19 വര്‍ഷത്തെ ദാമ്പത്യം, മക്കളില്ലാത്ത വേദന, ഭാവതരണിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ, ഗായികയുടെ ഭര്‍ത്താവ് ആര്?
സംഗീത കുടുംബത്തിൽ ജനിച്ച് വളർന്ന് മരണം വരെ സംഗീതത്തിനൊപ്പം യാത്ര ചെയ്ത അനുഗ്രഹീത ഗായികയാണ് സംഗീത ഇതിഹാസം ഇളയരാജയുടെ ഒരേയൊരു മകളായ ഭാവതരണി. ആറ് ദിവസം മുമ്പാണ് കാൻസർ മൂർച്ഛിച്ച് ഭാവതരണി അന്തരിച്ചത്. വെറും 47 വയസ് മാത്രമാണ് പ്രായം. തമിഴ് സിനിമാ ലോകത്തിനും സംഗീതത്തെ സ്നേഹിക്കുന്നവർക്കും ഭാവതരണിയുടെ വേർപാട് വലിയൊരു ആഘാതമായിരുന്നു.
ഇളയരാജയുടെ മൂന്ന് മക്കളിൽ ഒരേയൊരു പെൺകുട്ടി ഭാവതരണിയാണ്. അതുകൊണ്ട് തന്നെ വേർപാട് ഇളയരാജയുടെ കുടുംബത്തിനും താങ്ങാൻ പറ്റുന്നതിന് അപ്പുറമായി. അൻപ് മകളേ... എന്നാണ് ഭാവതരണിയുടെ വേർപാട് അറിഞ്ഞപ്പോൾ ഇളയരാജ സോഷ്യമീഡിയയിൽ കുറിച്ചത്. മക്കളോടുള്ള മുഴുവൻ വാത്സല്യവും ആ ചിത്രത്തിലും വാക്കുകളിലുമുണ്ടായിരുന്നു.

അര്‍ബുദബാധയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഏറെനാളുകളായി ചികിത്സയിലായിരുന്നു ഭവതരണി ഇളയരാജ. ദേശീയ പുരസ്കാര ജേതാവ് കൂടിയായ ഭാവതരണിയുടെ സ്വകാര്യ ജീവിതം ഇതുവരെയും ലൈം ലൈറ്റിൽ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. പ്രിയ ഗായികയുടെ വേർപാട് വാർത്ത പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഭാവതരണിയുടെ ഭർത്താവിന്റെ വിവരങ്ങളായിരുന്നു.
ഭാവതരണി വിവാഹിതയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഭർത്താവുമൊത്ത് ഭാവതരണി വളരെ വിരളമായി മാത്രമെ പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ഭാവതരണിക്ക് ലിവർ കാൻസറായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു മരണം. ആയുര്‍വേദ ചികിത്സയ്ക്കിടെയായിരുന്നു മരണം. രോഗം തിരിച്ചറിയാന്‍ താമസിച്ചതാണത്രെ ഇത്രപെട്ടന്ന് മരണം സംഭവിക്കാനുണ്ടായ കാരണം.
ഏറെക്കാലമായി ഭാവതരണി വയറുവേദനയുടെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നു. ആ വേദന സിസ്റ്റിന്റേതാണെന്ന് കരുതി കൂടുതല്‍ പരിശോധനകളൊന്നും നടത്താതെയും ചികിത്സിക്കാതെയും അലസമായി വിട്ടു. മരിക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്കും ഫോർത്ത് സ്റ്റേജിൽ എത്തിയിരുന്നതിനാൽ ചികിത്സകളൊന്നും ഫലം കാണാത്ത അവസ്ഥയായി.
പ്രശസ്ത പത്രപ്രവര്‍ത്തകനായ എസ്.എന്‍ രാമചന്ദ്രന്റെ മകന്‍ ശബരിരാജയാണ് ഭാവതരണിയെ വിവാഹം ചെയ്തത്. 2005ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. എന്നാൽ മക്കളില്ലാത്തത് വലിയ വിഷമം തന്നെയായിരുന്നു ദമ്പതികൾക്ക്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഭവതരണിയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും ഇരുവരും വേർപിരിയുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

ശേഷം ഭർത്താവിനെ വിട്ട് പിതാവിൻ്റെ അടുത്തേക്ക് ഭാവതരണി എത്തി. ശേഷം ഭാര്യയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതോടെ ഭർത്താവ് ശബരി രാജും ഓടിയെത്തി ഭാര്യയെ രക്ഷിക്കാൻ പല ശ്രമങ്ങളും നടത്തിയതായി പറയപ്പെടുന്നു. ചികിത്സയ്ക്കായി ഭാര്യയ്‌ക്കൊപ്പം ശബരിരാജും ശ്രീലങ്കയിലുണ്ടായിരുന്നു.
മരണാനന്തരം മൃതദേഹം ചെന്നൈയില്‍ എത്തിച്ചു. ഇളയരാജയുടെ ജന്മനാട്ടിൽ സംസ്കരിച്ചു. 1976ൽ ചെന്നൈയിലായിരുന്നു ഭവതരണിയുടെ ജനനം. ബാല്യകാലത്ത് തന്നെ അച്ഛന്റെ കൈപിടിച്ച് ശാസ്ത്രീയ സംഗീതലോകത്തിലേക്ക് കടന്നു. രാസയ്യ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടി പിന്നണി ഗാനരംഗത്ത് ചുവടുവെപ്പ്.
തുടർന്ന് മലയാളികളടക്കം ഇഷ്ടപ്പെടുന്ന ശബ്ദമായി മാറി. കളിയൂഞ്ഞാൽ എന്ന മലയാള സിനിമയിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരാണ് ഭാവതരണിയുടെ സഹോദരങ്ങൾ. ഭാരതിയിലെ മയിൽ പോലെ പൊണ്ണ് ഒന്ന് എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഭാവതരണി നേടിയത്.


Click it and Unblock the Notifications











