ഒരേ ഭാവം, ഇപ്പോഴും ഡബ് ചെയ്യാൻ മറ്റൊരാൾ; നയൻതാരയോട് മടുപ്പെന്ന് പ്രേക്ഷകർ; പ്രതികരിച്ച് ആരാധകർ
തെന്നിന്ത്യൻ താര റാണിയായ നയൻതാരയ്ക്കുള്ള ആരാധക വൃന്ദം ചെറുതല്ല. തമിഴകത്ത് നയൻതാരയെ പോലെ താരമൂല്യമുള്ള നടിമാർ വിരളമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി നയൻതാര തന്റെ ജെെത്രയാത്ര തുടരുന്നു. ഇക്കാലയളവിനിടെ ഹിറ്റുകളേറെ. പരാജയങ്ങളും ഇടയ്ക്കിടെ വന്നു. വീഴ്ചകളിൽ നിന്നും തിരിച്ച് വരാനും തന്റെ സ്ഥാനം കാത്ത് സൂക്ഷിക്കാനും നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് മുൻനിരയിൽ തന്നെ തുടരണമെന്ന നിർബന്ധമുള്ള നടിയാണ് നയൻതാര. മറ്റൊരാൾ ഈ സ്ഥാനത്തേക്ക് വരുന്നത് നയൻതാരയ്ക്ക് ഉൾക്കൊള്ളാനാകില്ലെന്ന് നടിയെ വർഷങ്ങളായി കാണുന്ന പ്രേക്ഷകർ പറയുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിൽ നയൻതാരയ്ക്ക് മോശം സമയമാണ്. ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ ഒഴിച്ച് എടുത്ത് പറയാൻ ഹിറ്റുകളൊന്നും നയൻതാരയ്ക്കില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വലിയ വീഴ്ച നയൻതാരയ്ക്ക് പറ്റി. ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ വരാനിരിക്കുന്ന മലയാള സിനിമ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ടീസർ കണ്ട് റെഡിറ്റിൽ വന്ന അഭിപ്രായങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയുടെ സ്ഥിരം ശെെലിയിലുള്ള അഭിനയം കണ്ട് ബോറടി തോന്നുന്നു എന്നാണ് അഭിപ്രായങ്ങൾ. ഭാവങ്ങളില്ലാത്ത മുഖം, സ്ഥിരമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ദീപ വെങ്കട്ടിന്റെ ശബ്ദം ഉപയോഗിക്കുന്നു, സ്ക്രീൻ പ്രസൻസ് പോയി എന്നീ കാരണങ്ങളാൽ നയൻതാര അഭിനയം നിർത്തണമെന്നാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന അഭിപ്രായം. ചിലർ ഇതിനെ അനുകൂലിക്കുകയും ചിലർ ഈ അഭിപ്രായം തള്ളിക്കളയുകയും ചെയ്തു. നയൻതാരയ്ക്ക് മുമ്പേ ഫീൽഡ് വിടേണ്ട നടൻമാരായ സൂപ്പർതാരങ്ങളില്ലേ എന്നാണ് നയൻതാരയെ അനുകൂലിക്കുന്നവരുടെ ചോദ്യം.
കരിയറിൽ മോശം സമയമാണ് നയൻതാരയ്ക്കിപ്പോൾ. തുടരെ പരാജയ സിനിമകൾ നടിക്ക് വന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിലീസിനൊരുങ്ങുന്ന ഡിയർ സ്റ്റുഡന്റ്സിൽ നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന ചിത്രത്തിലും നയൻതാര നായികയായെത്തുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നു. മൂക്കുത്തി അമ്മൻ 2, ടോക്സിക് എന്നീ സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











