ഞാൻ മത്സരിക്കുന്നില്ല, പൊളിറ്റിക്കൽ പ്രഷർ കൊണ്ടാകും അവർ സഹായിക്കാതിരുന്നത്, വോട്ടർ പട്ടികയിൽ പേരില്ല; വീണ
ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാര്‍ത്ഥിയായി താൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ച് നടി വീണ നായര്‍. വോട്ടർ പട്ടികയിൽ പേരില്ലെന്നതാണ് കാരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വീണ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചത്. ഈ വരുന്ന നിയമസഭ ഇലക്ഷനിൽ ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ട്വന്റി ട്വന്റി എൻഡിഎയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുത്ത് ഇരിക്കുകയായിരുന്നു ഞാൻ.
വളരെ ഖേദത്തോട് കൂടി ഈ ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കുകയാണ്. എന്നെ അറിയാവുന്ന എന്നെ പ്രതീക്ഷിച്ചിരിക്കുന്ന ആൾക്കാരെ ഈ വാർത്ത അറിയിക്കണം എന്നതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. രാവിലെ അമ്പലത്തിൽ പോയി തൊഴുത് വളരെ പ്രതീക്ഷയോടെയാണ് ഞാൻ ഏറ്റുമാനൂർ അമ്പലത്തിൽ എത്തിയതും ട്വന്റി ട്വന്റിയുടെ ആൾക്കാരെയും ബിജെപിയുടെ ആൾക്കാരെ കണ്ടതുമെല്ലാം.

അപ്പോഴാണ് അറിഞ്ഞത് വോട്ടർ പട്ടികയിൽ എന്റെ പേര് ഉൾപ്പെടുത്താൻ കൊടുത്തിട്ട് അത് അപ്രൂവൽ ആയിട്ടില്ലെന്ന്. വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണത്. മത്സരിക്കാൻ തീരുമാനിച്ചശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള കാര്യങ്ങൾ ഞാൻ ചെയ്തിരുന്നു. പക്ഷെ അതിനുള്ള സമയ പരിധി പതിനഞ്ചാം തിയതി വരെ മാത്രമായിരുന്നുവെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. ശരിക്കും പറഞ്ഞാൽ എല്ലാം കൃത്യമായി ഞാൻ അറിയുന്നത് ഇന്നാണ്.
ഇതിന് മുമ്പ് ഞാൻ വോട്ട് ചെയ്തിട്ടുള്ളത് ചങ്ങനാശ്ശേരിയിലാണ്. ഇന്നലെ വൈകിട്ട് വരെ ബിൽഒ അടക്കം എല്ലാവരും വോട്ടർ പട്ടികയിൽ എന്റെ പേര് ചേർക്കാനുള്ള കാര്യങ്ങൾ ചെയ്തിരുന്നു. അഡ്രസ്സിൽ ഒരു ചെയ്ഞ്ച് സംഭവിച്ചിരുന്നു. അത് മനസിലാക്കിയശേഷം വീണ്ടും എല്ലാം ആദ്യം മുതൽ ഞാൻ ചെയ്തിരുന്നു.
അതിനിടയിൽ വന്ന കറക്ഷനിടയിലാണ് പ്രശ്നം വന്നത്. കാര്യങ്ങൾ ചെയ്യാൻ കാലതാമസം എടുത്തു. മാറ്റങ്ങൾ വരുത്താൻ കൊടുത്താൻ കഴിഞ്ഞാൽ ഏഴ് ദിവസത്തോളം പ്രോസസിന് സമയം എടുക്കും. അങ്ങനെ നോക്കുമ്പോൾ 23 ആം തിയ്യതിയാകും. നോമിനേഷൻ കൊടുക്കേണ്ട തിയ്യതിയും കടന്ന് പോകും. അതുകൊണ്ട് തന്നെ നോമിനേഷൻ കൊടുത്താലും തള്ളിപ്പോകും.
എല്ലാം ശരിയാകുമെങ്കിലും ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് സാധ്യമാകുന്ന കാര്യമല്ല. കലക്ടറേയും ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനേയുമെല്ലാം കണ്ടശേഷം ഏറ്റുമാനൂരിലേക്ക് പോവുകയാണ് ഞാൻ. പേര് ചേർക്കുന്നതിനുള്ള സാധ്യതകൾ അങ്ങേയറ്റം ഞാൻ പരിശോധിച്ചിരുന്നു. പക്ഷെ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവർക്കും പരിമിതികളുണ്ടാകാം പൊളിറ്റിക്കൽ പ്രഷറുണ്ടാകാം.

വേണമെങ്കിൽ ചെയ്ത് തരാൻ പറ്റുന്ന കാര്യമായിരിക്കാം. പക്ഷെ അത് നടന്നില്ല. അതിന്റെ വിഷമവും ഖേദവും എനിക്കുണ്ട്. അത്രമേൽ ആഗ്രഹിച്ച് എടുത്ത തീരുമാനമായിരുന്നു മത്സരിക്കണമെന്നത്. ഏറ്റുമാനൂരുകാരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങളുടെ എല്ലാ ആവശ്യത്തിനും ഒരു വിളിപ്പാട് അകലെ ഞാനുണ്ടാകും. എന്ത് ആവശ്യത്തിനും എന്നെ സമീപിക്കാം എന്നാണ് വീണ പറഞ്ഞത്.
വീണയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം ട്വന്‍റി ട്വന്‍റി തുടങ്ങിയെന്നാണ് വിവരം. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഇലക്ഷന് നിന്നിരുന്നുവെങ്കിലും ജയിക്കാൻ സാധ്യതയില്ലായിരുന്നുവെന്നിങ്ങനെ തുടങ്ങി പരിഹസിച്ച് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് വോട്ടുണ്ടോയെന്ന് പോലും പരിശോധിക്കാതെ കാൻഡിഡേറ്റാക്കിയ പാർട്ടിയുടെ രാഷ്ട്രീയ ബോധം സമ്മതിച്ചു എന്നും ചിലർ കുറിച്ചു.
ട്വന്‍റി ട്വന്റിയുടെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായ നടി ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി ട്വന്റി. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ട്.


Click it and Unblock the Notifications

















