'മഹാരാജാവ് പോലും ഉറങ്ങിയിരുന്ന തൊട്ടിലിൽ മകൾ ഉറങ്ങുന്നു'; പാരമ്പര്യമായി കിട്ടിയ തൊട്ടിലിനെ കുറിച്ച് ഉത്തര!
സിനിമാ കുടുംബത്തിൽ നിന്നും എത്തി അഭിനയത്തിലും മോഡലിങിലും നൃത്തത്തിലുമെല്ലാം ശ്രദ്ധനേടിയ നടിയാണ് ഉത്തര ഉണ്ണി. മുപ്പത്തൊന്നുകാരിയായ ഉത്തര ഇക്കഴിഞ്ഞ ജൂലൈയിലാണ് അമ്മയായത്. തനിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷം ഉത്തര ഉണ്ണി തന്നെ ആരാധകരെ അറിയിച്ചിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറിയത്. എന്നാൽ ഇപ്പോൾ ഉത്തര അഭിനയത്തിൽ അത്ര സജീവമല്ല.
ധീമഹി നിതേഷ് നായർ എന്നാണ് മകൾക്ക് ഉത്തരയും കുടുംബവും പേരിട്ടത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഉത്തര സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ട്. മകൾ ജനിച്ചശേഷം അവളുടെ ഓരോ ചെറിയ വിശേഷങ്ങളും ഉത്തര പങ്കിടാറുണ്ട്. ഇപ്പോഴിതാ മകൾ ഉറങ്ങുന്ന തൊട്ടിലിന്റെ പ്രത്യേകതകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ഉത്തര ഉണ്ണി.

പാരമ്പര്യമായി കൈമാറി കിട്ടിയ തൊട്ടിലിലാണ് മകൾ ഉറങ്ങുന്നതെന്നാണ് ഉത്തര പറയുന്നത്. മഹാരാജാവ് പോലും ഈ തൊട്ടിലിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഉത്തര സോഷ്യൽമീഡിയയിൽ കുറിച്ചു. പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിൽ താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാനും ഉറങ്ങിയിരുന്നുവെന്നും രാജഭരണകാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ താരാട്ടിയുറക്കിയിരുന്ന തൊട്ടിലാണിതെന്നും ഉത്തര ഉണ്ണി കുറിച്ചു.
'മകൾ ഈ ഐശ്വര്യമുള്ള തൊട്ടിലിനോട് വിടപറയാൻ സമയമായെന്ന് തോന്നുന്നു. അവൾ ഇപ്പോൾ കഴിയുന്നത്ര വേഗത്തിൽ ഉരുളാൻ ശ്രമിക്കുകയാണ്. പറക്കാൻ ശ്രമിക്കുന്നതുപോലെ അവളുടെ കൈകളും കാലുകളും തൊട്ടിലിന് പുറത്തേക്ക് ഇടുകയാണ്.'
'ഈ തൊട്ടിൽ ഞങ്ങളുടെ പൂർവികർ തലമുറകളായി കൈമാറി വന്നതാണ്. ഞാൻ, എന്റെ അമ്മ, മുത്തശ്ശി, മുത്തച്ഛൻ അങ്ങനെ ഞങ്ങൾ എല്ലാവരും കിടന്ന തൊട്ടിലാണിത്. എനിക്കറിയാവുന്ന ചരിത്രം ഇത്രമാത്രം... തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ ജനിച്ചത് എന്റെ മുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാൻ താമസിക്കുന്ന അതേ കൊട്ടാരത്തിലാണ്.'
'ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരം. തടി കൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെയാണ് നീന്തിത്തുടിച്ചതെന്ന ചരിത്രം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നാൽ എന്റെ മകൾ ധീമഹി ഈ തൊട്ടിലിന് പുറത്ത് അവളെ കാത്തിരിക്കുന്ന ലോകത്തേക്ക് പറന്നിറങ്ങാൻ പോവുകയാണ്', എന്നാണ് മകളുടെ തൊട്ടിലിന് അരികിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉത്തര ഉണ്ണി കുറിച്ചത്.

സ്വാതിതിരുനാൾ മഹാരാജാവിനെ ഉറക്കാൻ ഇരയിമ്മൻ തമ്പി രചിച്ച ഓമനത്തിങ്കൾ കിടാവോ എന്ന പാട്ടിനൊപ്പമാണ് ഉത്തര ഉണ്ണി മകൾ തൊട്ടിലിൽ കിടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ വേഗത്തിൽ ഉത്തരയുടെ കുറിപ്പ് വൈറലായി. ആരാധകരെയെല്ലാവരേയും ആകർഷിച്ചത് ഉത്തരയുടെ കുഞ്ഞ് കിടന്ന തൊട്ടിൽ തന്നെയാണ്.
മരത്തിൽ മനോഹരമായി പണിതീർത്തതാണ് ഉത്തരയുടെ കുഞ്ഞിന്റെ തൊട്ടിൽ. സഹോദരിമാരുടെ മക്കളാണ് ഉത്തര ഉണ്ണിയും നടി സംയുക്ത വർമയും. ഉത്തരയുടെ വിവാഹത്തിന് സംയുക്തയും ബിജു മേനോനും മകനും പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. പ്രത്യേക പരമ്പരാഗത ഫാഷനിലെ മാലയും കമ്മലും അണിഞ്ഞ സംയുക്തയുടെ ലുക്ക് ട്രെൻഡ് ആയിരുന്നു.
കുഞ്ഞ് പിറന്നശേഷം ഗർഭിണിയായിരുന്ന വേളയിൽ നൃത്തം ചെയ്യുന്ന വീഡിയോസ് ഉത്തര പോസ്റ്റ് ചെയ്തിരുന്നു. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് വരെ നൃത്തം ചെയ്തതായി ഒരു വീഡിയോ പോസ്റ്റിലൂടെ ഉത്തര പറഞ്ഞിട്ടുമുണ്ട്. മകൾക്ക് ഗായത്രീ മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉത്തര ഉണ്ണി പേര് നൽകിയിട്ടുള്ളത്. ബുദ്ധിമതി എന്നാണ് ധീമഹി എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരയുടെ സീമന്തം ചടങ്ങും വളരെ വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായിരുന്നു.


Click it and Unblock the Notifications











