സെക്‌സിയായ കഥാപാത്രമാണ്, ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ! ആ തീരുമാനത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ നിന്നും തെന്നിന്ത്യയിലാകെ തരംഗമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏറ്റവുമൊടുവില്‍ മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് തരംഗമായിരിക്കുകയാണ്.
സൂപ്പര്‍താരങ്ങളെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത സിനിമയില്‍ വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ആ കഥാപത്രം കുറച്ച് സെക്‌സി ആയിരിക്കുമെന്ന് സംവിധായകന്‍ ആദ്യമേ തന്നോട് പറഞ്ഞിരുന്നതായിട്ടാണ് നടി പറയുന്നത്. അത് ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചും ശേഷമുണ്ടായ കഥകളുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഐശ്വര്യ പറഞ്ഞത്.

'പൂങ്കുഴലി സെക്‌സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.
സെക്‌സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹമെന്ന്', ഐശ്വര്യ പറയുന്നു.

'സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നത് കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോള്‍ഡ് പെണ്‍കുട്ടിയെന്ന് എടുത്ത് പറയുന്നതില്‍ നിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെണ്‍കുട്ടികളുടെ ബോള്‍ഡ്‌നെസ്.
സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്‌നേഹമില്ലാത്തവളല്ല. എന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്‌നേഹിക്കുന്ന, ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന, കാമുകനെ സ്‌നേഹിക്കുന്ന അലിവുള്ള സ്ത്രീയായിരുന്നു'.

'ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ എത്തപ്പെട്ട മേഖലയാണ് സിനിമയെന്നാണ് ഐശ്വര്യ പറയുന്നത്. ഇവിടെ നിന്ന് എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍സാധിച്ചു. ആഷിക് അബു മായനദിയില്‍ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നല്‍കി.
അന്ന് മുതല്‍ ഓരോ കഥാപത്രവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഓരോന്നില്‍ നിന്നും പഠിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും' നടി പറയുന്നു.

മാത്രമല്ല സിനിമയില്‍ വന്നതിന് ശേഷമുള്ള സൗഹൃദത്തെ കുറിച്ചും ഐശ്വര്യ അഭിപ്രായപ്പെട്ടിരുന്നു. 'സിനിമയ്ക്ക് മുന്‍പുള്ള അതേ ആത്മാര്‍ഥ സുഹൃത്തുക്കളാണ് ഇന്നും കൂടെയുള്ളത്. ഒന്നോ രണ്ടോ പേര്‍ കൂടി ചേര്‍ന്നു എന്ന് മാത്രം.
എന്ത് കാര്യവും തുറന്ന് പറയാന്‍, വഴക്ക് പറയാന്‍, ഉപദേശിക്കാന്‍, സ്വതന്ത്ര്യമുള്ള വളരെ കുറച്ച് പേരേയുള്ളു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സൗഹൃദങ്ങളെല്ലാം നല്ല നിലയില്‍ നിലനിര്‍ത്തുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കുകയാണ് നടി ഐശ്വര്യ. അമ്മു എന്ന ചിത്രമാണ് തെലുങ്കിൽ നിന്നും പുറത്തിറങ്ങിയത്. തമിഴിൽ ഖാട്ട ഗുസ്തി എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തി. ഇനി ക്രിസ്റ്റഫർ, കിംഗ് ഓഫ് കോത എന്നിങ്ങനെ രണ്ട് മലയാള ചിത്രങ്ങൾ കൂടിയാണ് ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











