എന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങാറില്ല, അവർ സ്വയം പര്യാപ്തർ, വൈകി മനസിലാക്കിയ കാര്യം; ഐശ്വര്യലക്ഷ്മി
വല്ലപ്പോഴും മാത്രം സിനിമകൾ ചെയ്യുന്ന താരസുന്ദരിയാണ് നടി ഐശ്വര്യലക്ഷ്മി. എന്നാൽ അങ്ങനെ ചെയ്യുന്ന സിനിമകൾക്ക് എല്ലാം മിനിമം ക്വാളിറ്റി ഉണ്ടാവും. ഐശ്വര്യലക്ഷ്മി സിനിമകൾക്ക് കയറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകവും ഇതുതന്നെയാണ്. പരസ്യ ചിത്രങ്ങളിൽ മോഡലായി കരിയർ ആരംഭിച്ച താരം ഇന്ന് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നായികയായി വളർന്ന് കഴിഞ്ഞു. വളരെ പെട്ടന്നാണ് മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഐശ്വര്യ ലക്ഷ്മിയുടെ പേരും ചേർക്കപ്പെട്ടത്.
മായാനദി, വരത്തൻ സിനിമകളിലെ പ്രകടനമാണ് നടിയുടെ കരിയറിൽ ബ്രേക്ക് ത്രൂവായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് സജീവമാണ് താരം. ഇപ്പോഴിതാ തന്റെ കൊച്ചുകുടുംബത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ചെറിയ പ്രായത്തിൽ തന്നെ പണം സമ്പാദിച്ച് അച്ഛനും അമ്മയ്ക്ക് വേണ്ടത് ചെയ്ത് കൊടുക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കളെ കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു രൂപ പോലും മാതാപിതാക്കൾ ചോദിക്കുകയോ വാങ്ങുകയോ ചെയ്യാറില്ലെന്ന് താരം പറയുന്നു.
ചെറിയൊരു ട്വിസ്റ്റുണ്ട് എന്ന് പറഞ്ഞാണ് നടി സംസാരിച്ച് തുടങ്ങിയത്. എന്റെ മാതാപിതാക്കൾ എന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങാറില്ല. നല്ല രീതിയിലാണ് അവർ ചെയ്യുന്നത്. കാരണം അവർ രണ്ടുപേരും ഗവൺമെന്റ് ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ റിട്ടയറായി വിശ്രമ ജീവിതം നയിക്കുകയാണ്. ആത്മാഭിമാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് രണ്ടുപേരും. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ പച്ചക്കറി, പഴങ്ങൾ മുതലായവ വാങ്ങി കൊണ്ടുപോകും.
അതൊക്കെ അവർ സ്വീകരിക്കും. അതല്ലാതെ മറ്റൊന്നിനും അവർ എന്നെ ആശ്രയിക്കുകയോ ഞാൻ പണം കൊടുത്താൽ സ്വീകരിക്കുകയോ ചെയ്യില്ല. രണ്ടുപേരും സ്വയം പര്യാപ്തരാണ്. ഈ പ്രായത്തിലും തങ്ങൾക്ക് എന്ത് വേണമെങ്കിലും തങ്ങളുടെ കയ്യിലുള്ള പണം കൊണ്ട് വാങ്ങണം. അതാണ് രണ്ടുപേർക്കും ഇഷ്ടം. ഞാൻ പലവട്ടം രണ്ടുപേരെയും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ നിർബന്ധിച്ചുവെങ്കിലും നടന്നില്ല.
ഇഷ്ടപ്പെട്ട സാരികൾ കാണുമ്പോൾ ഞാൻ വാങ്ങിത്തന്നോട്ടെയെന്ന് അമ്മയോട് ചോദിക്കും ചിലപ്പോഴൊക്കെ എന്റെ നിർബന്ധം മൂലം ഞാൻ വാങ്ങി കൊടുത്തത് അമ്മ സ്വീകരിച്ചിട്ടുമുണ്ട്. അതിനുപോലും ഒരുപാട് നിർബന്ധിക്കേണ്ടി വന്നു. കാരണം അത്തരം കാര്യങ്ങൾ താൽപര്യമുള്ളവരല്ല ഇരുവരും. തങ്ങളെ ഫ്രീയായി വിടുന്നതാണ് രണ്ടുപേർക്കും ഇഷ്ടം.

ഇക്കാര്യം ഞാൻ വൈകിയാണ് മനസിലാക്കിയത്. അവർ രണ്ടുപേരും ഹാപ്പിയായി ഇരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വൈകിയാണ് തിരിച്ചറിഞ്ഞത്. ഞാൻ ഹാപ്പിയായി ഇരിക്കുന്നത് കാണുന്നതാണ് എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷം. ഞാൻ സുരക്ഷിതയായിരിക്കണം, ആരോഗ്യത്തോടെ ഇരിക്കണം, മെന്റൽ പ്രഷർ ഞാൻ അനുഭവിക്കരുത് ഇതൊക്കെയാണ് അവരുടെ സന്തോഷം.
ഇതൊക്കെ മനസിലാക്കിയശേഷം ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷവും സമാധാനവും അനുഭവിച്ച് തുടങ്ങി. എന്റെ അമ്മ ഒരു അയേൺ ലേഡിയാണ്. ചെറിയ പ്രായം മുതൽ സ്വയം പര്യാപ്തയാകാൻ അമ്മ എന്നെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. അത് ഇപ്പോഴും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. അത്തരത്തിൽ വളർന്നത് തീരുമാനങ്ങൾ എടുക്കുമ്പോൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്.
എനിക്ക് വേണ്ടത് ചെയ്യാൻ എനിക്ക് ഞാൻ മതി. മറ്റൊരാളുടെ സഹായം ആവശ്യമില്ല. അത് എന്റെ അമ്മ എന്നെ പഠിപ്പിച്ചതാണെന്നും ഐശ്വര്യലക്ഷ്മി പറയുന്നു. ഗാട്ട ഗുസ്തി 2 ആണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications


