മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ജോമോള്‍ തുടങ്ങി കലോത്സവം സമ്മാനിച്ച താരസുന്ദരിമാര്‍ ഇവരാണ്!
വീണ്ടുമൊരു സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. 1956 ല്‍ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയില്‍ വെച്ചാണ് നടക്കുന്നത. പ്രളയത്തെ തുടര്‍ന്ന് ഇത്തവണ ആഘോഷങ്ങള്‍ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നില്‍ക്കുന്ന കലോത്സവ മത്സരങ്ങള്‍ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വേദികളുടെ എണ്ണം കൂട്ടി വേഗത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
59-ാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരില്‍ പലരും ഭാവിയില്‍ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ മിടുക്കികളായ ഒത്തിരി നടിമാരുണ്ട്.

മഞ്ജു വാര്യര്‍
മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ മഞ്ജു വാര്യരും സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും വളര്‍ന്ന് വന്ന താരമാണ്. സ്ഥിരം കലോത്സങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരുന്ന മഞ്ജു രണ്ട് തവണയാണ് കലാതിലകമായത്. 1992 ല്‍ തിരൂരിലും 1995 ല്‍ കണ്ണൂരിലും നടന്ന കലോത്സവത്തിലും മഞ്ജുവായിരുന്നു കലാതിലകമായത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളില്‍ കഴിവ് തെളിയിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിരുന്നു. പിന്നീടാണ് വെള്ളിത്തിരയിലേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. നടന്‍ ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

കാവ്യ മാധവന്‍
മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഏറ്റവുമധികം ശ്രദ്ധേയമായ നടിയാണ് കാവ്യ മാധവന്‍. കാവ്യയും സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു. ചെറുപ്പത്തില്‍ തന്നെ കലയോട് താല്‍പര്യം പുലര്‍ത്തിയിരുന്ന കാവ്യ 1999 ലെ കലോത്സവത്തില്‍ കലാതിലകമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യ അവതരിപ്പിച്ചിരുന്നത്. പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ 14-ാം വയസില്‍ നായികയായി അഭിനയിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ നായികയായ കാവ്യ നടന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

അമ്പിളി ദേവി
സ്‌കൂള്‍ കലോത്സവം സമ്മാനിച്ച മറ്റൊരു താരസുന്ദരിയായിരുന്നു അമ്പിളി ദേവി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളില്‍ കഴിവ് തെളിയിച്ച അമ്പിളി ദേവി 2001 ലായിരുന്നു കലാതിലകമായത്. അതിന് മുന്‍പ് സിനിമയിലേക്കെത്തിയ അമ്പിളി ദേവി പൃഥ്വിരാജിനൊപ്പം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അമ്പിളി ദേവിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്.

നവ്യ നായര്‍
ഓരോ സ്‌കൂള്‍ കലോത്സവം വരുമ്പോഴും ഏറ്റവുമധികം വാര്‍ത്തയില്‍ നിറയാറുള്ളത് നടി നവ്യ നായരാണ്. 2000, 2001 വര്‍ഷങ്ങളില്‍ കലോത്സവേദികളിലൂടെയാണ് നവ്യ നായര്‍ ശ്രദ്ധേയയാവുന്നത്. 2000 ല്‍ തൊടുപ്പുഴയില്‍ നടന്ന കലോത്സവത്തില്‍ തലനാരിഴയ്ക്കാണ് നവ്യയ്ക്ക് കലാതിലകപ്പട്ടം നഷ്ടമായത്. അന്ന് കരഞ്ഞ് കൊണ്ട് വേദി വിട്ടിറങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ആ വര്‍ഷം അമ്പിളി ദേവിയ്ക്കായിരുന്നു കലാതിലകപ്പട്ടം ലഭിച്ചത്.

ജോമോള്‍
ഗൗരി ചന്ദ്രശേഖര്‍ എന്ന ജോമോളും കലോത്സവം സമ്മാനിച്ച പ്രതിഭയായിരുന്നു. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ വേഷം അവതരിപ്പിച്ചാണ് ജോമോള്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ച ജോമോള്‍ക്ക് എന്ന് സ്വന്തം ജാനിക്കൂട്ടി എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. ജൂറിയുടെ പ്രത്യേക പരാമര്‍ശമായിരുന്നു. 1997 ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഇതേ സിനിമയിലൂടെ തന്നെ ജോമോള്‍ക്ക് ലഭിച്ചിരുന്നു.

വിന്ദുജ മേനോന്‍
മോഹന്‍ലാലിന്റെ സഹോദരി വേഷത്തില്‍ പവിത്രം എന്ന സിനിമയില്‍ തിളങ്ങിയ നടിയാണ് വിന്ദുജ മേനോന്‍. ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയിലൂടെയാണ് വിന്ദുജ സിനിമയിലേക്ക് എത്തിയത്. 1991 ലെ കലോത്സത്തിലാണ് വിന്ദുജ മേനോന്‍ കലാതിലകപ്പട്ടം സ്വന്തമാക്കിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു വിന്ദുജ കഴിവ് തെളിയിച്ചത്.


Click it and Unblock the Notifications











