വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് താമസം; പത്ത് വർഷത്തിനുശേഷമുള്ള കൂടിച്ചേരൽ!
ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. സിനിമാ കഥയെ വെല്ലുന്ന നാടകീയതയായിരുന്നു ഇരുവരുടേയും പ്രണയത്തിന്റേയും വിവാഹത്തിന്റേയും പ്രത്യേകത. 1990 ഡിസംബർ പതിമൂന്നിന് നടന്ന ആർഭാട വിവാഹത്തിൽ പങ്കെടുക്കാൻ തെന്നിന്ത്യൻ സിനിമാ ലോകം തന്നെ ഒഴുകി എത്തിയിരുന്നു. പ്രിയനും ലിസിയും ചിത്രം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് പ്രണയത്തിലായത്.
ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേര് മാറ്റിയാണ് വിവാഹിതയായത്. കല്യാണത്തോടെ കുടുംബിനി റോളിലേക്ക് കയറിയ ലിസി പിന്നാലെ അഭിനയം വിട്ടു. വൈകാതെ കല്യാണി, സിദ്ധാർത്ഥ് എന്നീ രണ്ട് മക്കളും പിറന്നു. ഇരുപത്തിയഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവരും 2015ൽ വേർപിരിഞ്ഞു.

അന്ന് അത് വലിയ വാർത്തയായിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ലിസി പ്രിയദർശന് എതിരെ ഉയർത്തിയത്. പ്രിയപ്പെട്ട ജോഡി വേർപിരിഞ്ഞുവെന്നത് ആരാധകർക്കും വലിയ ഞെട്ടലാണ് സമ്മാനിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. പഴയതെല്ലാം മറന്ന് ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സന്തോഷം മിഡ്-ഡേ പത്രത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ പ്രിയദർശൻ പങ്കുവെച്ചു.
അപൂർവങ്ങളിൽ അപൂർവമായാണ് പിരിഞ്ഞ ദമ്പതികൾ വീണ്ടും ഇതുപോലെ കൂടി ചേരുന്നത്. അതേസമയം വീണ്ടും നിയമപരമായി വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ടാവില്ലെന്നും പ്രിയൻ പറയുന്നു. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ല.
ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നതെന്നും പ്രിയദർശൻ പറയുന്നു. ഈ തീരുമാനം ഏകദേശം ആറോ എട്ടോ മാസങ്ങൾക്ക് മുമ്പാണ് എടുത്തത്. ഇവർ വീണ്ടും വിവാഹം കഴിക്കില്ല. വിവാഹം എന്നത് കേവലം ഒരു കടലാസ് മാത്രമാണ്. സൗഹൃദത്തിനും കൂട്ടായ്മയ്ക്കും സ്നേഹത്തിനുമാണ് അവർക്ക് പ്രാധാന്യം എന്ന് കുടുംബ വൃത്തങ്ങളും വ്യക്തമാക്കി.
ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചശേഷം ഇരുവരും ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹ ചടങ്ങിനാണ്. അന്ന് ഇരുവരും സ്റ്റേജിൽ നിന്നും കൈപിടിച്ച് ഇറങ്ങി വരുന്ന രംഗങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. മകന്റെ വിവാഹത്തിന് ലിസിയെ എന്റെ ഭാര്യ ഫോണിൽ വിളിച്ചത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പ്രിയനേയും വിളിച്ചു.

വർത്തമാനത്തിനിടെ ലിസി വിവാഹത്തിന് വരുന്നുണ്ടെന്ന കാര്യം പ്രിയനോടും പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് വന്നോളാം എന്നാണ് പ്രിയൻ അപ്പോൾ പറഞ്ഞത്. പറഞ്ഞതുപോലെ തന്നെ അവർ ഒരുമിച്ച് വന്നു. വേർപിരിഞ്ഞതിനുശേഷം ആദ്യമായാണ് ഒന്നിച്ച് വരുന്നത്. അപ്പോൾ ഞാൻ അവരെ ചേർത്ത് നിർത്തി പറഞ്ഞത്... രണ്ടുപേരെയും ഒന്നിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം എന്നാണ്. ലിസി എന്റെ ആദ്യ സിനിമയിലെ നായികയാണ്.
ഞാനും പ്രിയദർശനവും നവോദയയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയന്റെ'ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. ഞങ്ങൾ മൂന്നുപേരും തമ്മിൽ വല്ലാത്തൊരു സ്നേഹബന്ധമുണ്ട്. അടുപ്പമുണ്ട് എന്നാണ് പ്രിയനും ലിസിയും ഒരുമിച്ച് തന്റെ മകന്റെ വിവാഹത്തിന് എത്തിയ സന്തോഷം പങ്കിട്ട് സിബി മലയിൽ പറഞ്ഞത്.
പത്ത് വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെങ്കിലും മക്കളുടെ എല്ലാ ആവശ്യങ്ങൾക്കും ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ടായിരുന്നു. മകൻ സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങിൽ കുടുംബവുമൊത്ത് നിൽക്കുന്ന ഫോട്ടോ പ്രിയൻ പങ്കിട്ടത് വൈറലായിരുന്നു. വിവാഹമോചശേഷം ലിസി പ്രൊഡക്ഷൻ ബിസിനസുമായി സജീവമായിരുന്നു.


Click it and Unblock the Notifications

















