വീട്ടുകാരോടൊപ്പമുള്ള ഫോട്ടോസ് കണ്ടാൽ സന്തോഷത്തിലാണെന്ന് തോന്നും, പക്ഷെ..: അഹാന പറയുന്നു
അഹാന കൃഷ്ണ ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇൻഫ്ളുവൻസർമാരിൽ പ്രധാനിയാണ്. അഹാന മാത്രമല്ല, താരത്തിന്റെ മൂന്ന് സഹോദരിമാരും ഇന്ന് സോഷ്യൽ മീഡിയ രംഗത്തെ സെലിബ്രിറ്റികളാണ്. നാല് പേരും വ്യത്യസ്തമായ കോൺടെന്റുമായി പ്രേക്ഷകരെ രസിപ്പിക്കാറുണ്ടെങ്കിലും, അച്ഛൻ കൃഷ്ണ കുമാറും, അമ്മ സിന്ധുവും, മക്കളും ഒത്തൊരുമിച്ചുള്ള വിഡിയോകൾക്ക് ആരാധകർ കൂടുതലാണ്. പ്രത്യേകിച്ച്, അഹാനയും കുടുംബവും ഒന്നിച്ചുള്ള ട്രാവൽ വ്ലോഗുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതിന് താരത്തിന് ഷൂട്ട് ചെയ്യാനും, എഡിറ്റ് ചെയ്യാനുമുള്ള കഴിവും ഒരു വലിയ കാരണമാണ്.
അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ, യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ലൂക്ക താരം, തന്റെ ട്രിപ്പുകളെ കുറിച്ച് മനസ്സ് തുറന്നിരുന്നു. തന്റെ കുടുംബത്തോടൊപ്പവും, സുഹൃത്തുക്കളോടൊപ്പവും യാത്രകൾ പോവാറുള്ള അഹാന കൃഷ്ണ, ഈ രണ്ടു ട്രിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസത്തെ കുറിച്ചും വെളിപ്പെടുത്തി. ഫാമിലി ട്രിപ്പുകൾ ആകെ ബഹളമയമാണെന്നാണ് താരം പറഞ്ഞത്. ഫോട്ടോകളിൽ കാണുന്ന ചിരിച്ച മുഖങ്ങൾക്ക് പിന്നിലെ സത്യവും അഹാന തുറന്നു പറഞ്ഞു.

"ഫാമിലിയും ഫ്രണ്ട്സുമായിട്ട് പോവുന്ന യാത്രകളിൽ ഏറ്റവും ആസ്വദിക്കുന്നത് ഏതാണ്," എന്ന അവതാരകയുടെ ചോദ്യത്തിന്, രസകരമായിട്ടാണ് അഹാന കൃഷ്ണ മറുപടി പറഞ്ഞത്. "സ്വാഭാവികമായിട്ടും ഡ്രാമ കുറവ് നമ്മൾ കൂട്ടുകാരുമായിട്ട് യാത്ര പോവുമ്പോഴാണ്. വീട്ടുകാരുമായിട്ട് യാത്ര പോവുമ്പോൾ, കറക്റ്റ് സിനിമയിൽ കാണുന്നത് പോലത്തെ - മറ്റേ സീൻ ഉണ്ടല്ലോ - നമ്മൾ പോസ് ചെയ്യുന്നത് കാണുമ്പോൾ തോന്നും ഭയങ്കര ഹാപ്പി ഫോട്ടോ ആണെന്ന്. പക്ഷെ ഇതിന്റെ പിന്നിൽ നടന്നത് (അത് വേറെ ആയിരിക്കും)," ഒരു ചിരിയോടെ പ്രശസ്ത ഇൻഫ്ലുവെൻസർ വെളിപ്പെടുത്തി.

"മറ്റേ 'ഫാലിമി' എന്ന സിനിമയിൽ അവർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ വച്ച് എല്ലാവരും കൂടി അടിച്ച് പിരിയുന്ന ഒരു സീൻ ഉണ്ടല്ലോ... അതൊക്കെ നമ്മുടെ എല്ലാ ഫാമിലി ട്രിപ്പിലും വളരെ സർവ്വസാധാരണമായിട്ട് സംഭവിക്കുന്നതാണ്. ഫോട്ടോയൊക്കെ കാണുമ്പോൾ ഭയങ്കര ഹാപ്പി എല്ലാവരും. പക്ഷെ അവിടെ അടിച്ച് പിരിഞ്ഞു ആറ് പേരും എട്ട് വഴിക്കൊക്കെ പോവുന്ന അവസ്ഥയാണ്," അഹാന കൃഷ്ണ വെളിപ്പെടുത്തി. ഒപ്പം ട്രാവൽ വ്ലോഗ് ഒക്കെ ഇടുന്ന കാര്യത്തിൽ പൊതുവെ താൻ അത്ര ധൃതി വയ്ക്കുന്ന കൂട്ടത്തിൽ അല്ലെന്നും, തിരക്ക് പിടിച്ച് അതൊക്കെ ആദ്യം ചെയ്യുന്ന ആൾ അനിയത്തി ദിയ കൃഷ്ണയാണെന്നും താരം പറഞ്ഞു.
"പണ്ടൊക്കെ നമ്മൾ ട്രിപ്പ് പോവുമ്പോൾ സ്ഥലം എത്തുമ്പോൾ തന്നെ ഓസി ആദ്യത്തെ വ്ലോഗ് ഒക്കെ ഇടും. അപ്പൊ ഇഷാനിയും, അമ്മയും, ഹൻസുവും ഒക്കെ പറയും, "എന്താ ഓസി, ഒന്ന് വെയിറ്റ് ചെയ്തത് പോലുമില്ലല്ലോ," എന്നൊക്കെ. പക്ഷെ ഞാൻ പൊതുവെ കാര്യമാക്കാറില്ല. കാരണം എനിക്ക് ഇപ്പോഴും ഒരു സ്ഥലത്ത് പോയിട്ട് അവിടുത്തെ വ്ലോഗ് ഒക്കെ എടുക്കുകയാണെങ്കിൽ ഞാൻ അതിനെ വളരെ സീരിയസ് ആയി കണ്ടായിരിക്കും ഞാൻ എടുക്കുന്നത്. അപ്പോൾ എനിക്കത് ശടപടേ എന്ന് എടുത്ത് ഇടാനൊന്നും പറ്റില്ല. അങ്ങനെ ചെയ്താൽ പെർഫെക്ഷൻ കൊടുക്കാൻ പറ്റില്ലല്ലോ," അഹാന വിശദീകരിച്ചു.


Click it and Unblock the Notifications