'ഇനി കല്യാണമേളം...'; നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു, എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് രാധിക!
കസബയിലെ കമലയായും മാസ്റ്റർപീസിലെ ഭവാനി ദുർഗയായും കാറ്റിലെ മുത്തുലക്ഷ്മിയായും മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാർ. മുപ്പത്തിയെട്ടുകാരിയായ വരലക്ഷ്മി അവതരിപ്പിച്ചവയിൽ ഏറെയും വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു. അവ അതിശയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള വരലക്ഷ്മിയുടെ കഴിവ് എടുത്തുപറയേണ്ടത്. തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും കന്നഡയിലും ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രിയങ്കരിയായി കഴിഞ്ഞു ഇതിനോടകം താരം.
2012ല്‍ സിമ്പു നായകനായ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. അച്ഛന്റെ സിനിമാ പാരമ്പര്യമാണ് വരലക്ഷ്മിയേയും സിനിമയിലേക്ക് എത്തിച്ചത്. നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം. പോടാ പോടി പുറത്തിറങ്ങിയ ശേഷം സുന്ദർ.സി സംവിധാനം ചെയ്ത മദ ഗജ രാജ എന്ന ചലച്ചിത്രത്തിൽ വിശാലിനോടൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ ഈ ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലും കാറ്റ് എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാറാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടത്.
'ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി ശരത്കുമാർ അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു', എന്നാണ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചത്.
വളരെ സിംപിളായിരുന്നു ചടങ്ങ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഓഫ് വൈറ്റിൽ ഗോൾഡൺ ബോഡറുള്ള സാരിയും റോസ് നിറത്തിലുള്ള ബ്രൊക്കേഡ് ബ്ലൗസും അതിനിണങ്ങിയ ആഭരണങ്ങളും അണിഞ്ഞ് സിംപിൾ ലുക്കിലാണ് ചടങ്ങിന് വരലക്ഷ്മി എത്തിയത്. ടിപ്പിക്കൽ തമിഴ് പയ്യനായി മുണ്ടും ഷർട്ടും ധരിച്ചാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് സച്ച്ദേവ് എത്തിയത്. ചിത്രങ്ങൾ വൈറലായതോടെ ലിസി ലക്ഷ്മി അടക്കമുള്ള താരങ്ങൾ വരലക്ഷ്മിക്കും വരനും ആശംസകൾ നേർന്ന് എത്തി.
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കണാത്രെ. ഈ വർഷാവസാനത്തോട വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാർച്ച് അഞ്ചിനാണ് വരലക്ഷ്മി ജനിച്ചത്. ശരത്കുമാറിന്റെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി.

വരലക്ഷ്മിയുടെ അമ്മ ഛായയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ശരത്കുമാർ നടി രാധികയെ വിവാഹം ചെയ്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാൻ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് വരലക്ഷ്മി. ഇതിനുശേഷം നടിയാകുന്നതിന് മുമ്പ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും പരിശീലനം നേടുകയുണ്ടായി.
അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സൂപ്പർഹീറോ ചിത്രമായ ഹനു മാനാണ് നടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ രായനിൽ കാളിദാസ് ജയറാം, എസ് ജെ സൂര്യ, സെൽവരാഘവൻ, പ്രകാശ് രാജ്, അപർണ ബാലമുരളി എന്നിവർക്കൊപ്പം വരലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications