തെലുങ്കിൽ വേറൊരു സിനിമയ്ക്കും വിളിക്കില്ല, പലരും എന്നെ ഉപദേശിച്ചിരുന്നു; ഐശ്വര്യ ലക്ഷ്മി
മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയാണ് നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടേവള മുതൽ റിലീസ് ചെയ്യാനിരിക്കുന്ന കുമാരി എന്ന സിനിമ വരെ എത്ത നിൽക്കുന്നു ഐശ്വര്യയിടെ സിനിമാ യാത്ര. മറ്റു നായിക നടിമാരിൽ നിന്ന് വ്യത്യസ്തമായി ചെയ്ത എല്ലാ സിനിമകളിലും തന്റെതായ സാന്നിധ്യം അറിയിക്കാൻ ഐശ്വര്യക്ക് സാധിച്ചു.
ഗാന രംഗങ്ങളിൽ വന്നു പോവുന്ന നായികാ വേഷം നടി ഇതുവരെ ചെയ്തിട്ടും ഇല്ല. മറുഭാഷാ സിനിമകളിലും ഈ വ്യത്യസ്തത കാണിക്കാൻ ഐശ്വര്യക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയ പ്രധാന്യമുള്ള പൂങ്കുഴലി എന്ന വേഷമാണ് ഐശ്വര്യക്ക് ലഭിച്ചത്. തെലുങ്കിൽ ചെയ്ത അമ്മു എന്ന സിനിമയിലും ടൈറ്റിൽ കഥാപാത്രം ഐശ്വര്യ തന്നെ. റിയലിസ്റ്റിക് അഭിനയവും സ്ക്രിപ്റ്റ് സെലക്ഷനുമാണ് ഐശ്വര്യയുടെ കരിയർ വളർച്ചയ്ക്ക് കാരണമെന്ന് സിനിമാ ലോകം പറയുന്നു.
വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, മായാനദി എന്നീ തുടർച്ചയായ മൂന്ന് സിനിമകളിൽ ഹിറ്റടിച്ച ശേഷമാണ് നടി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ. ഓരോ കഥാപാത്രവും തന്നിലേക്ക് എത്തിപ്പെടുകയായിരുന്നെന്ന് ഐശ്വര്യ പറയുന്നു. തെലുങ്കിൽ അമ്മു എന്ന സിനിമ ചെയ്യാനിരുന്നപ്പോൾ ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും നടി സംസാരിച്ചു.

മായാനദിയിൽ അപ്പുവാകാൻ ഞാൻ വിധിക്കപ്പെട്ടതായിരുന്നു. മായാനദിയിൽ വേറൊരാളെ കാസ്റ്റ് ചെയ്തെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് ആ സിനിമ എന്റെയടുത്ത് വരുന്നത്. പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രമായിരുന്നില്ല, വാനതി എന്ന കഥാപാത്രം ആയിരുന്നു ആദ്യം തന്നത്. അമ്മു എന്ന സിനിമ ചെയ്യരുതെന്ന് എന്നോട് പലരും പറഞ്ഞു.
തെലുങ്കിൽ ഇങ്ങനത്തെ സിനിമ ചെയ്യരുത്. പിന്നെ വേറൊരു സിനിമയ്ക്കും ഐശ്വര്യയെ വിളിക്കില്ലെന്ന് പറഞ്ഞു. ആണല്ലേ എന്ന് ചോദിച്ച് സിനിമയ്ക്ക് ഒപ്പു വെക്കുകയാണ് താൻ ചെയ്തതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഫിലിം കംപാനിയനോടാണ് പ്രതികരണം.

കുമാരി എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെയും സുരഭി ലക്ഷ്മിയുടെയും മികച്ച പ്രകടനമാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എല്ലാം നിരീക്ഷിക്കുന്ന ഒരു കഥാപാത്രമാണ് സിനിമയിൽ ഭൂരിഭാഗം സമയവും എന്റേത്. അധികം അഭിനയിക്കാനില്ല. പക്ഷെ ഷൈനിന്റെയും സുരഭിയുടെയും പ്രകടനം കാണുന്നത് വളരെ നല്ല അനുഭവമായിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അഭിമുഖങ്ങളിൽ കാണുന്ന ഷൈനല്ല സിനിമാ സെറ്റിലെന്നും ഐശ്വര്യ പറഞ്ഞു. കഥാപാത്രത്തെ വളരെയധികം ഷൈൻ ഉൾക്കൊണ്ടിട്ടുണ്ടെന്നും നടി പറഞ്ഞു. മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട് ആണ് ഐശ്വര്യയുടെ അവസാനം റിലീസ് ചെയ്ത സിനിമ. പക്ഷെ സിനിമ വലിയ വിജയം ആയിരുന്നില്ല. മലയാളത്തിൽ കുമാരി എന്ന സിനിമയിലൂടെ ഐശ്വര്യ വീണ്ടും ശക്തമായ സാന്നിധ്യമായി മലയാളത്തിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications