'തിരക്കിനിടയിൽ ലാലേട്ടൻ എത്തിയത് ശത്രുക്കൾ പെരുകിയതുകൊണ്ടോ?'; മാമാനിക്കുന്ന് ക്ഷേത്രം ചർച്ചയാകുന്നു!
മോഹൻലാൽ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങൾ അദ്ദേഹം നൽകി. അതിൽ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനുമൊക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങൾ തന്നെയാണ്. ഇക്കഴിഞ്ഞ മെയ് 21നാണ് മോഹൻലാൽ അറുപത്തിനാലാം പിറന്നാൾ ആഘോഷിച്ചത്.
ഇന്നും മലായള സിനിമയിലെ സൂപ്പർസ്റ്റാറുകളെന്നാൽ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. ഇന്നേവരെ ആ പദവി അലങ്കരിക്കാൻ ആരും യോഗ്യരായി വന്നിട്ടില്ല. ഇവരെ ഒഴിവാക്കി പുതിയൊരാൾക്ക് ആ സ്ഥാനം കൊടുക്കുന്നതിനെ കുറിച്ച് മലയാളികൾക്കും ചിന്തിക്കാനാവില്ല. അറുപത്തിനാലിലും സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള മോഹൻലാലിന്റെ യാത്രകൾക്ക് കുറവൊന്നുമില്ല.

ഷൂട്ടിങ്, ബിസിനസ് തിരക്കുകൾക്കിടയിലും പ്രാർത്ഥനയും ഭക്തിയും കൈവിടാത്ത വ്യക്തിയാണ് മോഹൻലാൽ. കേരളത്തിലുള്ള ഒട്ടുമിക്ക വിഖ്യത ക്ഷേത്രങ്ങളിലും താരം സന്ദർശനം നടത്തി കഴിഞ്ഞു. അടുത്തിടെ കണ്ണൂർ ഇരിക്കൂറിലുള്ള മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു മോഹൻലാൽ.
ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ച് മനസിലാക്കിയ താരം പ്രദിക്ഷണം നടത്തുകയും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറികൊത്തൽ നടത്തുകയും ചെയ്തിരുന്നു. ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവെച്ച് വിഘ്‌നനിവാരണാർഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ അഥവാ മറിസ്തംഭം നീക്കല്‍.
ഈ വഴിപാട് നടത്തിയാൽ ദോഷങ്ങളും മാർഗതടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം. മാത്രമല്ല ശത്രുദോഷം, ആഭിചാരം പോലെയുള്ള കർമ്മങ്ങൾ തങ്ങളിൽ ഏറ്റുവെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് ഇതിൽ നിന്നൊക്കെ ഒരു മോക്ഷം കൂടി ഈ വഴിപാട് നൽകും എന്നാണ് വിശ്വാസികൾ പറയുന്നത്. മോഹൻലാൽ ദർശനം നടത്തി മടങ്ങിയശേഷം ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുന്നവരുടെ എണ്ണവും പെരുകി.
മാത്രമല്ല മറിസ്തംഭം നീക്കല്‍ എന്ന വഴിപാടിനെ കുറിച്ച് ധാരണ കിട്ടിയശേഷം ലാലേട്ടന് ഇത്രയും ശത്രുക്കൾ ഉണ്ടാകുമോ എന്നുള്ള സംശയവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ പൊതുവെ ഈശ്വര വിശ്വാസിയായ താരം കേരളത്തിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളും ദർശനം നടത്താറുണ്ട്. അതിനാൽ വഴിപാടുകൾ കഴിക്കുന്നതിന് പിന്നിൽ ഒരു പ്രത്യേക കാരണം ഉണ്ടാകില്ലായിരിക്കാം ഒന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ.

മോഹൻലാലിന്റെ ഭക്തിയെ കുറിച്ച് അമ്മ ശാന്തകുമാരി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ മോഹൻലാൽ ഭക്തനാണെന്നാണ് അമ്മ ശാന്തകുമാരി വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്. അവൻ വലിയ ഭക്തനാണ്.
എന്തുണ്ടെങ്കിലും ഭയങ്കര ഭക്തിയാണ്. എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് എന്നെ വിളിച്ചിട്ട് പഴഞ്ചിറ ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ലാലു എപ്പോഴും പറയുമെന്നാണ് അമ്മ ശാന്തകുമാരി വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം എമ്പുരാൻ അടക്കമുള്ള സിനിമകളുടെ ഷൂട്ടുമായി തിരക്കിലാണ് മോഹൻലാൽ. കൂടാതെ ചെന്നൈയിൽ നടക്കുന്ന ബിഗ് ബോസ് സീസൺ ആറിന്റെ അവതാരകനുമാണ് താരം.


Click it and Unblock the Notifications