twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവ് അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു! പ്രസവശേഷമുള്ള അവസ്ഥയെ കുറിച്ച് നടി സമീറ റെഡ്ഡി

    |

    മാസങ്ങള്‍ക്ക് മുന്‍പാണ് നടി സമീറ റെഡ്ഡിയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകളുടെ വരവ് അത്രയധികം ആഘോഷമാക്കുകയാണ് സമീറ ചെയ്തത്. ഗര്‍ഭിണിയായിരുന്ന സമയത്തെ ഒരോ വിശേഷങ്ങളും നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. മാത്രമല്ല നിറവയറുമായി വെള്ളത്തിനടിയില്‍ നിന്നുള്ള ഫോട്ടോഷൂട്ടും തരംഗമായിരുന്നു.

    രണ്ടാമതും ഗര്‍ഭിണിയായതോടെയാണ് ആദ്യ ഗര്‍ഭകാലത്തെ കുറിച്ച് നടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. അതില്‍ പ്രധാന്മായും പ്രസവശേഷം താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പറഞ്ഞത്. മകന്‍ പിറന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന വിഷാദരോഗം മറികടക്കാന്‍ ഏറെ സമയമെടുത്തെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മമാര്‍ക്കെല്ലാം പ്രചോദനമാവുന്ന വിധം തന്റെ അനുഭവങ്ങള്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ നടി വീണ്ടും പറഞ്ഞിരിക്കുകയാണ്.

     സമീറയുടെ വാക്കുകളിങ്ങനെ

    അത്യാവശ്യം നല്ല ഉയരമുള്ള നാല്‍പതുകളില്‍ എത്തി നില്‍ക്കുന്ന ബോഡി ഷെയിമിങ്ങിന് ഇരയായി കൊണ്ടിരിക്കുന്ന വനിതയാണ് ഞാന്‍. എന്നാല്‍ ഞാനിങ്ങനെയാണെന്ന് അംഗീകരിക്കുന്നതിന് മുന്‍പ് തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്ന ഒരു കാലമുണ്ടായിരുന്നു. പ്രസവശേഷമുള്ള ഞാന്‍ ആ പഴയ ഞാനല്ല എന്ന തിരിച്ചറിവിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. ഗര്‍ഭവും പ്രസവവും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് എന്നോട് ആരും പറഞ്ഞ് തന്നിരുന്നില്ല. ഞാനെപ്പോഴും ചിന്തിച്ച് കൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂള്‍ മോം ആകുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല.

     സമീറയുടെ വാക്കുകളിങ്ങനെ

    എട്ട് മാസത്തോളം എനിക്ക് ബെഡ് റെസ്റ്റായിരുന്നു. സിസേറിയനിലൂടെയാണ് മകന്‍ ജനിച്ചത്. ഗര്‍ഭിണിയാകുന്ന സമയത്ത് 72 കിലോ ആയിരുന്നു എന്റെ ഭാരം. പ്രസവശേഷം അത് 105 കിലോ ആയി. തടി കൂടിയതിനൊപ്പം ഹോര്‍മോണുകളുടെ ബാലന്‍സും തെറ്റി. പ്രസവാനന്തര വിഷാദമെന്ന അവസ്ഥയാണ് എനിക്കെന്ന് പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല. കൈയിലൊരു ഓമനകുഞ്ഞ്, സുന്ദരമായൊരു വീട്, സ്‌നേഹ സമ്പന്നമായ ഭര്‍ത്താവ്, എല്ലാം എനിക്കുണ്ട്. പക്ഷേ അപ്പോഴും ആരും എനിക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദമെന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. അതിനെ കുറിച്ച് അറിയാത്ത അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളോടിത് തുറന്ന് പറയുന്നത്.

     സമീറയുടെ വാക്കുകളിങ്ങനെ

    സോഷ്യല്‍ മീഡിയിയലും പരസ്യങ്ങളിലുമെല്ലാം സെക്‌സി അമ്മമാരെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓര്‍മ്മ പോലും എനിക്ക് ഇല്ലാതെയായി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ച് കൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വിഷയത്തില്‍ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡി ഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് എന്നെ കുത്തിനോവിച്ചത്.

     സമീറയുടെ വാക്കുകളിങ്ങനെ

    പുറത്തൊക്കെ പോകുമ്പോള്‍ അവര്‍ എന്നോട് വന്ന് നിങ്ങള്‍ സമീറ റെഡ്ഡിയല്ലേ? നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? എങ്ങനെയാണ് ഇങ്ങനെയായതെന്ന് ഒക്കെ ചോദിക്കും. എന്റെ അറിവില്‍ പ്രസവശേഷം പഴയ ആകാരവടിവുള്ള ഒരു സ്ത്രീ പോലുമില്ല. എന്നിട്ടാണ് സ്ത്രീകള്‍ എന്നെ ജഡ്ജ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഞാനെന്റെ ശരീരത്തെ ഒരുപാട് വെറുത്തു. കണ്ണാടിയില്‍ എനിക്ക് എന്നെ കാണാന്‍ ഇഷ്ടമായിരുന്നില്ല. തടി വെച്ച എന്നെ കാണുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. പഴയ സമീറ എവിടെ പോയി എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

     സമീറയുടെ വാക്കുകളിങ്ങനെ

    എല്ലാവരും പഴയ സെക്‌സി സമീറ റെഡ്ഡിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ഇപ്പോഴുള്ള എന്നെ കുറിച്ച് ആരും സംസാരിച്ചില്ല. അത് എന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി. ഒരു പ്രസവം കഴിഞ്ഞതോടെയാണ് എനിക്ക് തടി കൂടിയതെന്ന് സ്ത്രീകള്‍ പോലും മനസിലാക്കാതെ ഇരുന്നത് എന്നെ വേദനിപ്പിച്ചു. സാരമില്ല സമീറ, എല്ലാം ശരിയാകും എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.

     സമീറയുടെ വാക്കുകളിങ്ങനെ

    ഭര്‍ത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു. എന്നാല്‍ അപ്പോഴൊക്കെയും അദ്ദേഹം എന്നെ ചേര്‍ത്ത് പിടിച്ചു. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഭയമായിരുന്നു. ഞാന്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമോ എന്ന്. എന്നാല്‍ അപ്പോഴെക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ ബോധവതിയായി. ഇംപെര്‍ഫക്ഷനാണ് എന്റെ പെര്‍ഫെക്ഷനെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ വയറിലുണ്ടായ പാടുകളെ രണ്ട് യുദ്ധങ്ങള്‍ക്ക് സമാനമായ മുറിപ്പാടുകളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്ത്രീകള്‍ എന്ന് സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നുവോ അന്ന് ജീവിത വിജയത്തിലേക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങുമെന്നും സമീറ പറയുന്നു.

    English summary
    Again Sameera Reddy Talks About Her Pregnancy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X