ദിലീപ് നായകനായ സിനിമയിലുണ്ടായ സംഭവം; ഞാൻ മമ്മൂക്കയെ വിളിച്ചു, ഒറ്റ കോളിൽ തീർത്തു: സീനത്ത്
അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളിൽ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീനത്തുൾപ്പെടെ പല നടിമാർക്കും ഇന്ന് അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് സിനിമകളിൽ സഹനടി വേഷങ്ങളിൽ സീനത്തിനെ തുടരെ പ്രേക്ഷകർ കണ്ടിരുന്നു. കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സീനത്തിപ്പോൾ. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് സീനത്ത് മനസ് തുറന്നത്.
പണത്തിന് ഞാൻ പ്രാധാന്യം നൽകിയിട്ടില്ല. കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അങ്ങനത്തെ സ്ഥലത്ത് നിൽക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. പെെസ കുറഞ്ഞിട്ട് സിനിമയ്ക്ക് പോകാതിരുന്നത് വളരെ അപൂർവമാണ്. പക്ഷെ പരിഗണന കിട്ടിയില്ലെങ്കിൽ അവിടെ നിൽക്കാൻ പാടില്ല, ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്. വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നാണ് ഇറങ്ങിപ്പോന്നത്. ദിവ്യ ഉണ്ണി നായികയായി അഭിനയിച്ച സിനിമ. ആരുടെയും കുറ്റമല്ല അവിടെയുണ്ടായത്. വിനയൻ സർ അറിഞ്ഞിട്ടുമില്ല. അവിടെ ചെന്നപ്പോൾ ഭയങ്കര തിരക്കാണ്. ഇരിക്കാൻ പോലും പറ്റുന്നില്ല. മോൻ ചെറിയ കുട്ടിയാണ്. റൂം ഇല്ല.

ആർട്ടിസ്റ്റ് വരുമ്പോൾ റൂം വേണമെന്ന് അവർക്കറിയില്ലേ. വെെകുന്നേരമേ റൂം ആകൂ എന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സങ്കടമായി. ഞാൻ ഒന്നും പറയാതെ ഇറങ്ങി. അടുത്ത സീൻ എന്റേതാണ്. തിരിച്ച് വന്ന ശേഷം എനിക്ക് വിഷമം തോന്നി. വിനയേട്ടനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചു. ഇങ്ങനെയാണ് അവിടെ നിന്ന് പോന്നതെന്ന് പറഞ്ഞു.
ഏതായാലും പോയില്ലേ, കുഴപ്പമില്ല വിട്ടേക്ക് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വിനയേട്ടൻ എന്നെ വിളിച്ചിട്ടേയില്ല. കുറേക്കാലത്തിന് ശേഷം ഞാൻ നേരിട്ട് കണ്ടപ്പോൾ ഇതൊക്കെ പറഞ്ഞു. കുഴപ്പമില്ല, നമുക്ക് കൂടാം എന്ന് പറഞ്ഞെന്നും സീനത്ത് ഓർത്തു.

അഭിനയിച്ച സിനിമയിൽ പറഞ്ഞ പ്രതിഫലം കിട്ടാതെ പോയ സാഹചര്യമുണ്ട്. അമ്മ സംഘടന വന്ന ശേഷം വളരെ കുറഞ്ഞു. സംഘടന വന്ന ശേഷം മദ്രാസിൽ ഒരു സിനിമ വർക്ക് ചെയ്യാൻ പോയി. ദിലീപാണ് അതിൽ മെയിൻ റോൾ ചെയ്യുന്നത്. അവസാനം പ്രൊഡ്യൂസറുടെ കയ്യിൽ പെെസയില്ല. ആർട്ടിസ്റ്റുകളെ വിടില്ലെന്നായി. ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ ഞാൻ മമ്മൂക്കയെ വിളിച്ചു. മമ്മൂക്കയുടെ ഒറ്റ കോൾ. ഞങ്ങളെ കയറ്റി വിട്ടെന്നും സീനത്ത് ഓർത്തു.
നാടകങ്ങളിൽ നിന്നുമാണ് സീനത്ത് സിനിമാ രംഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരൻ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് സീനത്ത് സംസാരിക്കുന്നുണ്ട്. കെടിയെ വിട്ട് പോയി എന്ന് ഇപ്പോഴും ചിലർ പറയുന്നുണ്ട്.
എന്തെങ്കിലും കാരണമുള്ളത് കൊണ്ടാകുമല്ലോ പിരിഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് ഇന്ന് ഞാൻ ഇവിടെ ഇരുന്ന് പറയാൻ പാടില്ല. മറുപടി പറയാൻ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് സീനത്ത് ചൂണ്ടിക്കാട്ടി. കെടിയെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ട്. എന്നാൽ ഇന്ന് ഓർക്കുമ്പോൾ അത് പ്രശ്നമില്ല. കെടിയിൽ ഒരു മകൻ ജനിച്ചു. അദ്ദേഹത്തിന് അടുത്ത തലമുറയുണ്ടായി. മരിക്കുന്നത് വരെയും കെടി തന്നെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും സീനത്ത് വ്യക്തമാക്കി.


Click it and Unblock the Notifications











