'അന്ന് വീണയ്ക്കൊപ്പം കൈ ചേർത്ത് നടന്നു, അതേ സ്ഥലത്ത് 25 വർഷങ്ങൾക്ക് ശേഷം പ്രിയയ്ക്കൊപ്പം'; വീഡിയോ!
വിവാഹം കഴിഞ്ഞാലും പ്രണയം ശക്തമായി നിലനിൽക്കുമോയെന്ന് ചോദിക്കുന്നവർക്ക് കാണിച്ചുകൊടുക്കാൻ സാധിക്കുന്ന സിനിമയാണ് 1999ൽ പുറത്തിറങ്ങിയ ഒരു പ്രണയവും ത്രില്ലറും എല്ലാം ഒത്തുചേർന്ന മഴവില്ല് എന്ന സിനിമ. മഹിയുടെയും വീണയുടെയും പ്രണയം ആരിലും അസൂയ ജനിപ്പിക്കുന്നതും തീവ്രവുമായിരുന്നു. കുഞ്ചാക്കോ ബോബൻ, പ്രീതി, വിനീത് എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച ദൃശ്യങ്ങൾ കൊണ്ടും പാട്ടുകൾ കൊണ്ടുമെല്ലാം ശ്രദ്ധപിടിച്ച് പറ്റി.
എന്നാൽ നിർഭാഗ്യവശാൽ ആ സമയത്ത് ഈ ചിത്രം തിയേറ്ററിൽ പരാജയമായി മാറി. ചാക്കോച്ചൻ നായകനായെത്തിയ മഴവില്ല് മികച്ച ഫ്രെയിമുകൾ കൊണ്ട് നിറഞ്ഞു നിന്ന ചിത്രമായതിനാൽ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രതേക സുഖമാണ്. മഴവില്ലിലൂടെ വിനീതിന്റെ അതിശക്തമായ ഒരു വില്ലൻ വേഷം കൂടി പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

തന്റെ പഴയ കാമുകിയുടെ നഷ്ടത്തിൽ ജീവിക്കുന്ന വിജയ് കൂട്ടുകാരനായ നായകന്റെ അടുത്ത് എത്തുകയും അവിടെ നായികയെ കണ്ടുമുട്ടുമ്പോൾ തന്റെ പഴയ കാമുകിയുടെ മുഖ സാദൃശ്യം തോന്നുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്.
ഈ ചിത്രത്തിൽ അഞ്ചോളം പാട്ടുകളാണ് ഉള്ളത്. എല്ലാം അന്നത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു. ചൂടൻ കിടപ്പറ രംഗങ്ങളോ ഡബിൾ മീനിങ് കുത്തൊഴുക്കോ ഇല്ലാതെ അത്രത്തോളം മനോഹരമായാണ് മഹേഷ്-വീണ ജോഡിയുടെ പ്രണയം സംവിധായകൻ ദിനേശ് ബാബു വരച്ച് കാട്ടിയത്.
ഇന്നും ചാക്കോച്ചനെ കാണുമ്പോൾ ആരാധകരുടെ മനസിലേക്ക് മഴവിൽ സിനിമയും അതിലെ പാട്ടുകളും ഓടിയെത്തും. ഇപ്പോഴിതാ ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം മഴവില്ല് സിനിമ ഷൂട്ട് ചെയ്ത വിയന്ന സന്ദർശിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒപ്പം പ്രിയതമ പ്രിയയും മകൻ ഇസുവുമുണ്ട്. മഹി ജോലി ചെയ്തിരുന്ന പ്രേറ്റർ എന്ന അമ്യൂസ്‌മെന്റ് പാർക്കും ഗാന രംഗം ചിത്രീകരിച്ച തെരുവുകളുമെല്ലാം കുഞ്ചാക്കോ ബോബൻ കുടുംബസമേതം സന്ദർശിച്ചു.
മനോഹരമായ വീഡിയോയ്ക്ക് ഒപ്പമാണ് ഇരുപത്തഞ്ച് വർഷം പഴക്കമുള്ള ഓർമകൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. '25 വർഷങ്ങൾക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്... മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം.'

'പ്രേറ്റർ പാർക്കിലെ ഭീമൻ ജെയിന്റ് വീലും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോൾ ഈ നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കുന്നു. യഥാർത്ഥ മഴവില്ലിന് കുറച്ചുകൂടി മാജിക് ചേർക്കുന്നു', എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. 'പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ... എന്ന പാട്ടിന്റെ അകമ്പടിയോടെ വിയന്നയിലെ തെരുവിൽ പ്രിയയ്ക്കൊപ്പം പ്രണയം പങ്കിടുന്ന വീഡിയോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. രസകരമായതും നൊസ്റ്റാൾജിയ നിറഞ്ഞതുമായ നിരവധി കമന്റുകളാണ് ചാക്കോച്ചന് ലഭിച്ചത്. ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല. എന്നാലും ചോദിക്കുവാ... നിങ്ങൾക്ക് ഒന്നും പ്രായം ആകില്ലേ എപ്പോ കണ്ടാലും ഇങ്ങനെ തന്നെ. വീണ്ടും മഴവില്ല്... ശോ ഞാൻ പണ്ടത്തെ പത്താം ക്ലാസ്സിൽ പോയെന്നെ...
അടുത്ത വെഡിങ് ആനിവേഴ്സറിക്ക് മൂന്നാളും ഒന്നിച്ചുള്ള ഒരു മ്യൂസിക് വിഡീയോ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു... ഈ ചെറിയ വീഡിയോസ് കാണുമ്പോൾ തന്നെ വൻ ഫീൽ, പാട്ടുകളിലെ രംഗങ്ങൾ അതേ ഭംഗിയോടെ വീണ്ടും ചാക്കോച്ചന് ഒപ്പം പുനസൃഷ്ടിക്കാൻ ഭാഗ്യം ലഭിച്ച പ്രിയയ്ക്ക് ആശംസകൾ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ലോകത്തിലെ ഏറ്റവും ജീവിക്കാന്‍ യോഗ്യമായ നഗരമായി 2023ൽ തിരഞ്ഞെടുക്കപ്പെട്ടത് വിയന്നയായിരുന്നു. സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം കൊണ്ട് സമ്പന്നമാണ് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന.


Click it and Unblock the Notifications











