എന്നാലും ചോദിച്ചല്ലോ... നീ വിചാരിച്ചാലും ഊരി കളയാൻ പറ്റില്ല, എല്ലാ ദിവസവും ആഘോഷം; കണ്ണ് നിറഞ്ഞ് അഞ്ജു ജോസഫ്
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവ ഗായികയാണ് അഞ്ജു ജോസഫ്. ഐഡിയ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തശേഷമാണ് അഞ്ജുവിന് ഗായിക എന്ന രീതിയിൽ കൂടുതൽ സ്വീകരണം ലഭിച്ചത്. സ്റ്റേജ് ഷോകളും അഭിനയവും പിന്നണി ഗാനാലാപനവും എല്ലാമായി നിറഞ്ഞ് നിൽക്കുന്ന അഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവ് ആദിത്യ പരമേശ്വരൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
കഴിഞ്ഞ വർഷം നവംബർ 28ന് ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മുമ്പ് അതായത് കൃത്യം ഒരു വർഷം മുമ്പ് ആദിത്യ അഞ്ജുവിനെ പ്രപ്പോസ് ചെയ്തിരുന്നു. ആ വീഡിയോ അഞ്ജുവിന്റെ ആരാധകർക്കായി പുറത്തുവിട്ടിരിക്കുകയാണ് ആദിത്യ. ഒരു വർഷം മുമ്പ് അഞ്ജുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദിത്യ പ്രപ്പോസ് ചെയ്തത്.

യെസ് പറഞ്ഞ് മോതിരം സ്വീകരിച്ചശേഷം കരയുന്ന അഞ്ജുവിനേയും വീഡിയോയിൽ കാണാം. എന്നാലും നീ ചോദിച്ചല്ലോ... നീ ചോദിക്കുമെന്ന് ഞാൻ വിചാരിച്ചില്ല... ഇനി കല്യാണം കഴിക്കുക തന്നെ എന്നാണ് മോതിരം സ്വീകരിച്ചശേഷം ആദിത്യയോട് അഞ്ജു പറഞ്ഞത്. നീ വിചാരിച്ചാലും ഇനി മോതിരം ഊരി കളയാൻ പറ്റില്ലെന്ന് ആദിത്യ പറയുന്നതും കേൾക്കാം. ജീവിതം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണെന്ന് എല്ലാവരും പറയുന്നു.
2024 നവംബർ ഏഴിന് അർദ്ധരാത്രിയിൽ കൃത്യം 365 ദിവസം മുമ്പ് നിന്റെ ജന്മദിന തലേന്ന്... ഞാൻ ചോദിക്കാൻ തീരുമാനിച്ചു... നീ അതിന് അതെ എന്ന് മറുപടി പറയാൻ തീരുമാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം. ഹാപ്പി ബെർത്ത് ഡെ മൈ ഫോർഎവർ... എല്ലാ ദിവസവും ഒരു ആഘോഷം പോലെ തോന്നിപ്പിക്കുന്നത് നീയാണ് എന്നാണ് ആദിത്യ വീഡിയോയ്ക്കൊപ്പം കുറിച്ചത്.
അഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമാണ് ആദിത്യ പരമേശ്വരൻ. ബെംഗളൂരുവിലാണ് ആദിത്യ ജോലി ചെയ്യുന്നത്. രണ്ടാം വിവാഹമായതുകൊണ്ട് തന്നെ വലിയ ആർഭാടമില്ലാതെ ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹത്തിന്റെ ചടങ്ങുകൾ നടത്തി. ശേഷം പ്രിയപ്പെട്ടവർക്കായി ഇരുവരും ചേർന്ന് ഒരു വിവാഹ റിസപ്ഷനും നടത്തിയിരുന്നു.
ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്റ്റാർ മാജിക്ക് അടക്കമുള്ള മിനിസ്ക്രീൻ ഷോകളുടെ സംവിധായകനായ അനൂപ് ജോണായിരുന്നു അഞ്ജുവിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. അഞ്ച് വർഷത്തോളം ഇരുവരും ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്തു.

വിവാഹത്തിന് വീട്ടിൽ നിന്ന് ആദ്യം ചെറിയ എതിർപ്പുണ്ടായെങ്കിലും പിന്നീട് നടത്തി തന്നു. ചാനൽ പ്രൊഡ്യൂസറാണ് അനൂപ്. തൃശൂരാണ് നാട്. സ്റ്റാർ സിങ്ങറിൽ വെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി എന്നാണ് ആദ്യ ഭർത്താവിനെ കുറിച്ച് അഞ്ജു ഒരിക്കൽ പറഞ്ഞത്. ദാമ്പത്യം തകർന്നത് അഞ്ജുവിന് വലിയൊരു ആഘാതമായിരുന്നു. വിഷാദം പോലും പിടി കൂടിയിരുന്നു. ഏറെക്കാലം ഡിപ്രഷനുള്ള മരുന്ന് കഴിച്ചിരുന്നതായി അഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഗുഡ് ഗേൾ സിൻഡ്രം ഉള്ളതുകൊണ്ടുതന്നെ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്താൻ സമയമെടുത്തു. പതിയെയാണ് ഞാൻ തിരിച്ചറിയുന്നത് എനിക്ക് എന്നെ ഇഷ്ടമേ അല്ലായിരുന്നു എന്നത്. ഞാനെപ്പോഴും മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഞാൻ തന്നെ കണ്ടുപിടിച്ച പാർട്ണറായതുകൊണ്ട് ഇതെങ്ങനെ എങ്കിലും വർക്ക് ചെയ്ത് എടുക്കണമെന്ന് ഞാനെനിക്ക് തന്നെ പ്രഷർ കൊടുത്തു കൊണ്ടിരുന്നു.
ഡിവോഴ്സായാൽ ഞാൻ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും അഞ്ജു മുമ്പ് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ജീവിതത്തിൽ നിന്നും ആഗ്രഹിച്ച സ്നേഹവും പിന്തുണയുമെല്ലാം അഞ്ജുവിന് കിട്ടി തുടങ്ങിയത് ആദിത്യയുടെ വരവിനുശേഷമാണ്. ആദിത്യയും ഒരു കുഞ്ഞ് ഗായകനാണ്.


Click it and Unblock the Notifications











