അടുത്ത് മകളും ഭർത്താവുമുണ്ട്, എന്നെ കണ്ടതോടെ മുഖം മാറി; ഐശ്വര്യ ചെവിയിൽ പറഞ്ഞത്: ദീപ വെങ്കട്ട്
ഐശ്വര്യ റായുടെ വ്യക്തി ജീവിതം സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട് എന്നാൽ താരം ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. ഗോസിപ്പുകളോട് നടി ഏറെക്കാലമായി പ്രതികരിക്കാറില്ല. സിനിമാ രംഗത്ത് വല്ലപ്പോഴുമേ ഐശ്വര്യ റായ് ഇന്ന് സാന്നിധ്യം അറിയിക്കുന്നുള്ളൂ. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് നടിയെ അവസാനമായി പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ റോളാണ് ഐശ്വര്യ ചെയ്തത്.
ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവിസ്മരണീയമാക്കി. ഐശ്വര്യ റായ്ക്കല്ലാതെ മറ്റൊരു നടിക്കും ഈ റോൾ ചെയ്യാനാകില്ലെന്ന് മണിരത്നത്തിന് ഉറപ്പായിരുന്നു. ഐശ്വര്യയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം ഈ കഥാപാത്രത്തിനാവശ്യമാണെന്നതായിരുന്നു പ്രധാന കാരണം.

പൊന്നിയിൻ സെൽവന്റെ തമിഴ് പതിപ്പിൽ ഐശ്വര്യക്ക് വേണ്ടി ഡബ് ചെയ്തത് നടിയും പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ദീപ വെങ്കട്ട് ആണ്. നയൻതാരയ്ക്ക് ഇന്ന് ഒട്ടുമിക്ക തമിഴ് സിനിമകളിലും ഡബ് ചെയ്യുന്നത് ദീപ വെങ്കട്ട് ആണ്. പൊന്നിയിൻ സെൽവന്റെ സക്സസ് മീറ്റിന് ഐശ്വര്യ റായെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദീപ വെങ്കട്ടിപ്പോൾ.
ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങളിലൊന്നാണത്. സംവിധായകൻ എന്നെ ഐശ്വര്യക്കടുത്തേക്ക് കൊണ്ട് പോയി. വെറുതെ എന്നെ കൂട്ടിക്കൊണ്ട് പോയി എല്ലാവർക്കും സെൽഫി നൽകുന്നത് പോലെ വേണ്ട, ഞാൻ എന്താണ് ചെയ്തതെന്ന് അവരോട് പറയെന്ന് പറഞ്ഞു. അവരെ ചുറ്റി വലിയ കൂട്ടം ഉണ്ടായിരുന്നു. ഭർത്താവും മകളുമെല്ലാം അടുത്തുണ്ട്. ഞാനാണ് അവർക്ക് ഡബ് ചെയ്തതെന്ന് അവർ അറിയണം. അറിയാതെയും ഹായ് പറഞ്ഞാൽ ഞാൻ ഹാപ്പിയാണ്. പക്ഷെ ഞാനൊരുപാട് അധ്വാനിച്ചിട്ടുണ്ട്.

അടുത്ത് പോയി പറഞ്ഞപ്പോൾ അവരുടെ മുഖം ആകെ മാറി. പെട്ടെന്ന് ഞങ്ങൾ രണ്ട് പേരുമേ ആ സ്ഥലത്തുള്ളൂ എന്ന് തോന്നി. കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. കാതിനടുത്ത് വന്ന് ഞാൻ വളരെ കഠിനാധ്വാനം ചെയ്തതാണ്, അത് വളരെ മനോഹരമായി നിങ്ങൾ അവതരിപ്പിച്ചു. ഞാൻ വളരെ സന്തോഷവതിയാണ്, വളരെ നന്ദി എന്ന് പറഞ്ഞു. മനോഹരമായ നിമിഷമായിരുന്നു അതെന്ന് ദീപ വെങ്കട്ട് ഓർത്തു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് ഇവർ അനുഭവം പങ്കുവെച്ചത്.
പൊന്നിയിൻ സെൽവന്റെ ഹിന്ദി പതിപ്പിൽ ഐശ്വര്യ റായ് തന്നെയാണ് ഡബ് ചെയ്തത്. തമിഴിൽ നടി എപ്പോഴും ഡബ് ചെയ്യാറാണ് പതിവ്. ഉച്ചാരണ പ്രശ്നങ്ങളാണ് ഇതിന് കാരണം. അതേസമയം ഹിന്ദിയിൽ മറ്റാരെക്കൊണ്ടും ഐശ്വര്യ ഡബ് ചെയ്യിക്കാറില്ല. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
തിരക്ക് പിടിച്ച് ഇന്ന് ഐശ്വര്യ സിനിമ ചെയ്യാറില്ല. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് നടി. മണിരത്നം എന്നും മികച്ച സിനിമകൾ ഐശ്വര്യക്ക് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഗുരു, രാവൺ തുടങ്ങിയ സിനിമകളിലും നടി മണിരത്നത്തിന്റെ നായികയായി.


Click it and Unblock the Notifications