എന്റെ അമ്മയ്ക്ക് നിറം കുറവാണെന്നല്ല കറുത്തിട്ടാണെന്ന് പറയാം; അച്ഛന്‍ ഉദിച്ച സൂര്യനെ പോലെയും, വിധുബാല പറയുന്നു
മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് വിധുബാല. നായികയായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയിച്ച് തുടങ്ങിയ നടി പിന്നീട് സിനിമയല്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനമെടുത്തു. വിവാഹം കഴിഞ്ഞതോട് കൂടിയാണ് പൂര്‍ണമായും സിനിമ ഉപേക്ഷിച്ചത്. ടെലിവിഷന്‍ പരിപാടിയിലൂടെ അവതാരകയായിട്ടാണ് വിധുബാല തിരിച്ച് വരവ് നടത്തിയത്.
ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നടി. തന്റെ ചെറുപ്പകാലത്തെ ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടി സംസാരിച്ചത്. ഇത്തവണ മാതാപിതാക്കളെ കുറിച്ചും അവരുടെ കൂടെ ഈ റോഡില്‍ താമസിച്ചതിനെ കുറിച്ചുമൊക്കെയാണ് വിധുബാല പറയുന്നത്.

എന്റെ അച്ഛന്‍ ആറടി പൊക്കമുള്ള ആളായിരുന്നു. ഉദിക്കുന്ന സൂര്യന്റെ നിറം. ഹാന്‍ഡ്‌സം ആയിട്ടുള്ള അച്ഛനായിരുന്നു ഞങ്ങളുടേത്. എന്റെ അമ്മയ്ക്ക് നിറം കുറവായിരുന്നെങ്കിലും അതീവ സുന്ദരിയായിരുന്നു.
അമ്മയുടെ കൂടെ കോളേജില്‍ പഠിച്ചവര്‍ എന്നെ കാണുമ്പോള്‍ വിധുവിന് അമ്മയുടെ അടുത്ത് നില്‍ക്കാന്‍ പോലും കൊള്ളില്ലെന്ന് പറയും. അത്രയും സുന്ദരിയായിരുന്നു എന്റെ അമ്മ. നിറം കുറവാണെന്നല്ല, എന്റെ അമ്മ കറുത്തിട്ടായിരുന്നെന്ന് പറയാം.
കറുപ്പിന് ഏഴഴകെന്ന് പറയുകയാണെങ്കില്‍ അമ്മയ്ക്ക് പത്തഴകെന്നേ ഞാന്‍ പറയൂ.. സുലോചന എന്ന അമ്മയുടെ പേരിന് അനുസരിച്ച് നല്ല കണ്ണുകളായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്ന് വിധുബാല പറയുന്നത്. എന്റെ അച്ഛന്റെ ഗുണമെന്ന് പറയുന്നത് ഇന്നത്തെ പാരന്റിംഗ് എന്ന് പറയുന്നത് അന്നേ പ്രാക്ടീസ് ചെയ്തിരുന്ന ആളായിരുന്നു എന്നതാണ്.

അച്ഛന്റെ തിയറി അതായിരുന്നു. കുട്ടികളോട് എല്ലാം വിശദീകരിച്ച് പറയണം. എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നു, വേണ്ട എന്ന് മാത്രം പറയരുത്. എന്ത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു എന്നത് കൂടി പറയണം. അത് മക്കള്‍ക്ക് പറഞ്ഞ് മനസിലാക്കണം. എന്നിട്ട് അവരെ കൊണ്ട് ചിന്തിപ്പിച്ചിട്ട് കാര്യങ്ങള്‍ ചെയ്യിപ്പിക്കണം.
നമ്മള്‍ ഓര്‍ഡര്‍ കൊടുക്കുന്നത് പോലെ മക്കളെ കൊണ്ട് ചെയ്യിപ്പിക്കരുത്. അത് തന്റെ അച്ഛന് നിര്‍ബന്ധമുള്ള കാര്യമായിരുന്നുവെന്ന് വിധുബാല പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അച്ഛന്‍ എന്നെ തല്ലിയിട്ടുള്ളു. അന്ന് ഈറോഡില്‍ താമസിക്കുകയാണ്. 25 രൂപയാണ് വാടക. അന്ന് അച്ഛന് 200 രൂപയോ മറ്റോ ആണ് പ്രതിഫലം.
അന്നത്തെ ടോയിലെറ്റ് എന്ന് പറയുന്നത് പറമ്പിന്റെ ഒരു മൂലയ്ക്ക് ആയിരിക്കും. അത് എടുത്ത് കൊണ്ട് പോവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് ക്ലീന്‍ ചെയ്യാന്‍ വരുന്ന ആളുകളൊക്കെ ഞങ്ങള്‍ക്ക് അറിയുന്നവരാണ്. അതേ സമയം ഇതേ ആളുകള്‍ വീട്ടില്‍ കുടിവെള്ളം എടുക്കാന്‍ വരുമായിരുന്നുവെന്നും വിധുബാല വ്യക്തമാക്കുന്നു.

അക്കാലത്ത് ജാതിയ്ക്കും മതത്തിനുമൊക്കെ വളരെയധികം പ്രധാന്യം ഉണ്ട്. പലരും ജാതി നോക്കിയാണ് ആളുകളോട് സംസാരിക്കുന്നതും. അപ്പോള്‍ ഇത്തരം മാലിന്യം എടുക്കാന്‍ വരുന്നവരെ ആരും അടുപ്പിക്കാറ് പോലുമില്ല. അങ്ങനെയുള്ള ആളുകളോട് തന്റെ വീട്ടില്‍ യാതൊരുവിധ പ്രശ്‌നവുമില്ലായിരുന്നുവെന്നാണ് വിധു പറയുന്നത്.
അക്കാലത്ത് കോര്‍പറേഷന്‍ വെള്ളം വരുന്നത് ഞങ്ങളുടെ വീട്ടില്‍ മാത്രമാണ്. അതൊരു സിമന്റ് പാത്രത്തില്‍ അമ്മ പിടിച്ച് വെക്കും. അതില്‍ നിന്നും ഞങ്ങള്‍ കുടിക്കാനെടുക്കും. അതുപോലെ പുറമേ നിന്നുള്ള ഇത്തരം ആളുകളും വരും. അവര്‍ വന്ന് വെള്ളം കൊണ്ട് പോകുന്നതില്‍ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. കാരണം വൃത്തി ഉണ്ടാവുമോന്ന ഭയമാണ്.
എന്നാല്‍ നമ്മളെ പോലെ അവരും കുടിക്കാന്‍ തന്നെയല്ലേ എടുക്കുന്നത്. ആ സ്ഥിതിയ്ക്ക് വൃത്തി നോക്കാതെ അവര്‍ വെള്ളമെടുക്കുമോ എന്നാണ് തന്റെ അമ്മ ചോദിച്ചിരുന്നതെന്നും അതൊന്നും അമ്മയെ ബാധിക്കാത്ത വിഷയം ആയിരുന്നുവെന്നും വിധുബാല പറയുന്നു.


Click it and Unblock the Notifications











