'ദാസേട്ടനും ലാലേട്ടനും ഒറ്റ ഫ്രെയിമിൽ'; 'അവിടൊന്നും വീടിനകത്ത് കയറുമ്പോൾ ഷൂവും ചെരുപ്പും അഴിച്ചുവെക്കില്ലേ?'
ഗാനഗന്ധര്‍വ്വനെന്ന് കേള്‍ക്കുമ്പോള്‍ ഗാനാസ്വാദകരുടെ ഓര്‍മയില്‍ വരുന്നത് ഒരു മുഖം മാത്രം... ഗായകൻ യേശുദാസാണ് അത്. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസെന്ന കെ.ജെ യേശുദാസ് എത്തിയിട്ട് 60 വര്‍ഷത്തിലേറെ പിന്നിടുന്നു. അറുപത്തിമൂന്ന് വർഷമായി തുടരുന്ന സംഗീത സപര്യയെ തങ്ങളുടെ കൂടി സുകൃതമായാണ് മലയാളികൾ കാണാറുള്ളത്. മോഹൻലാലിന് വേണ്ടി ഒട്ടനവധി ഗാനങ്ങൾ പിന്നണി പാടിയിട്ടുണ്ട് യേശുദാസ്.
പലപ്പോഴും ഹരി മുരളീരവം, ഗംഗേ... പോലുള്ള ഗാനങ്ങൾ ആസ്വദിക്കുമ്പോൾ മോഹൻലാൽ, യേശുദാസ് എന്ന് വേർതിരിച്ച് കാണാനും കേൾക്കാനും വരെ ആസ്വാദകർ മറന്നുപോകാറുണ്ട്. അത്രയേറെ ചേർച്ചയാണ് മോഹൻലാലിന് വേണ്ടി യേശുദാസ് പാടുമ്പോൾ. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ യേശുദാസിന്റെ ആരാധകനായിരുന്നു മോഹൻലാൽ.

തിരനോട്ടം മുതൽ ഇങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങൾ മോഹൻലാലിന് വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഇപ്പോഴിതാ യേശുദാസുമായുള്ള ഒരു കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. യേശുദാസിനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വസതിയിൽ എത്തിയാണ് മോഹൻലാൽ സന്ദർശിച്ചത്.
ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ എന്നാണ് വളരെ നാളുകൾക്കുശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കിട്ട് മോഹൻലാൽ കുറിച്ചത്. സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായ കെ.മാധവനും മറ്റ് രണ്ട് സുഹൃത്തുക്കളും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. പതിവ് വൈറ്റ് ആന്റ് വൈറ്റ് മുണ്ടും ജുബ്ബയുമായിരുന്നു യേശുദാസിന്റെ വേഷം.
മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടുപേരെ ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷം പങ്കിട്ട് ആരാധകരും കമന്റുകൾ കുറിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും... ദാസേട്ടനും, രണ്ട് ഗന്ധർവ്വൻമാർ... അഭിനയകലയുടെ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും, ഫേവറേറ്റ് ആക്ടറും ഫേവറേറ്റ് സിംഗറും, രണ്ട് ഏട്ടൻമാരോടും ഒത്തിരി സ്നേഹം, ഒരുമിച്ച് നിന്നപ്പോൾ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഒരുപാട് കാലം സുഖമായിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അതേസമയം ചില രസകരമായ കമന്റുകളും യേശുദാസിന്റെ അമേരിക്കയിലെ താമസത്തെ വിമർശിച്ചും കമന്റുകളുണ്ട്. എല്ലാവരും ലാലേട്ടനേയും ദാസേട്ടനേയും ഒരുമിച്ച് കണ്ട സന്തോഷത്തിൽ മതി മറന്നപ്പോൾ മറ്റ് ചിലർ ദാസേട്ടന്റെ വീടിനകത്ത് മോഹൻലാലും സുഹൃത്തുക്കളും ഷൂവും ചെരുപ്പ് അഴിച്ച് മാറ്റാതെ കയറിയതാണ് ശ്രദ്ധിച്ചത്.

അവിടൊന്നും വീടിനകത്ത് കയറുമ്പോൾ ഷൂവും ചെരുപ്പുമൊന്നും അഴിച്ചുവെക്കില്ലേ? എന്നായിരുന്നു ചിലർ മോഹൻലാലിനെയും കൂട്ടുകാരെയും വിമർശിച്ച് കുറിച്ചത്. മറ്റ് ചിലർ യേശുദാസ് അമേരിക്കയിൽ സ്ഥിര താമസമാക്കിയതിനെയാണ് വിമർശിച്ചത്. ഇന്ത്യയിൽ ഒരു പിറന്നാളുപോലും അഘോഷിക്കാത്ത മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ, അങ്ങേര് ഇങ്ങ് കൊച്ചിയിലല്ലേ ജനിച്ചത് ലാലേട്ടാ... നമ്മളൊക്കെ അങ്ങേരെ കാണാൻ അമേരിക്കയ്ക്ക് ഫ്ലൈറ്റ് പിടിക്കണോ?, ഈ ഗാനഗന്ധർവ്വൻ എന്തിനാ അമേരിക്കയിൽ ജീവിക്കുന്നത്.
നമ്മുടെ കൊച്ചുകേരളത്തിൽ കഴിഞ്ഞാൽ പോരെ എന്നിങ്ങനെ എല്ലാമാണ് വിമർശിച്ച് വരുന്ന കമന്റുകൾ. മോഹൻലാൽ എമ്പുരാന്റെ ഷൂട്ടിനും തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനും വേണ്ടിയാണ് അമേരിക്കയിൽ എത്തിയത്.
മലയാള സിനിമയിൽ നിലവിൽ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തിനൊപ്പം അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ ഡാലസിലെ മകന്റെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന ഗാനഗന്ധർവ്വന്റെ വീഡിയോകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.
അടുത്തിടെ ഒരു പൊതു ഉദ്യാനത്തിൽ സായാഹ്ന സവാരിയ്ക്കെത്തിയപ്പോൾ യേശുദാസിന്റെ കൈയിലേക്ക് അണ്ണരക്കണ്ണൻ കയറിയിരിക്കുന്ന വീഡിയോ വൈറലായിരുന്നു. കൊച്ചുമക്കളൊക്കെ ഇടയ്ക്കിടെ യേശുദാസിനെ കാണാൻ അമേരിക്കയിലേക്ക് പോകാറുണ്ട്. അടുത്തിടെ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും യേശുദാസിനെ സന്ദർശിച്ചിരുന്നു.


Click it and Unblock the Notifications











