ഷൂട്ടിംഗിൽ സംഭവിച്ചത്, നിവിൻ-ലിസ്റ്റിൻ വിഷയത്തിൽ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നു; മറ്റൊരു കളിയെന്ന് വാദം
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉന്നയിച്ച ആരോപണം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ നടനെതിരെയാണ് ലിസ്റ്റിന്റെ പരോക്ഷ വിമർശനം. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. വലിയ മാലപ്പടക്കത്തിനാണ് തിരി കാെളുത്തിയത്, അത് വേണ്ടായിരുന്നു. ഈ നടൻ ചെയ്തത് വലിയ തെറ്റാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. നടന്റെ പേര് പറയാത്തതിൽ പല അഭിപ്രായങ്ങൾ വരുന്നുണ്ട്.
ഇത്തരമൊരു പ്രസ്താവന അഭ്യൂഹങ്ങൾ പ്രചരിക്കാൻ മാത്രമേ ഉപകരിക്കൂയെന്നും ലിസ്റ്റിൻ പേര് പറയുകയോ അല്ലെങ്കിൽ നടനുമായി സംസാരിച്ച് ഈ പ്രശ്നം പരിഹരിക്കുകയോ ചെയ്യണമായിരുന്നെന്നാണ് അഭിപ്രായങ്ങൾ. അതേസമയം ലിസ്റ്റിൻ പരാമർശിച്ച നടൻ നിവിൻ പോളിയാണെന്ന വാദം ശക്തമാണ്. ലിസ്റ്റിൻ നിർമ്മിക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ.

ഈ സിനിമയുടെ ഷൂട്ട് തീരുന്നതിന് മുമ്പ് നിവിൻ മറ്റൊരു സിനിമയുടെ ഷൂട്ടിന് ജോയിൻ ചെയ്തതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയോ ലിസ്റ്റിൻ സ്റ്റീഫനോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ റെഡിറ്റിൽ നിവിൻ പോളിയുടെ അടുത്ത വൃത്തങ്ങളുടെ പ്രതികരണമെന്ന് പറഞ്ഞ് മെസേജ് സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. നിവിൻ പോളിയുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഇതിൽ പറയുന്നത്.
'ബേബി ഗേൾ എന്ന മൂവിയുടെ തിരുവനന്തപുരത്തെ നമ്മുടെ ഷൂട്ട് കഴിഞ്ഞു. ഞങ്ങളില്ലാതെ അവർക്ക് കുറച്ച് ഷൂട്ട് തീർക്കാനുണ്ടായിരുന്നു. ബാലൻസ് ഷൂട്ട് കൊച്ചിയിൽ ഈ ആഴ്ച ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് മൂന്ന് ദിവസത്തേക്ക് അഖിൽ സത്യന്റെ പടത്തിൽ ജോയിൻ ചെയ്തു. ഇപ്പോൾ ബേബി ഗേൾ അല്ലാതെ നിവിൻ പോളിക്ക് വേറെ ഷൂട്ടിംഗില്ല. അല്ലാതെ ഈ പറയുന്ന കഥകളൊക്കെ വെറുതെ ആണ്,' പ്രചരിക്കുന്ന മെസേജിങ്ങനെ.

സ്ക്രീൻ ഷോട്ട് വെെറലായതോടെ നിരവധി പേർ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമാ രംഗത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്. പ്രശ്നമുണ്ടെന്ന് 'എനിക്ക് തോന്നുന്നില്ല. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ഇത് സാധാരണ സംഭവമായിരിക്കുന്നു. വിൻസി, ഷെെൻ പ്രശ്നത്തിൽ മാത്രമാണ് പേര് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ആദ്യമായാണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ മാത്രം മണ്ടൻമാരല്ല ഞങ്ങൾ'
'ഒരുപാട് തവണ ഷൂട്ടിംഗുകൾ വെെകൽ, പ്രതിഫലം ലഭിക്കാതിരിക്കൽ, ബോക്സ് ഓഫീസ് പരാജയങ്ങൾ എന്നിവ മലയാള സിനിമാ രംഗത്തുണ്ടായിട്ടുണ്ട്. പ്രൊമോഷനുകളിൽ ചെറിയ പ്രസ്താവന നടത്താനുള്ള കോപ്പി പേസ്റ്റ് ടെംപ്ലേറ്റ് പോലെയായി "കൂടുതൽ വിശദീകരിക്കാൻ താൽപര്യമില്ല, അത് പ്രശ്നങ്ങളുണ്ടാക്കും" എന്ന വാചകം മാറിയിരിക്കുന്നു,' റെഡിറ്റിൽ വന്ന കമന്റിൽ പറയുന്നതിങ്ങനെ. ലിസ്റ്റിൻ സ്റ്റീഫൻ വിഷയത്തിൽ ഇനി വ്യക്തത വരുത്താനിടയുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. നിവിൻ പോളിയെ ലിസ്റ്റിൻ സ്റ്റീഫൻ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിട്ടുണ്ട്.
കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അഭിനേതാക്കളുടെ അമിതപ്രതിഫലത്തിനെതിരെ ലിസ്റ്റിൻ സംസാരിച്ചിരുന്നു. ജനങ്ങൾ കാണിക്കുന്ന സ്നേഹം വെച്ച് നിർമാതാക്കളെ താരങ്ങൾ മുതലെടുക്കുകയാണെന്നും പലരുടെയും ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ലിസ്റ്റിൻ സ്റ്റീഫന്റെ പരസ്യ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത് വന്നിരുന്നു. ലിസ്റ്റിൻ പേര് പറയാതെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ലിസ്റ്റിൻ സ്റ്റീഫന് സംഭവിച്ചത് കൊണ്ടാണ് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമായി ഇത് മാറിയത്. സാധാരണ സിനിമാ സെറ്റുകളിൽ നടക്കുന്ന കാര്യം തന്നെയാണ്. പുതുമയുള്ള കാര്യമൊന്നും അല്ല. എനിക്ക് സമാനമായ അനുഭവമുണ്ടായപ്പോൾ ഞാൻ പ്രതികരിക്കുകയും അസോസിയേഷനിൽ പരാതി കൊടുക്കുകയും ചെയ്തു.
അന്ന് അസോസിയേഷൻ തന്നെ അത് ഒതുക്കി തീർക്കുകയാണുണ്ടായത്. അസോസിയേഷനെ ആശ്രയിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ലിസ്റ്റിൻ അവിടയൊന്നും പറയാതെ പബ്ലിക്കായി മീഡിയയുടെ മുന്നിൽ നിന്ന് പറഞ്ഞത്. അതിലെ പ്രശ്നമെന്തെന്നാൽ ഒരു കാര്യം പറയുമ്പോൾ ക്ലാരിറ്റിയോടെ പറയണമായിരുന്നു. എല്ലാവരെയും സംശയമുനയിൽ നിർത്തി. അദ്ദേഹം ഉത്തരവാദിത്വത്തപ്പെട്ട പൊസിഷനിൽ ഇരിക്കുന്ന ആളാണ്. ഈ സ്ഥാനങ്ങളെല്ലാം കൂടെ കിട്ടിയപ്പോൾ മലയാള സിനിമ മുഴുവൻ തന്റെ ഉള്ളം കെെയിലാണെന്ന തോന്നൽ പുള്ളിക്ക് ഈയടുത്ത കാലത്തായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. അതിന്റെ ഭാഗമായിട്ടായിരിക്കാം ഭീഷണി സ്വരത്തിൽ അദ്ദേഹമങ്ങനെ പറഞ്ഞതെന്ന് തനിക്ക് തോന്നുന്നെന്ന് സാന്ദ്ര തോമസ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലും ലിസ്റ്റിനെ സാന്ദ്ര തോമസ് വിമർശിക്കുന്നുണ്ട്. ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് .
മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം .
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും സാന്ദ്ര തോമസ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെ രൂക്ഷ വിമർശനമാണ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയത്.
പല ആർട്ടിസ്റ്റുകളുമായും സംസാരിക്കേണ്ട ഘട്ടത്തിലേക്ക് വന്നിരിക്കുന്നു. അനുഭവ സമ്പത്തുള്ള നിർമാതാക്കൾക്ക് പോലും പലതും നേരിടേണ്ടി വരുന്നു. മേക്കപ്പിട്ട് കഴിഞ്ഞാൽ ഇവർ വേറെ ക്യാരക്ടറാണ്. എല്ലാ സൗകര്യങ്ങളും വേണം. സ്വയം മറന്ന് പോകുകയാണ്. ബിസിനസിനനുസരിച്ചാണോ ശമ്പളം വാങ്ങുന്നത്, ഇത്രയും സൗകര്യങ്ങളുടെ ആവശ്യമുണ്ടോ, തൃപ്തിയോടെയാണ് പ്രൊഡ്യൂസർ ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെ ചിന്തിക്കേണ്ടതുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ അഭിമുഖത്തിൽ തുറന്നടിച്ചു.
സിനിമാ താരങ്ങൾക്ക് പണം അൺലിമിറ്റഡായി കിട്ടുകയാണ്. സിനിമയുള്ളവർക്ക് മാത്രം വലിയ വണ്ടികളെടുക്കാൻ പറ്റുന്നത് ഇത് കൊണ്ടാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ചെറിയ കാര്യങ്ങൾ വന്ന് കഴിഞ്ഞാൽ താരങ്ങൾ ഭയങ്കര സെൻസിറ്റീവായി മാറും. അപ്പോൾ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇവരുമായുള്ള നേരിട്ടുള്ള ഇടപെടൽ അതോടെ അവസാനിക്കും. മറ്റൊരാളെ നിർമാതാക്കളുമായി സംസാരിക്കാൻ ഇവർ മുന്നിൽ നിർത്തുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.


Click it and Unblock the Notifications











