'പഴക്കം തോന്നുന്നതേയില്ല... ക്യൂട്ട്നെസ് ഓവർലോഡഡ്'; ഭാവനയ്ക്കൊപ്പം പോസ് ചെയ്ത് യുവതാരസുന്ദരിയും സഹോദരിമാരും!
നടി, യുട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 29 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അഹാന തന്‍റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഹാനയുടെ യുട്യൂബ് വീഡിയോകള്‍ക്ക് മാത്രമായി തന്നെ ഒരു വിഭാഗം ആരാധകരുമുണ്ടെന്നും പറയാം.
അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അഹാന പങ്കിട്ട ഒരു ഫോട്ടോയാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. അഹാനയും സഹോദരിമാരും ഒപ്പം ഒരു സെലിബ്രിറ്റിയേയും കാണാം.

അഹാനയ്ക്കൊപ്പമുള്ള സെലിബ്രിറ്റി മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ഭാവനയാണ്. മലയാള സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങുന്നതേയുള്ളു ആ സമയത്ത് ഭാവനയെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. അഹാനയ്ക്കൊപ്പം സഹോദരിമാരായ ദിയയും ഇഷാനിയുമുണ്ട്. ആ സമയത്ത് അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക പിറന്നിട്ടില്ല.
കൗമാരപ്രായത്തിൽ സിനിമയിലെത്തിയ ഭാവനയെ കാണാൻ വന്ന് ഒപ്പം കൗതുകത്തോടെ ഇരുന്ന് കുഞ്ഞ് താരപുത്രിമാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാൻ വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകൾ. മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലമായിട്ടും കുട്ടിക്കാലത്തെ മക്കളുടെ ഇത്തരം നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ ഫോട്ടോയാക്കി കൃഷ്ണകുമാറും ഭാര്യ സിന്ധുവും സൂക്ഷിച്ചിട്ടുണ്ട്.
ഏത് പ്രായത്തിലെ ഫോട്ടോ ചോദിച്ചാലും അഹാനയുടെ പക്കലുണ്ടാകും. ഭാവനയ്ക്ക് അരികിലായാണ് ദിയയും അഹാനയും ഇരിക്കുന്നത്. ഇഷാനിയെ ഭാവന മടിയിൽ ഇരുത്തിയിരിക്കുകയാണ്. പഴയ ചുരുണ്ട മുടി സ്റ്റൈലിൽ ഒരു ചെറിയ കറുത്തപൊട്ടൊക്കെ വെച്ച് ശാലീന സുന്ദരിയാണ് ചിത്രത്തിൽ ഭാവന. ഫോട്ടോയിലെ അഹാനയെ കാണുമ്പോൾ ഏഴ് വയസ് പ്രായമെ തോന്നിക്കുകയുള്ളു.
നമ്മൾ സിനിമയിൽ സഹനടിയായി കരിയർ ആരംഭിച്ച ഭാവന ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള മുൻനിര നായികയാണ്. കന്നടയിലാണ് താരം സജീവം. ഇടയ്ക്ക് മലയാളത്തിലും സിനിമകൾ ചെയ്യാറുണ്ട്. കന്നട സിനിമാ നിർമാതാവ് നവീനെ വിവാഹം ചെയ്തതോടെ ഭാവന ബെംഗളൂരുവിലാണ് താമസം. അതുകൊണ്ട് തന്നെ ഭാവനയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ അറിയാറുള്ളത്.

മുപ്പത്തിയേഴുകാരിയായ ഭാവന 2002 മുതലാണ് മലയാള സിനിമയുടെ ഭാഗമായത്. ന്റിക്കാക്കാക്കൊരു പ്രമണ്ടാർന്ന്, റാണി ദി റിയൽ സ്റ്റോറി എന്നിവയാണ് ഭാവനയുടെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമകൾ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഇനി ഭാവനയുടേതായി റിലീസിന് എത്താനുള്ളത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഹൊറർ ത്രില്ലറായ ചിത്രത്തിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
ഭാവനയെപ്പോലെ തന്നെ സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ള യുവനടിയാണ് അഹാന കൃഷ്ണ. സംവിധാനത്തിലും താൽപര്യമുള്ള അഹാന ഇതിനോടകം ചില ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്നു. പാച്ചുവും അത്ഭുത വിളക്കുമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അഹാനയുടെ സിനിമ.


Click it and Unblock the Notifications