ്രസാദ് എന്നാണ് ഉർവശിയുടെ ഭർത്താവിന്റെ പേര്. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്.


Click it and Unblock the Notifications