വിജയ് എന്ത് പണിയാണ് കാണിച്ചത്, ഫോണ്‍ ചെയ്താല്‍ ഉറപ്പായും അത് ഞാന്‍ പറയും: ഐശ്വര്യ രാജേഷ്
തമിഴില്‍ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ വ്യക്തിയാണ് ഐശ്വര്യ രാജേഷ്. തെലുഗു സിനിമയായ റംബാന്തു എന്ന സിനിമയിലെ ഒരു പാട്ടു സീനില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ രാജേഷ് ക്യാമറയ്ക്ക് മുന്നില്‍ ആദ്യം എത്തുന്നത്.
തമിഴ് ടെലിവിഷന്‍ ചാനലിലെ ഒരു ഷോ ആങ്കര്‍ ചെയ്തുകൊണ്ടാണ് ഐശ്വര്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചില സിനിമകളില്‍ സൈഡ് റോളുകളില്‍ അഭിനയിച്ചെങ്കിലും റമ്മി, പണ്ണിയാറും പത്മിനിയും തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.

തുടര്‍ന്ന് കാക്ക മുട്ടൈ, മനിതന്‍, കുട്രമേ ദണ്ഡനൈ, ചെക്ക ചിവന്ത വാനം, വട ചെന്നൈ, തിട്ടം ഇരണ്ട്, ഫര്‍ഹാന റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ്, പുലിമട തുടങ്ങിയ മലയാളം ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചു.
ഇപ്പോഴിതാ ഐശ്വര്യ രാജേഷ് ജെ എഫ് ഡബ്ല്യു അവാര്‍ഡ് ചടങ്ങില്‍ വിജയിയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് വൈറല്‍ ആകുന്നത്. ഒപ്പം തന്റെ സിനിമകളില്‍ ഒരു കാലത്തിന് ശേഷം വന്ന മാറ്റത്തെക്കുറിച്ചും ഐശ്വര്യ രാജേഷ് പങ്കുവെച്ചു. താന്‍ ചെയ്ത കഥാപാത്രങ്ങളിലെല്ലാം താന്‍ ഒത്തിരി ഹാപ്പിയാണെന്നും ഐശ്വര്യ പറഞ്ഞു.
ആരെങ്കിലും നമ്മളെ വിളിച്ച് ഒരു അവസരം തരുമോ എന്ന് ചോദിച്ചിരുന്ന കാലത്ത് നിന്ന് ഇന്ന് നിങ്ങള്‍ക്ക് വേണ്ടി കഥയെഴുതുന്നു എന്ന് പറയുമ്പോള്‍ അത് ഒരു നല്ല ഫീലിംഗ് തന്നെയാണ്. പ്രത്യേകം സിനിമകള്‍ ചെയ്യണം എന്ന് പറയുന്നത് പോലെ ഒന്നുമില്ല. പക്ഷെ ചെയ്യുന്ന, കിട്ടുന്ന സിനിമകള്‍ നന്നായി ചെയ്യാന്‍ കഴിയണം എന്നതാണ് ആഗ്രഹമെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.
ഏത് കഥാപാത്രം ലഭിച്ചാലും അതിന് പരിപൂര്‍ണ പരിഗണന കൊടുത്ത് ചെയ്യാന്‍ കഴിയണം. പക്ഷെ കിട്ടിയ കഥാപാത്രങ്ങള്‍ ഒക്കെ വെച്ച് ഞാന്‍ ഹാപ്പിയാണ്. ഞാന്‍ ഇതിന് മുമ്പെ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രങ്ങള്‍ തന്നെയാണ്. തലൈവര്‍ രജിനികാന്തിനൊപ്പം പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ഐശ്വര്യ പറഞ്ഞു.
അത് ഇതുവരെ നടന്നിട്ടില്ല. ചെറിയ വയസിലേ രജിനി സാറിനെ ഒത്തിരി ഇഷ്ടമാണ്. ഷാരൂഖ് ഖാനെയും ഒത്തിരി ഇഷ്ടമാണ്. അത് നടന്നാല്‍ ഞാന്‍ ഒത്തിരി ഹാപ്പിയായിരിക്കും. വെട്രിമാരന്‍ അടുത്ത സുഹൃത്താണ്. മനസിന് എന്തെങ്കിലും ദുഃഖം തോന്നിയാല്‍ അദ്ദേഹത്തെ വിളിച്ചാല്‍ ഭയങ്കര ആശ്വാസമാണ്.

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. അതുപോലെ വളരെ കൂള്‍ ആയ സംവിധായകനെ വേറെ കണ്ടിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ദളപതി വിജയ് സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അദ്ദേഹം എന്ത് പണിയാണ് കാണിച്ചത്. ഇനി അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് നമ്മുടെ അടുത്ത് ഒരു ബോംബ് പൊട്ടിച്ചിരിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു.
അദ്ദേഹത്തെ ഫോണ്‍ ചെയ്ത് സംസാരിക്കുകയാണെങ്കില്‍, അവസാന സിനിമ എന്നൊക്കെ പറഞ്ഞത് എന്തിനാണ്. അങ്ങനത്തെ തീരുമാനം ഒന്നും എടുക്കരുത് എന്ന് അദ്ദേഹത്തോട് പറയും. നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരൂ. അതിനൊപ്പം സിനിമയും ചെയ്യൂ എന്ന് അദ്ദേഹത്തോട് പറയുമെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.


Click it and Unblock the Notifications