വർഷങ്ങൾക്ക് ശേഷം ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരുന്നു,ലേലം രണ്ടാം ഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി
മലയാളി പ്രേക്ഷകർ ഇന്നും ആഘോഷമാക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ലേലം. ജോക്കബ് സ്റ്റീഫൻ എന്ന ആനക്കാട്ടിൽ ചാക്കോച്ചിയെ അത്ര വേഗം മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സുരേഷ് ഗോപി ചാക്കോച്ചിയായി തിയേറ്ററുകൾ ഇളക്കി മറിക്കുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് ചിത്രത്തിലെ രൺജി പണിക്കരുടെ വെടിക്കെട്ട് ഡയലോഗുകൾ.
ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉറപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് ലേലം 2 നെ കുറിച്ച് തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. ലേലം 2 നെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നില്ല. ഇപ്പോഴിത അത് കിട്ടിയിരിക്കുകയാണ്. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

1997 ൽ രഞ്ജി പണിക്കറുടെ തിരക്കഥയിൽ ജോഷി സംവിധനം ചെയ്ത ചിത്രമായിരുന്നു ലേലം. സുരേഷ് ഗോപി, എംജി സോമൻ, സിദ്ദിഖ്, സ്ഫടികം ജോർജ്ജ്, നന്ദിനി എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത് എംജി സോമന്റെ അവസാന ചിത്രമായിരുന്നു ഇത്. നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളലൊന്നാണ് ആനക്കാട്ടിൽ ഈപ്പച്ചൻ . സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ അച്ഛനമായിട്ടായിരുന്നു സോമൻ ചിത്രത്തിൽ എത്തിയത്. ലേലത്തിലെ സോമന്റെ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല... എന്ന് തുടങ്ങുന്ന സംഭാഷണം പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത് രഞ്ജി പണിക്കർ തന്നെയാണ്. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ സംവിധാന സംരംഭം 'കസബ'ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. നേരത്തെ തന്നെ ചിത്രത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നിരുന്നു.

23 വർഷങ്ങൾക്ക് ശേഷം ലേലം വീണ്ടും ഒരുങ്ങുമ്പോൾ ആദ്യ ഭാഗത്ത് നിറഞ്ഞ നിന്ന പല താരങ്ങളും ഇന്ന് കൂടെയില്ല.
ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എം.ജി. സോമൻ, എൻ.എഫ്. വർഗീസ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിവർ ജീവിച്ചിരിപ്പില്ല. ലേലം ആദ്യ ഭാഗത്തിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തിൽ നിറഞ്ഞ് നിന്നവരാണ് ഇവർ. ഇന്നും ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഈ താരങ്ങളുടെ പേര് ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ലേലത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് നന്ദിനിയായിരുന്നു. ഗൗരി പാർവതിയായിട്ടായിരുന്നു നടി എത്തിയത്. മലാള സിനിമയിൽ ഒരുകാലത്ത് സൂപ്പർ താരങ്ങളോടൊപ്പം തിളങ്ങി നിന്ന നായികയായിരുന്നു നന്ദിനി. ശക്തമായ സ്ത്രീകഥാപാത്രകങ്ങളായിരുന്നു നടി മലയാളത്തിൽ അധികവും അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും നന്ദിനിയാണോ നായിക എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. വീണ്ടും ഗൗരി പാർവതിയായി നടി എത്തുമെന്നുള്ള റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ ലേലം 2 ലെ താരങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നിലവിൽ സുരേഷ് ഗോപി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. .ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്തത് സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമായ 'ഒറ്റക്കൊമ്പൻ ആണ്. ടോമിച്ചൻ മുളക് പാടം നിർമ്മിക്കുന്ന ചിത്രം അണിയറയുൽ പുരോഗമിക്കുന്നുണ്ട്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായൻ കഥാപാത്രമായാണ് താരം എത്തുന്നത്. ഇതിനെ ശേഷമായിരിക്കും സുരേഷ് ഗോപിയുടെ ലേലം 2 ആരംഭിക്കുക.


Click it and Unblock the Notifications