'എൻ തങ്കമേ... എൻ വൈരമേ...'; ബാലയെ വാരിപ്പുണർന്ന് നിറകണ്ണുകളോടെ അമ്മ, ഒരു വർഷത്തിനുശേഷമുള്ള കൂടിക്കാഴ്ച!
മലയാളി അല്ലെങ്കിൽ കൂടിയും മലയാളിയെപ്പോലെ ജീവിക്കുന്ന താരമാണ് തമിഴകത്ത് നിന്നും എത്തി നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന ബാല. കളഭം എന്ന സിനിമ ചെയ്തുകൊണ്ടാണ് ബാല മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തുടരെ തുടരെ നിരവധി സിനിമകളിൽ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.
പൊതുവെ അന്യ ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്താൽ അവർ അവരുടെ ഭാഷകളിൽ തന്നെയായിരിക്കും സംസാരിക്കുക. ബാല മാത്രമാണ് മലയാളിയായി അഭിനയിച്ച് നായക വേഷം വരെ മലയാളത്തിൽ ചെയ്തിട്ടുള്ള ഏക നടൻ.
അതുകൊണ്ട് തന്നെ ബാലയോട് മലയാളി താരങ്ങളോടുള്ള അതേ സ്നേഹം സിനിമപ്രേമികളും കാണിക്കാറുണ്ട്. അടുത്തിടെയാണ് മരണത്തിന്റെ വക്കിൽ നിന്നും ബാല ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയ്ക്ക് ശേഷം ബാലയുടെ ആരോഗ്യം വളരെ മോശമായി. കരൾ രോഗം രൂക്ഷമായതോടെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബാലയെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്നു.

ശേഷം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയാണ് ബാലയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടന്ന കഥകളെല്ലാം ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വന്ന ശേഷം നൽകിയ അഭിമുഖത്തിൽ ബാല വെളിപ്പെടുത്തിയിരുന്നു.
ഭാര്യ എലിസബത്തിനൊപ്പം കൊച്ചിയിലാണ് ബാലയുടെ താമസം. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തതിനാൽ ബാല ഇപ്പോൾ പഴയതുപോലെ ഫിറ്റ്നസിൽ അടക്കം ശ്രദ്ധകൊടുത്ത് തുടങ്ങിയിട്ടുണ്ട്. ആശുപത്രിവാസത്തിന് ശേഷം പഴയ ബാലയെ തിരികെ കിട്ടിയെന്നാണ് ആരാധകരും പറയുന്നത്.
എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള ബാല പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു വർഷത്തിന് ശേഷം അമ്മയെ കാണാൻ ചെന്നൈയിലേക്ക് വന്നതിന്റെ വിശേഷങ്ങളാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ഒപ്പം എലിസബത്തുമുണ്ടായിരുന്നു.
നടൻ ആശുപത്രിയിലായിരുന്നപ്പോൾ സഹോദരൻ സിരുത്തെ ശിവയും മറ്റ് ബന്ധുക്കളുമാണ് ആശുപത്രിയിലേക്ക് വന്നത്. അമ്മ അസുഖങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളാൽ വന്നിരുന്നില്ല. താൻ ഒരു വർഷത്തിന് ശേഷം അമ്മയെ കാണാൻ ചെന്നൈയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ബാല വീഡിയോ ആരംഭിച്ചത്.

'കൃത്യം ഒരുവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നത്. വീട്ടില്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല. അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിംഗ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി ഞങ്ങള്‍ അമ്മയെ കാണാന്‍ പോവുകയാണ്.'
'ജീവന്‍ തിരികെ കിട്ടിയതിനും എനിക്കും എലിസബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു', എന്നാണ് വീഡിയോയിൽ ബാല പറഞ്ഞത്. ബാലയെ കണ്ടതും ആരതി ഉഴിഞ്ഞാണ് അമ്മ വീട്ടിലേക്ക് സ്വീകരിച്ചത്. 'എൻ തങ്കമേ... എൻ വൈരമേ...' എന്ന് ബാലയെ വിളിച്ച് അമ്മ വാരിപ്പുണരുന്നതും കരയുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ബാലയുടെ പുതിയ വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. അമ്മയുടെ സന്തോഷവും സ്നേഹവും കാണുമ്പോൾ മനസ് നിറയുന്നുവെന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്. ദൈവം നിങ്ങള്‍ക്കൊരു രണ്ടാം ജന്മം തന്നതാണ്. എന്നും സന്തോഷത്തോടെ ഇരിക്കുക. ഇനിയെന്തിനാണ് മരണത്തെക്കുറിച്ച് സംസാരിക്കുന്നത്.
ദൈവം ജീവിതം തിരികെ തന്നതല്ലേയെന്നുമായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. താൻ അഭിനയിക്കുന്ന പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ ബാല പറഞ്ഞിരുന്നു. ബാല എലിസബത്തിനെ വിവാഹം ചെയ്തശേഷം കുറച്ചുനാൾ ബാലയ്ക്കൊപ്പം അമ്മ താമസിച്ചിരുന്നു. അസുഖം മൂലമാണ് അമ്മ പിന്നീട് ചെന്നൈയ്ക്ക് മടങ്ങിയത്.


Click it and Unblock the Notifications