'കേൾക്കേണ്ടവർ അമ്പലത്തിൽ പോകൂ'; ലൗഡ് സ്പീക്കറിൽ ക്ഷേത്രത്തിൽ നിന്ന് പാട്ടും പ്രാർത്ഥനയും, പൊറുതിമുട്ടി അഹാന!
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നടിയും മോഡലുമായ അഹാന കൃഷ്ണ. സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവായതുകൊണ്ട് തന്നെ നല്ല സിനിമകളും കഥാപാത്രങ്ങളും വന്നാൽ മാത്രം ചെയ്യാമെന്ന തീരുമാനത്തിലാണ് താരം. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വീടിന് പരിസരത്തുള്ള ക്ഷേത്രത്തിൽ നിന്നും ഉയരുന്ന പാട്ടും പ്രാർത്ഥനകളും കാരണം ഒരാഴ്ചയായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളോട്... ഫെസ്റ്റിവൽ സീസണുകളിൽ ക്ഷേത്രത്തിനുള്ളിൽ സംഭവിക്കുന്നതും നടക്കുന്നതുമായ എല്ലാ കാര്യങ്ങളും എല്ലാവരും അറിയാൻ താൽപര്യപ്പെടുന്നുവെന്ന ചിന്ത ആദ്യം അവസാനിപ്പിക്കുക. ഉയർന്ന ശബ്‌ദത്തിൽ സ്പീക്കറിൽ പാട്ടും പ്രാർത്ഥനകളും പ്ലെ ചെയ്യുന്നത് അവസാനിപ്പിക്കു.

നിങ്ങൾ കേൾക്കുന്ന പ്രാർഥനയും പാട്ടും രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുന്നതാണ്. രാത്രി വൈകി പത്ത്, പതിനൊന്ന് മണിവരെ ഇത് ഇത്തരത്തിൽ ഉച്ചത്തിൽ സ്പീക്കറിൽ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. ഒരാഴ്ചയായി ഇത് തന്നെയാണ് സ്ഥിരം ഈ പ്രദേശത്ത് നടക്കുന്നത്. ക്ഷേത്രത്തിലെ പാട്ടും പ്രാർത്ഥനകളും കേൾക്കാൻ ആഗ്രഹിക്കുന്നവർ അമ്പലത്തിലേക്ക് ചെന്ന് കേൾക്കുക എന്നുമാണ് വീഡിയോ സഹിതം അഹാന കുറിച്ചത്.
മാത്രമല്ല അമ്പലത്തിൽ തമിഴ് ഡപ്പാം കൂത്ത് സോങ് ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തതിന്റെ വീഡിയോയും അഹാന പങ്കുവെച്ചു. അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്... ഇതൊക്കെ കേട്ടാൽ താനും പാട്ടിനൊപ്പം വൈബ് ചെയ്ത് പോകുമെന്നും അഹാന കുറിച്ചു. ദേവൂഡാ ദേവൂഡാ, സറക്ക് വെച്ച്റ്ക്കേൻ എന്നീ പാട്ടുകളാണ് ക്ഷേത്രത്തിൽ നിന്നും ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തത്.
അഹാനയുടെ വീടിനോട് ചേർന്നാണ് അമ്പലത്തിൽ നിന്നുമുള്ള സ്പീക്കർ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മരുതംകുഴിയിലാണ് അഹാനയും കുടുംബവും താമസിക്കുന്നത്. അഹാനയുടെ കുട്ടിക്കാലത്താണ് മരുതുംകുഴിയിൽ അച്ഛനും നടനുമായ കൃഷ്ണകുമാർ സ്ത്രീ എന്ന വീട് പണിതത്. ചെറിയ മിനുക്ക് പണികൾ ഇടയ്ക്കിടെ നടത്താറുണ്ടെന്നല്ലാതെ ഇരുപത് വർഷത്തിന് മുകളിൽ പഴക്കമുള്ള ഈ വീട്ടിൽ തന്നെയാണ് താരകുടുംബം വർഷങ്ങളായി താമസിക്കുന്നത്.
അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക പിറക്കും മുമ്പായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങ്. നടി ശ്രീവിദ്യ അടക്കമുള്ളവർ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എവിടെ യാത്ര പോയാലും കഴിയുന്നത്ര വേഗത്തിൽ തിരികെ വീട്ടിലെത്താൻ അഹാനയും ശ്രദ്ധിക്കാറുണ്ട്.

അഹാനയും സഹോദരിമാരും അമ്മ സിന്ധുവുമെല്ലാം യുട്യൂബ് ചാനലുമായും സജീവമായതുകൊണ്ട് തന്നെ ഈ താര കുടുംബത്തെ സ്ഥിരമായി സോഷ്യൽമീഡിയയിൽ പിന്തുടരുന്നവർക്ക് അഹാനയുടെ സ്ത്രീ എന്ന വീട് സുപരിചിതമാണ്. അഹാനയുടെയും അമ്മയുടേയും സഹോദരമാരുടേയും ഒട്ടുമിക്ക വീഡിയോകളും ഇതേ വീട്ടിൽ വെച്ച് തന്നെയാണ് എടുക്കാറുള്ളത്.
മക്കളുടെ ഷൂട്ടിങ് ആവശ്യത്തിനായി വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിലായി ഒരു സ്റ്റുഡിയോയും കൃഷ്ണകുമാർ നിർമിച്ചിട്ടുണ്ട്. ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് കൃഷ്ണകുമാറിന്റെ വീടിനെ കുറിച്ച് ആരാധകർ തമാശയായി പറയാറുള്ളത്. കൊവിഡ് കാലത്ത് ആരാധകൻ എന്ന പേരിൽ ഒരാൾ അഹാനയുടെ വീടിന്റെ മതിൽ ചാടി കടക്കാൻ ശ്രമിച്ചത് വാർത്തയായിരുന്നു.
പിന്നീട് പോലീസ് എത്തിയാണ് അയാളെ പിടികൂടിയത്. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇതിനോടകം സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ഒരു പരാതി പരസ്യമായി അഹാന പറയുന്നത്. നടിയ്ക്ക് മൂന്ന് സഹോദരിമാരാണുള്ളത്. അതിൽ ഇളയ സഹോദരിമാരായ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. നടിയുടെ മൂന്നാമത്തെ സഹോദരി ദിയ ബിസിനസിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications