സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു ബിഗ് ബോസ് നാലാം സീസൺ, ഉടൻ എത്തുമോ എന്ന് ആരാധകർ...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിൽ ആയിരുന്നു ഷോ ആദ്യം ആരംഭിക്കുന്നത്. വൻ വിജയമായതോടെ മറ്റുള്ള തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. തുടക്കത്തിൽ പ്രമേയത്തെ ചൊല്ലി എതിർപ്പുകൾ ഉയർന്നുവെങ്കിലും ഗെയിം മനസ്സിലായതോടെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണുന്ന ഷോ കൂടിയാണിത്.
2018 ൽ ആയിരുന്നു ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത് . സാബുമോൻ, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു ആദ്യ സീസണിലെ മത്സരാർഥികൾ.ഈ ഷോ 100 ദിവസം പൂർത്തിയാക്കിയിരുന്നു. സാബു മോൻ ആയിരുന്നു വിജയി. രണ്ടാം സ്ഥാനത്തിന് അർഹയായത് പേളി മാണിയായിരുന്നു.

ആദ്യ ഭാഗം വിജയമായതിനെ തുടർന്നാണ് 2020 ൽ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആര്യ, വീണ, രജിത് കുമാർ, അഭിരാമി അമൃത സുരേഷ്, എലീന, ഫുക്രു എന്നിവരായിരുന്നു മത്സരാർഥികൾ. മത്സരം കടുക്കുന്ന സമയത്തായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുന്നത്. ലോക്ക് ഡൗണിന് മുൻപ് തന്നെ മത്സരാർത്ഥികളെ നാട്ടിൽ എത്തിച്ചിരുന്നു.

2021 ൽ ആണ് ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. എന്നാൽ ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിവെ ബിഗ് ബോസ് നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടൻ ആയിരുന്നു ടൈറ്റിൽ വിന്നർ. വോട്ടിംഗിലൂടെയായിരുന്നു വിജയിയെ കണ്ടെത്തിയത്. സായി വിഷ്ണു, ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഡിംപൽ സെക്കൻഡ് റണ്ണറപ്പുമായി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ബിഗ് ബോസ് മലയാളം പതിപ്പായിരുന്നു ഇത്.

നാലാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2021 ഫെബ്രുവരി 14 ന് ആയിരുന്നു ബിഗ് ബോസ് സീസൺ3 തുടങ്ങിയത്. ഒരു വർഷം പിന്നിടുകയാണ്. എന്നാൽ ഇതുവരെ പുതിയ സീസണെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള ചർത്തകൾ പുരോഗമിക്കുകയാണ്. . നിരവധി താരങ്ങളുടെ പേരുകൾ മത്സരാർഥികളുടെ ലിസ്റ്റിൽ സോഷ്യൽ ൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അധികം വൈകാതെ തന്നെ ബിഗ് ബോസ് സീസൺ 4 ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിഗ്ബോസ് ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നത്. സീസൺ 4ന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ചർച്ച കനത്തത്. മത്സരാർത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഷോയെ കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എന്നാൽ ഇക്കൊല്ലം സീസൺ 4 കാണില്ലെന്നും 2023ൽ മാത്രമേ ബിഗ്ബോസ് മലയാളം നാലാം സീസൺ വരാൻ സാധ്യതയുള്ളൂ എന്നും ഒരിടയ്ക്ക് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ വർഷം മാർച്ച് ഏപ്രിലോടെ ഷോ തുടങ്ങുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ചില താരങ്ങളുടെ പേരുകളും പുറത്ത് വന്നിരുന്നു.

പൂർണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ മാത്രമേ പ്രെമോ വീഡിയോ പുറത്ത് വിടുകയുള്ളൂ. കൂടാതെ മത്സരം തുടങ്ങുമ്പോൾ മാത്രമേ മത്സരാർഥികളേയും അറിയാൻ സാധിക്കുകയുള്ളൂ. ഇക്കുറി മുംബൈയിൽ ആകും ബിഗ് ബോസ് ഷോയുടെ വേദിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഗ് ബോസിന് നാലാം സീസണുണ്ടാകുമെന്ന് ഫിനാലെയിൽ മോഹൻലാൽ പറഞ്ഞിരുന്നു. നാലാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോയ്ക്കും കേരളത്തിൽ മികച്ച കാഴ്ചക്കാരുണ്ട്. അന്യഭാഷ താരങ്ങളെ പിന്തുണയ്ക്കാറുമുണ്ട്.
Recommended Video
ചിത്രം; കടപ്പാട്( ബിഗ് ബോസ് ഫേസ്ബുക്ക് പേജ്)


Click it and Unblock the Notifications