'ഏതോ കാലത്ത് ഫീൽഡ് ഔട്ടായി, ഇത്രയേറെ വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ എവിടുന്നാണ് പണം?'; അമിത് അത്രയ്ക്ക് റിച്ചാണോ?
ഓപ്പറേഷൻ നുംഖൂറും മലയാള സിനിമയിലെ താരങ്ങളുടെ ആഢംബര വാഹനങ്ങളുമാണ് ഇന്നലെ മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങളാണ് റെയ്ഡിനുശേഷം കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിനോട് ചേർന്നുള്ള ഗ്യാരേജിലും പരിശോധന നടന്നിരുന്നു. പൃഥ്വിരാജിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തുമുള്ള വീടുകളിൽ പരിശോധന നടന്നുവെങ്കിലും വാഹനങ്ങളൊന്നും പിടികൂടിയില്ല.
യുവനടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടന്നിരുന്നു. നടന്റെ ഉടമസ്ഥതയിലുള്ള എസ്‌യുവിയും വര്‍ക്ക്‌ഷോപ്പില്‍ കിടന്ന രണ്ട് വാഹനങ്ങളുമാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് നടൻ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയിലെ വാഹനപ്രേമികളായ യുവ നടന്മാരിൽ ഒരാളാണ് അമിത്. നിരവധി ആഢംബര വാഹനങ്ങളും വിലകൂടിയ സൂപ്പർ ബൈക്കുകളും അമിത്തിന്റെ ഗ്യാരേജിലുണ്ട്. വെറും ഒരു വാഹനപ്രേമിയെന്ന് പറഞ്ഞ് ചുരുക്കേണ്ടതില്ല നല്ലൊരു ഓഫർ റോഡർ കൂടിയാണ് നടൻ. ഒട്ടുമിക്ക വാഹനങ്ങളെ കുറിച്ചും കൃത്യമായ അറിവും നടനുണ്ട്.
കസ്റ്റംസ് റെയ്ഡിനുശേഷം അമിത് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം പരിശോധിച്ചാൽ തന്നെ കൃത്യമായ അറിവോടും വ്യക്തമായി കാര്യങ്ങൾ പഠിച്ചശേഷവുമാണ് അമിത്ത് വാഹനങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയതെന്ന് മനസിലാകും. പൊതു ചടങ്ങുകളിൽ തന്റെ ആഢംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന അമിത്തിന്റെ വീഡിയോ പലപ്പോഴായി വൈറലായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അമിത്തിന്റെ വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തുവെന്ന് വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നിരവധി ട്രോളുകൾ നടനെ പരിഹസിച്ച് ഇറങ്ങുന്നുണ്ട്.
ദുൽഖറിന്റെ കാര്യം പോട്ടെ... ഏതോ കാലത്ത് സിനിമയിൽ നിന്നും ഫീൽഡ് ഔട്ടായ ചങ്ങായിക്ക് ഇതിനും മാത്രം ആഢംബര വാഹനങ്ങൾ വാങ്ങി കൂട്ടാനുള്ള കാശ് എവിടെ നിന്നാണ്?. എന്തായാലും ഓപ്പറേഷൻ നുംഖൂറും കസ്റ്റംസ് റെയ്ഡ് കാരണം ഇങ്ങനെ ഒരു നടൻ ഉണ്ടെന്ന് അറിയാൻ സാധിച്ചു എന്നായിരുന്നു ട്രോളുകളിൽ ചിലത്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമിത് ലൈം ലൈറ്റിലേക്ക് എത്തുന്നത്.
മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ നടൻ അഭിനയമോഹം കൊണ്ടാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതും ഓഡീഷനുകൾ അറ്റന്റ് ചെയ്തതും. ഇരുപതോളം ഓഡീഷനുകളിൽ നിന്നും റിജക്ടായശേഷമാണ് ആദ്യത്തെ സിനിമ നടന് ലഭിക്കുന്നത്. തുടക്കം ഹണി ബീയിൽ ഭാവനയുടെ സഹോദരനായിട്ടായിരുന്നു. സഹനടൻ റോളുകളിൽ മാത്രമല്ല നായകനായും സിനിമകൾ ചെയ്തിട്ടുണ്ട്.

സപ്തമശ്രീ തസ്ക്കര, ഇയ്യോബിന്റെ പുസ്തകം, സൈറ ബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2, ജിബൂട്ടി, വാരിക്കുഴിയിലെ കൊലപാതകം, ആഹാ, സന്തോഷം തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. നടനെ പരിഹസിച്ച് ട്രോളുകൾ പെരുകിയപ്പോൾ ആരാധകർ തന്നെ പ്രതികരിച്ച് മറുപടികൾ നൽകിയിട്ടുണ്ട്. ചക്കാലക്കൽ ഫാമിലി വളരെ സമ്പന്നരാണ്. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ അമിത്തിന്റെ കയ്യിൽ സൂപ്പർ ബൈക്ക്സും കാറുകളുമൊക്കെയുണ്ട്.
റിയൽ വണ്ടിപ്രാന്തനാണ് അദ്ദേഹം, വണ്ടി മേടിക്കാൻ സിനിമയിൽ നിരന്തരമായി അഭിനയിക്കം എന്നില്ലല്ലോ. സിനിമയിൽ മാത്രമേ പൈസ ഉള്ളു എന്നുണ്ടോ?. പുള്ളി സിനിമയിൽ വരും മുമ്പെ പണക്കാരനാണ്, നല്ല അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ മുന്നിലെത്തിയേനെ ടോവിനെയെക്കാൾ കഴിവുള്ള നടനാണ്.
ചുമ്മാ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കു... ചക്കാലക്കൽ ഫാമിലി സൂപ്പർ റിച്ച് ആണെന്ന് അപ്പോൾ മനസിലാകും, അമിത് നല്ല ഒരു നടൻ തന്നെയാണ്. അതിൽ യാതൊരു സംശയവും വേണ്ട. പിന്നെ സിനിമ, അവസരം ഇതൊക്കെ കുറവാണ്. അയാൾ തിരിച്ച് വരും എന്നിങ്ങനെയാണ് അമിത്തിനെ പരിഹസിച്ച് വന്ന ട്രോളുകൾക്ക് നടന്റെ ആരാധകരും സിനിമാപ്രേമികളും നൽകിയ മറുപടി.


Click it and Unblock the Notifications











