'ജഗതി സാറുണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കും; അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു'; നടനെക്കുറിച്ച് വിനയപ്രസാദ്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴിലെ ശ്രീദേവിയായാണ് പ്രേക്ഷകർ ഇന്നും വിനയ പ്രസാദിനെ കാണുന്നത്. കർണാടകക്കാരിയായ വിനയക്ക് മലയാളത്തിൽ നിന്നും നല്ല കഥാപാത്രങ്ങളും സിനിമകളും ലഭിച്ചു. പെരുന്തച്ചൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം വിനയപ്രസാദിന് ചെയ്യാനായി.
ഇന്ന് മലയാള സിനിമയിൽ പഴയത് പോലെ സജീവമല്ല വിനയ. പഴയ കഥാപാത്രങ്ങളിലൂം ഇന്നും വിനയ പ്രസാദ് ഓർമ്മിക്കപ്പെടുന്നു. ഇപ്പോഴിതാ സിനിമകളിലെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് വിനയപ്രസാദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അമൃത ടിവിയിലെ റെഡ്കാർപറ്റ് പരിപാടിയിൽ സംസാരിക്കവെ ആണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയിലെ അനുഭവങ്ങൾ വിനയപ്രസാദ് പങ്കുവെച്ചത്. '80 കളിൽ ഞാൻ സിനിമ കാണുന്ന സ്ത്രീ മാത്രമായിരുന്നു. 90 കളിൽ ഞാനും പങ്കെടുക്കാൻ തോന്നി. അന്ന് നമുക്കുള്ള സബ്ജക്ട് കുടുംബം ആയിരുന്നു'
'ആ കുടുംബ ബന്ധങ്ങൾ ഇപ്പോഴത്തെ സിനിമകളിൽ കുറച്ച് കുറവാണ്. കന്നഡയാണെങ്കിലും മലയാളമാണെങ്കിലും അങ്ങനെ തന്നെ. പക്ഷെ മലയാള സിനിമകളുടെ തിരക്കഥ ചെയ്യുന്ന രീതി വ്യത്യസ്തമാണ്'

'അതേ കഥ തെലുങ്കിലും കന്നഡയിലും തമിഴിലും എടുത്താൽ അതിന് വേറൊരു ടച്ച് ഉണ്ടാവും. മലയാളികൾ അതെടുത്താൽ ഇംപ്രസീസ് സ്ക്രീൻ പ്രസൻസ് ആണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ഞാൻ കാറോടിക്കണം. എനിക്കത്ര പ്രാക്ടീസ് ഇല്ലായിരുന്നു. പക്ഷെ ലൈസൻസ് ഉണ്ടായിരുന്നു'
'ഓടിച്ച് നിർത്താൻ പറഞ്ഞപ്പോൾ എന്തായെന്ന് അറിയില്ല. ഞാൻ സൈഡിലേക്ക് കാർ കൊണ്ട് പോയി, ക്യാമറാമാൻ ചാടിപ്പോയി, സ്റ്റെഡി ക്യാം ഉള്ളത് കൊണ്ട് ക്യാമറ വീണപ്പോഴും ഒന്നും പറ്റിയില്ല'

'ഫണ്ണായ ലൊക്കേഷൻ ആയിരുന്നു. ജഗതി സാറിനെ ഭയങ്കരമായി മിസ് ചെയ്യുന്നു. അവർക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ കണ്ടാൽ ജഗതി സാർ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യും എന്ന് ഓർത്ത് പറയും. ആ സിനിമയിൽ ജഗതി ശ്രീകുമാറിന്റെ എന്തൊരു കോമഡി ആയിരുന്നു. ഉർവശിയുണ്ടായിരുന്നു കൽപ്പനയുണ്ടായിരുന്നു' ഒരു പിക്നിക് പോലെയായിരുന്നെന്നും വിനയ പ്രസാദ് പറഞ്ഞു.
മോഹൻലാൽ ശോഭന, മോഹൻലാൽ-വിനയപ്രസാദ് എന്നീ ജോഡികളിൽ ഏതാണിഷ്ടമെന്ന ചോദ്യത്തിന് ശോഭനയും മോഹൻലാലുമെന്നാണ് വിനയ പ്രസാദ് മറുപടി നൽകിയത്.

തന്റെ ജോഡി അത്രയും വരില്ലെന്ന് നടി അഭിപ്രായപ്പെട്ടു. 1994 ൽ ഇറങ്ങിയ സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. സിനിമയിൽ ജഗതിശ്രീകുമാർ ഒരു പ്രധാന വേഷം ചെയ്തിരുന്നു. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായ ശേഷം സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ.
ഇന്നും സിനിമാ രംഗത്ത് നിരവധി പേരാണ് ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. സിബിഐ 5 എന്ന സിനിമയിൽ ജഗതി മുഖം കാണിച്ചിരുന്നെങ്കിലും പഴയ നടനെ തിരിച്ച് കിട്ടിയില്ല.

2012 ലാണ് ജഗതി ശ്രീകുമാറിന് അപകടം സംഭവിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്ത് വെച്ചുണ്ടായ കാറപടത്തിലാണ് നടന് പരുക്ക് പറ്റിയത്. ഗുരുതരമായി പരുക്കേറ്റിരുന്ന ജഗതിയെ ഉടനടി ആശുപത്രിയിൽ എത്തിക്കാനായതിനാൽ ജീവൻ രക്ഷിക്കാനായി. പക്ഷെ നടന്റെ ആരോഗ്യത്തെ പാടെ അപകടം തകർത്തിരുന്നു. സിനിമയിലേക്കുള്ള ജഗതിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ഏറെയാണ്.


Click it and Unblock the Notifications











