രണ്ട് ദിവസം മോനൊപ്പം നിൽക്കാൻ അവസരം...; മേജർ രവിയുടെ വാക്കുകൾക്ക് പിന്നാലെ മല്ലിക സുകുമാരൻ
മേജർ രവി പൃഥ്വിരാജിനെയും മല്ലിക സുകുമാരനെയും കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. പൃഥ്വിരാജ് തിരക്കുകൾക്കിടയിലും അമ്മയ്ക്കൊപ്പം നിൽക്കാൻ കുറച്ച് സമയം കണ്ടെത്തണമെന്നാണ് മേജർ രവി പറഞ്ഞത്. അമ്മ ഉള്ളപ്പോൾ നമ്മൾ ആരും അവരെ വേണ്ട പോലെ സ്നേഹിക്കാറില്ല. നമ്മൾ ഓട്ടത്തിലായിരിക്കും. അപ്പോഴും അമ്മ ആഗ്രഹിക്കുന്നുണ്ടാകും. എന്റെ കുട്ടി എന്ന് ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിലെന്ന്. നമ്മളാരും പലപ്പോഴും അത് ചെയ്യാറില്ല.
അതിന്റെ പ്രായശ്ചിത്തം എന്നോണമാണ് മരിച്ച് 20 വർഷം പിന്നിട്ടിട്ടും അമ്മയുടെ കാര്യം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നത്. എനിക്കുള്ള പശ്ചാത്താപം ആരും അനുഭവിക്കാതിരിക്കാനാണ് എല്ലാ വേദിയിലും ഞാൻ അമ്മയെക്കുറിച്ച് സംസാരിക്കുന്നത്. മല്ലിക ചേച്ചി എന്നെ തെറി വിളിച്ചു. എനിക്കതിൽ പ്രശ്നമില്ല. കാരണം അതൊരു അമ്മയ്ക്ക് മകനോടുള്ള സ്നേഹമാണ്. രാജുവിനോട് ഒരു കാര്യം കൂടി പറയുകയാണ്. അമ്മയെ കെട്ടിപ്പിടിക്കാൻ മറക്കേണ്ട.

ഷൂട്ടിംഗിനും ബോംബെയിലും മാത്രം പോയിരുന്നത് കൊണ്ട് കാര്യമില്ല. ഇടയ്ക്കൊക്കെ വന്നൊന്ന് കെട്ടിപ്പിടിച്ചോളൂ. അമ്മ-മക്കൾ ബന്ധത്തിനിടയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് തള്ളിക്കളയണമെന്നും മേജർ രവി പറഞ്ഞു. പരാമർശത്തിന് പിന്നാലെ മല്ലിക സുകുമാരൻ പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
'നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്....അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു'
'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം...അങ്ങനെ രണ്ടു ദിവസം "അമീർ അലി" യുടെ കൂടെ....ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി' എന്നാണ് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഡ്രെെവർ പൃഥ്വിക്കൊപ്പമെടുത്ത ഫോട്ടോയും മല്ലിക സുകുമാരൻ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മകളും മുംബെെയിലേക്ക് താമസം മാറിയത് അടുത്ത കാലത്താണ്. സുപ്രിയയെ ഇപ്പോൾ കാണാനാകാറില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. രണ്ട് കൊല്ലം മുമ്പ് വരെ സുപ്രിയ ഇടയ്ക്കിടെ വരുമായിരുന്നു, പക്ഷെ ഇപ്പോൾ വരാൻ സമയം കിട്ടാറില്ലെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. അതേസമയം മക്കൾ തിരക്കുണ്ടെങ്കിലും തന്റെ പിറന്നാളിന് മുടങ്ങാതെ എത്താറുണ്ടെന്നും പറഞ്ഞിരുന്നു.


Click it and Unblock the Notifications















